Connect with us

Kerala

നിയമനക്കത്ത് വിവാദം: സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രമല്ല സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടക്കുന്ന സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സതീശന്‍ ആരോപിച്ചു. കോര്‍പ്പറേഷനിലെ 295 ഒഴിവുകളിലേക്ക് ആളെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയത് യുവജനങ്ങളെയാകെ നടുക്കിയിരിക്കുകയാണ്. ഗുരുതരമായ ഈ തെറ്റിനെതിരെയാണ് സമരം.

മേയറെ പാവയാക്കി സി പി എം ആണ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മാത്രമല്ല സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കിയിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവര്‍ പുറത്താകാതിരിക്കാനാണ് വകുപ്പു തലവന്മാര്‍ പി എസ് സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തത്. ആരോപണമുയര്‍ന്നപ്പോള്‍ കത്ത് കൊടുത്തയാളും വാങ്ങിയ ആളുമില്ല. കത്ത് എവിടെ നിന്നാണെന്ന് പോലും അറിയില്ലെന്ന് പറയുന്ന മേയറും സി പി എമ്മും ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

ആ അധ്യായം അടഞ്ഞുവെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. അധ്യായം അടയ്ക്കുന്നതും തുറക്കുന്നതും പാര്‍ട്ടി സെക്രട്ടറിയാണോയെന്ന് വി ഡി സതീശന്‍ ചോദിച്ചു. പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി. നിയമനങ്ങള്‍ നടത്തേണ്ടതില്ല. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെയല്ല നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.

Latest