Connect with us

Ongoing News

ഏപ്രൺ വികസനം; കരിപ്പൂരിലെ ഹജ്ജ് സർവീസ് ആശങ്കയിൽ

വിമാന സർവീസ് നിയന്ത്രണം 15 മുതൽ ആറ് മാസം

Published

|

Last Updated

കൊണ്ടോട്ടി | കരിപ്പൂർ വിമാനത്താവള റൺവേ ബലപ്പെടുത്തൽ ഈ മാസം 15ന് ആരംഭിക്കാനിരിക്കെ ഇത്തവണയും കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് സർവീസ് മുടങ്ങുമെന്ന് ആശങ്ക. 15ന് തുടങ്ങി ആറ് മാസത്തേക്കാണ് റൺവേ ബലപ്പെടുത്തൽ ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നത്. ഈ കാലയളവിൽ പകൽ സമയങ്ങളിൽ വിമാന സർവീസുകൾ എയർപോർട്ട് അതോറിറ്റി ഒഴിവാക്കിയതിനാൽ ഹജ്ജ് വിമാന സർവീസുകളെയും ഇത് ബാധിക്കുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്.

കരിപ്പൂരിൽ പ്രതിദിനം 30ഓളം സർവീസുകൾ നടക്കുന്നുണ്ട്. ഈ സർവീസുകൾ എല്ലാം വൈകുന്നേരം ആറ് മുതൽ രാവിലെ പത്ത് മണി വരെ ഉള്ള സമയത്ത് ക്രമീകരിക്കപ്പെടുന്നതോടെ കരിപ്പൂർ ടെർമിനൽ യാത്രക്കാരെക്കൊണ്ട് നിബിഡമാകും. കസ്റ്റംസ്, എമിഗ്രേഷൻ പരിശോധനകൾ പൂർത്തീകരിക്കുന്നതിന് ഓരോ വിമാനങ്ങളിലും പോകേണ്ട യാത്രക്കാർ മണിക്കൂറുകൾക്ക് മുമ്പ് തന്നെ വിമാനത്താവളത്തിൽ എത്തേണ്ടതിനാൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രണാതീതമാകും.

ഈ സമയങ്ങളിൽ ഹജ്ജ് സർവീസ് കൂടി ഉൾപ്പെടുകയാണെങ്കിൽ കരിപ്പൂരിലെ സാധാരണ സർവീസുകൾക്ക് തന്നെ പ്രയാസം സൃഷ്ടിക്കും. നിലവിൽ കരിപ്പൂരിലെ ദേശീയ പുറപ്പെടൽ ടെർമിനലാണ് ഹജ്ജ് യാത്രക്കാർക്കായി പ്രയോജനപ്പെടുത്തുന്നത്. വിമാന സർവീസുകൾ രാത്രിയിലേക്ക് മാറ്റുന്നതോടെ തിരക്കൊഴിവാക്കുന്നതിന് ദേശീയ പുറപ്പെടൽ ടെർമിനലിനെ അന്താരാഷ്ട്ര ടെർമിനലാക്കി മാറ്റാനും സാധ്യതയുണ്ട്.

ചാർട്ടർ വിമാനങ്ങളാണ് ഹജ്ജ് സർവീസിന് ഉപയോഗപ്പെടുത്തുന്നത്. ഓരോ ബാച്ച് ഹാജിമാരും പുറപ്പെടുന്നത് വരെ ഹജ്ജ് വിമാനം മണിക്കൂറുകൾ മുമ്പ് തന്നെ വിമാനത്താവളത്തിൽ എത്തുന്നുണ്ട്.

മാത്രമല്ല, ഹാജിമാർക്കുള്ള സംസം വെള്ളം ഹജ്ജ് വിമാനത്തിന്റെ മടക്കയാത്രയിലാണ് കൊണ്ടുവരുന്നത്. ഇത് ഇറക്കി കഴിയുന്നത് വരെ വിമാനം ഏപ്രണിൽ തന്നെയായിരിക്കും.
കരിപ്പൂരിൽ ഒരേസമയം ഒമ്പത് വിമാനങ്ങൾക്ക് നിർത്തിടാനുള്ള സൗകര്യമേ ഏപ്രണിൽ ഉള്ളൂ. വലിയ വിമാനങ്ങളാണെങ്കിൽ ഒരേസമയം ഏഴ് വിമാനങ്ങൾ നിർത്തിയിടാനേ കഴിയൂ. മാത്രമല്ല, നിലവിൽ ആറ് എയ്‌റോ ബ്രിഡ്ജുകൾ മാത്രമാണ് കരിപ്പൂരിൽ ഉള്ളത്. ഇതും ഹജ്ജ് വിമാന സർവീസിനെ ബാധിക്കുെമന്ന് ആശങ്കയുണ്ട്.

കേരളത്തിൽ ഇത്തവണ നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ ഹജ്ജ് യാത്രക്ക് പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുല്ലക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. റൺവേ ബലപ്പെടുത്തൽ ജോലികൾ മൂലം കരിപ്പൂരിലെ ഹജ്ജ് സർവീസ് മുടങ്ങുകയാണെങ്കിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഹാജിമാർ കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടതായിവരും.

അതേസമയം, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള ഹാജിമാർക്ക് യാത്ര സുഗമമാകുകയും ചെയ്യും. കഴിഞ്ഞ വർഷവും വിവിധ കാരണങ്ങൾ പറഞ്ഞ് കരിപ്പൂരിന് ഹജ്ജ് സർവീസ് നഷ്ടപ്പെട്ടിരുന്നു.