Connect with us

Ongoing News

കൊവിഡ് ഭയപ്പെടുത്തിയ ഒരു വര്‍ഷം കൂടി; വികസന മുന്നേറ്റങ്ങള്‍ കൈയൊഴിയാതെ ഗള്‍ഫ് രാജ്യങ്ങള്‍

Published

|

Last Updated

കൊവിഡ് തരംഗത്തിന്റെ ഒരു വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. കൊവിഡ് വ്യാപനത്തിനിടയിലും ഗള്‍ഫ് രാജ്യങ്ങള്‍ വികസന മുന്നേറ്റങ്ങള്‍ കൈയൊഴിഞ്ഞില്ലെന്നത് ജനങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമേകി. ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ രോഗബാധിതര്‍ കൂടുതലായിരുന്നു. ലോകമാകെ അനിശ്ചിത്വത്തിലായിരുന്നു. പലയിടങ്ങളിലും അടച്ചിടല്‍ അവസാനിച്ചിരുന്നില്ല. മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെ ഭീതിവിതച്ചു നടന്നു. പക്ഷേ ഗള്‍ഫ് രാജ്യങ്ങള്‍ കുലുങ്ങിയില്ല. ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങള്‍ ഒരു പടികൂടി കടന്നു പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു. യു എ ഇക്ക് സുവര്‍ണ ജൂബിലി വര്‍ഷമായിരുന്നു. 1971 ല്‍ രൂപവത്കൃതമായ ശേഷം ഏതൊക്കെ വഴികളിലാണ് മുന്നേറിയത് എന്ന് തിരിഞ്ഞു നോക്കാനും വരാനിരിക്കുന്ന 50 വര്‍ഷത്തെ വിഭാവനം ചെയ്യാനും ഭരണാധികാരികള്‍ സമയം കണ്ടെത്തി. അതില്‍ പ്രധാനം ചൊവ്വ പര്യവേക്ഷണമായിരുന്നു. യു എ ഇയുടെ പേടകം ഹോപ് 2020 ജൂലൈയില്‍ വിക്ഷേപണം ചെയ്യപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരി ഒമ്പതിന് വിജയകരമായി ഭ്രമണപഥത്തിലെത്തി. ലോക ബഹിരാകാശ ദൗത്യങ്ങളില്‍ പ്രധാനപ്പെട്ട ഏടാണ് യു എ ഇ രചിച്ചത്. ചൊവ്വയില്‍ മനുഷ്യ വാസത്തിനുള്ള സാധ്യതകള്‍ യു എ ഇ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഏതാനും വര്‍ഷത്തിനകം ഒരു കൂടാരം അവിടെ സ്ഥാപിക്കും.

വേള്‍ഡ് എക്സ്പോ ആണ് മറ്റൊരു പ്രധാനപ്പെട്ട സംഭവം. 2020ല്‍ നടക്കേണ്ടതായിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ ലോകത്തെയാകെ വിസ്മയിപ്പിച്ച്, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂറ്റന്‍ പ്രദര്‍ശനം തുടങ്ങി. 2021 മാര്‍ച്ചില്‍ അവസാനിക്കും. 80 ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. അക്കൂട്ടത്തില്‍ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമുണ്ട്. അറബ് മേഖലക്ക് തന്നെ വലിയ കുതിപ്പ് നല്‍കുന്ന മേളയാണിത്. കൊവിഡ് പൂര്‍വ കാലത്തെ തിരിച്ചു പിടിക്കാനുള്ള കരുത്ത് മേഖലക്ക് ഇത് നല്‍കുന്നു.

സഊദി അറേബ്യയില്‍ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ മാറ്റത്തിന്റെ കാറ്റ് അലയടിക്കുകയാണ്. 849,00 കോടി റിയാലിന്റെ ബജറ്റാണ് അവതരിപ്പിച്ചത്. അടുത്ത വര്‍ഷം കമ്മി നികത്താനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നു. ജിദ്ദയില്‍ കടല്‍നഗരം ഒരുങ്ങുന്നു. കൊവിഡ് വേളയില്‍ അടച്ച തിരുഗേഹങ്ങള്‍ തുറന്നു. തീര്‍ഥാടകരുടെ വരവിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. ഒമാനില്‍ ഹൈതം ബിന്‍ താരിഖ് സുല്‍ത്താനായി ചുമതലയേറ്റ് രണ്ട് വര്‍ഷമാകാന്‍ പോകുന്നു. നിരവധി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിട്ടുണ്ട്. ഖത്വറില്‍ വരും വര്‍ഷം നടക്കാനിരിക്കുന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് സ്റ്റേഡിയങ്ങളുടെ ഒരുക്കം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്