Connect with us

Education Notification

നിറം മാറുന്ന പാരാമെഡിക്കല്‍ 02

പാരാമെഡിക്കല്‍ കോഴ്സുകളുടെ മാറ്റങ്ങളെ സംബന്ധിച്ച് ഇന്ന് മനസ്സിലാക്കാം.

Published

|

Last Updated

ഫിസിയോതെറാപ്പി , സൈക്കോളജി, ഓഫ്താൽമിക് സയൻസ് എന്നിവയുൾപ്പെടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കോഴ്സുകൾക്കായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങളും കരിക്കുലവും പുറത്തിറക്കിയതായി കഴിഞ്ഞ അവസരത്തിൽ നമ്മൾ പ്രതിപാദിച്ചിരുന്നു. അതിലെ മറ്റുള്ള കോഴ്സുകളുടെ മാറ്റങ്ങളെ സംബന്ധിച്ച് ഇന്ന് മനസ്സിലാക്കാം.

സൈക്കോളജി

സൈക്കോളജിസ്റ്റ്, ബിഹേവിയറൽ അനലിസ്റ്റ് പ്രൊഫഷനലുകളിലേക്കുള്ള അണ്ടർ ഗ്രാജ്വേറ്റ് കോഴ്സായ ബാച്ചിലർ ഓഫ് സൈക്കോളജി (ബി പി എസ് വൈ) യുടെ ദൈർഘ്യം നാല് വർഷമാണ്. സയൻസ്, ആർട്‌സ്, സൈക്കോളജി വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചവരായിരിക്കണം അപേക്ഷകർ. ഓരോ സ്ഥാപനവും നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

മെഡിക്കൽ/സൈക്യാട്രിക് സോഷ്യൽ വർക്ക്

മെഡിക്കൽ സോഷ്യൽ വർക്ക്, സൈക്യാട്രിക് സോഷ്യൽ വർക്ക് എന്നീ പ്രൊ ഫഷനലുകളിലേക്കുള്ള അണ്ടർ ഗ്രാജ്വേറ്റ് കോഴ്സായ ബാച്ചിലർ ഓഫ് മെഡിക്കൽ/സൈക്യാട്രിക് സോഷ്യൽ വർക്ക് (ബി എം പി എസ് ഡബ്ല്യു) നാല് വർഷം ദൈർഘ്യമുള്ളതായിരിക്കും. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്‌നോളജി

എക്‌സ് റേ, സ്‌കാൻ തുടങ്ങി റേഡിയോളജി, സ്‌കാനിംഗ് രംഗത്തെ വിദഗ്ധരെ പരിശീലിപ്പിക്കുന്ന അണ്ടർ ഗ്രാജ്വേറ്റ് കോഴ്‌സിന്റെ പേര് ബാച്ചിലർ ഓഫ് മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്‌നോളജി (ബി എം ആർ ഐ ടി) എന്നായിരിക്കും. കോഴ്‌സിന്റെ ദൈർഘ്യം ഒരു വർഷത്തെ ഇന്റേൺഷിപ്പ് അടക്കം നാല് വർഷമാണ്.
പ്രവേശനത്തിനുള്ള യോഗ്യത ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ചു വിജയിച്ച പ്ലസ് ടു. ഈ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഈ വിഷയത്തിൽ ഡിപ്ലോമ ഉള്ളവർക്ക് ഡിഗ്രി കോഴ്‌സിലേക്ക് ലാറ്ററൽ എൻട്രി ലഭിക്കും.

റേഡിയേഷൻ തെറാപ്പി ടെക്‌നോളജി

ക്യാൻസർ ചികിത്സ സംബന്ധമായ റേഡിയേഷൻ തെറാപ്പി രംഗത്തെ ഡിഗ്രി കോഴ്‌സായ ബാച്ചിലർ ഓഫ് റേഡിയേഷൻ തെറാപ്പി ടെക്നോളജി (ബി ആർ ടി ടി) നാല് വർഷത്തെ കോഴ്‌സായിരിക്കും. ഇതിൽ ആറ് മാസം ഇന്റേൺഷിപ്പാണ്. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന ഈ കോഴ്‌സിന്റെ പ്രവേശന യോഗ്യത ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ അടങ്ങിയ പ്ലസ് ടു വിജയമാണ്.

ഡിപ്ലോമ ഇൻ റേഡിയോ തെറാപ്പി ടെക്നോളജി (ഡി ആർ ടി) കോഴ്‌സിനും ബി ആർ ടി ടി കോഴ്‌സിന്റെ അതേ പ്രവേശന യോഗ്യതയാണ്. രണ്ടര വർഷമാണ് കോഴ്‌സിന്റെ ദൈർഘ്യം. ഡിപ്ലോമ യോഗ്യത നേടിയവർക്ക് ബാച്ചിലർ ഓഫ് റേഡിയേഷൻ തെറാപ്പി ടെക്നോളജി (ബി ആർ ടി ടി) കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി ലഭിക്കും.

