Kerala
നരവംശ ശാസ്ത്രജ്ഞന്‍ ഡോ. പി ആര്‍ ജി മാത്തൂര്‍ അന്തരിച്ചു
ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പാലക്കാട് | പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ഡോ. പി ആര്‍ ജി മാത്തൂര്‍ അന്തരിച്ചു. 88 വയസായിരുന്നു. ആറു പതിറ്റാണ്ടായി നരവംശ ശാസ്ത്രമേഖലയില്‍ സജീവമായിരുന്നു മാത്തൂര്‍. ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു.
1959 മുതല്‍ പതിനാല് വര്‍ഷം ഭാരത സര്‍ക്കാരിന് കീഴിലുള്ള ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ വിവിധ പദവികള്‍ വഹിച്ചു. 1973 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയിലും കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കിര്‍താഡ്സിലും സേവനമനുഷ്ഠിച്ചു. 1987 വരെ കിര്‍താഡ്സിന്റെ ഡയറക്ടറായിരുന്നു.
ഔദ്യോഗിക രേഖകളും യാത്രാവിവരണങ്ങളും ഉപയോഗിച്ച് നരവംശ ശാസ്ത്ര പഠനങ്ങള്‍ എഴുതിയിരുന്ന ഒരു കാലത്ത് ഫീല്‍ഡ് വര്‍ക്കുകളെ അടിസ്ഥാനപ്പെടുത്തി നരവംശ ശാസ്ത്രപഠനം നടത്തിയ വ്യക്തിയാണ് പാലക്കാട് മാത്തൂര്‍ സ്വദേശിയായ പൊടികുളങ്ങര രാമസ്വാമി ഗോവിന്ദന്‍കുട്ടിയെന്ന പി ആര്‍ ജി മാത്തൂര്‍.
1934ല്‍ മാത്തൂര്‍ സ്വദേശികളായ രാജസ്വാമിയുടെയും വള്ളിയമ്മയുടെയും മൂന്ന് ആണ്‍മക്കളില്‍ മൂന്നാമനായാണ് ജനനം. മാതാപിതാക്കള്‍ വിദ്യാഭ്യാസം നേടിയിരുന്നില്ല. മാത്തൂറിന്റെ മൂത്ത സഹോദരന്മാര്‍ രണ്ടുപേരും ചെറുപ്പത്തില്‍ പഠനം നിര്‍ത്തി പിതാവിനോടൊപ്പം കൃഷിപ്പണിക്കിറങ്ങി. 1964 ല്‍ചിറ്റൂര്‍ സ്വദേശിനി രുഗ്മിണിയെ വിവാഹം ചെയ്തു. മക്കള്‍: ശ്രീനിവാസ് ജി. മാത്തൂര്‍ (കുവൈത്ത്), പരേതയായ ആഷ, മരുമകള്‍: ഡോ. സോണ.







