Connect with us

Kerala

വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ഏത്തമിടീച്ച സംഭവം; അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സംഭവത്തിന് പിന്നാലെ രക്ഷിതാക്കളും കുട്ടികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം|വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിന് പിന്നാലെയാണ് നടപടി. ദേശീയ ഗാനത്തിനിടെ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികളെയാണ് അധ്യാപിക ഏത്തമിടീപ്പിച്ചത്. സംഭവം പുറത്തായതോടെ മന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഡി.ഇ.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കവെ ഒന്‍പതാം ക്ലാസിലെ ചില വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്. വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് തിരികെ വിളിച്ച് ഏത്തമിടീക്കുകയും ക്ലാസ് മുറിയില്‍ പൂട്ടി ഇടുകയുമായിരുന്നു. പിന്നീട് 10 മിനിറ്റ് കഴിഞ്ഞാണ് കുട്ടികളെ പുറത്ത് വിട്ടത്. അപ്പോഴേക്കും സ്‌കൂള്‍ ബസടക്കം പോയി. തുടര്‍ന്ന് പ്രധാനാധ്യാപകന്‍ ഇടപെട്ടാണ് കുട്ടികള്‍ക്ക് വീട്ടില്‍ പോകാന്‍ ബസ് ചാര്‍ജ് അടക്കം നല്‍കിയത്.

സംഭവത്തിന് പിന്നാലെ രക്ഷിതാക്കളും കുട്ടികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നടപടി വിവാദമായതോടെ അധ്യാപിക മാപ്പ് പറഞ്ഞു. എന്നാല്‍ പ്രതിഷേധങ്ങളും വാര്‍ത്തകളും വന്നതോടെ വിദ്യഭ്യാസ മന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

 

 

Latest