ഫിസിഷ്യൻ അസ്സോസിയേറ്റ്‌സ്

രോഗ നിർണയത്തിനും തുടർ ചികിത്സകൾക്കും ഡോക്ടർമാരെ സഹായിക്കാൻ പരിശീലനം സിദ്ധിച്ച വിദഗ്‌ധരാണ് ഫിസിഷ്യൻ അസ്സോസിയേറ്റ്‌സ്. ഈ ജോലി നേടുന്നതിന് ആവശ്യമായ ബിരുദമാണ് ബാച്ചിലർ ഓഫ് ഫിസിഷ്യൻ അസ്സോസിയേറ്റ്‌സ് (ബി പി എ). നാല് വർഷം ദൈർഘ്യമുള്ള കോഴ്‌സാണിത്. പ്ലസ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുക.

ഡയാലിസിസ് തെറാപ്പി ടെക്‌നോളജി

ഡയാലിസിസ് രംഗത്തെ വിദഗ്ധരെ പരിശീലിപ്പിക്കുന്ന അണ്ടർ ഗ്രാജ്വേറ്റ് കോഴ്‌സാണ് ബാച്ചിലർ ഓഫ് ഡയാലിസിസ് തെറാപ്പി ടെക്‌നോളജി (ബി ഡി ടി ടി). ഈ കോഴ്‌സിന്റെയും ദൈർഘ്യം നാല് വർഷമാണ്. പ്രവേശനത്തിന് പ്ലസ് ടു പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ വിജയിക്കണം. പ്ലസ് ടു മാ ർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. രണ്ടര വർഷം ദൈർഘ്യമുള്ള ഡയാലിസിസ് ഡിപ്ലോമ കോഴ്‌സുമുണ്ട്. ഡിപ്ലോമ ഓഫ് ഡ യാലിസിസ് ടെക്‌നോളജിക്ക് പ്രവേശനം ലഭിക്കാൻ ബി ഡി ടി ടിയുടെ അതേ യോഗ്യതകൾ വേണം. ഡിപ്ലോമക്കാർക്ക് ഡിഗ്രി കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി ലഭിക്കും.

റെസ്പിറേറ്ററി ടെക്‌നോളജി

ശ്വാസകോശ രോഗ ചികിത്സാ രംഗത്തെ വിദഗ്‌ധരെ പരിശീലിപ്പിക്കുന്ന കോഴ്‌സിന്റെ പേര് ബാച്ചിലർ ഓഫ് റെസ്പിറേറ്ററി ടെക്‌നോളജി (ബി ആർ ടി) എന്നാണ്. ഒരു വർഷത്തെ ഇന്റേൺഷിപ്പ് അടക്കം നാല് വർഷം ദൈർഘ്യമുള്ള കോഴ്‌സാണിത്. പ്ലസ് ടുവാണ് പ്രവേശന യോഗ്യത. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം.

ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ്

ബാച്ചിലർ ഓഫ് സയൻസ് ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ്(ബി എസ് സി എച്ച് ഐ എം) കോഴ്‌സിന്റെ ദൈർഘ്യം നാല് വർഷമാണ്. സയൻസ്, കൊമേഴ്സ്, ആർട്‌സ് വിഷയങ്ങളിൽ 50 ശതമാനം മാർക്ക് നേടി പ്ലസ് ടു വിജയിച്ചിരിക്കണം. ഓരോ സ്ഥാപനവും നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

സംസ്ഥാനങ്ങളും യൂനിവേഴ്‌സിറ്റികളും അതത് സ്ഥാപനങ്ങളുമാണ് മേൽ വിവരിച്ച കോഴ്സുകളിലേക്ക് പ്രവേശനം നടത്തുക. യു ജി സി ഇത് സംബന്ധമായ നിർദേശങ്ങൾ നൽകി കഴിഞ്ഞു. പുതുക്കിയ ചട്ടങ്ങളനുസരിച്ചാണ് 2026-27 സെഷൻ മുതൽ കോഴ്‌സ് കരിക്കുലവും ഇന്റേൺഷിപ്പ് അടക്കമുള്ള പ്രായോഗിക പരിശീലനങ്ങളും നടപ്പാക്കുക. ഇതോടൊപ്പം പോസ്റ്റ് ഗ്രാജ്വേറ്റ്, പി എച്ച് ഡി കോഴ്സുകൾക്കും പുതിയ ചട്ടങ്ങൾ നിലവിൽ വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഓരോ കോഴ്സിന്റെയും പ്രവേശന നോട്ടിഫിക്കേഷനുകൾ ശ്രദ്ധാപൂർവം വായിക്കുക.

 

കരിയർ വിദഗ്ദ്ധൻ

---- facebook comment plugin here -----

Latest