Kerala
പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താനിരിക്കെ തിരുവനന്തപുരത്ത് വീണ്ടും ബോംബ് ഭീഷണി
അവസാന നിമിഷ ടിക്കറ്റ് ബുക്കിംഗ് ഈ ദിവസങ്ങളില്‍ സ്വകരിക്കില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി

തിരുവനന്തപുരം | പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. 24 മണിക്കുറിനുള്ളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ശുചി മുറിയിലും എക്സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നാണ് ഭീഷണി. ഹിസ്ബുള്‍ മുജാഹിദീന്റെ പേരിലാണ് സന്ദേശം എത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയില്‍ മൂന്ന് ഇ-മെയിലുകളിലായാണ് സന്ദേശം എത്തിയത്. വിമാനത്താവളത്തില്‍ വ്യാപക പരിശോധന നടത്തി. രണ്ടാം തീയതി വരെ പരിശോധനകള്‍ തുടരുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.
അവസാന നിമിഷ ടിക്കറ്റ് ബുക്കിംഗ് ഈ ദിവസങ്ങളില്‍ സ്വകരിക്കില്ലെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി സംസ്ഥാനത്തു പലയിടങ്ങളില്‍ ബോംബ് ഭീഷണിയുമായി വ്യാജ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് വ്യാപകമായ നിരീക്ഷണമേര്‍പ്പെടുത്തിയിരിക്കുകയാണ്.
വിഴിഞ്ഞം തുറമുഖ കമ്മീഷനിങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും. നാളെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് മണിവരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് ഗതാഗത നിയന്ത്രണം ഉണ്ടാവുക.