Connect with us

Cover Story

തഴയും കീറി സൊറ പറഞ്ഞു ഞാൻ പായത്തുമ്പിലേരുന്നേ...

പത്താം ക്ലാസ്സിൽ കരകയറാൻ കഴിയാതെ വന്നതിലുള്ള നിരാശക്കു വിട പറഞ്ഞു പതിനൊന്നാം ക്ലാസ്സിലെ വിദ്യാർഥികൾക്ക് പഠിക്കാൻ താനെഴുതിയ "തഴപ്പാട്ട്' ഉണ്ടെന്നതിന്റെ സന്തോഷത്തിലാണ് അനിമങ്ക്. ആ ജൈത്രയാത്രയും തഴപ്പായയുടെ ലോകത്തുള്ള പച്ചയായ ജീവിതത്തെക്കുറിച്ചും...

Published

|

Last Updated

“കുളക്കരയിലെ കൈത
പൂത്തപ്പോൾ
കാതുകുത്തിയ പെണ്ണേ..
കീറിച്ചുറ്റി
നെയ്‌തെടുത്തൊരു
കനവുകണ്ടെടീ പെണ്ണേ..
പൂത്തുനിന്ന കൈതപ്പൂക്കൾ
പുഞ്ചിരി തൂകി നിന്നേ.
കാലംതെറ്റിയ മഴയെനോക്കി
പിരാകി നിന്നെടി പെണ്ണേ.
തഴയറുത്തു ഞാൻ വയൽക്കരയിൽ തളർന്നിരുന്നെടി പെണ്ണേ..
വിരലമർത്തി ഞാൻ നീട്ടിത്തുപ്പിയ വെറ്റിപ്പാക്കിന്റെ ചൂര്
തഴയും കീറി സൊറ പറഞ്ഞു ഞാൻ
പായത്തുമ്പിലേരുന്നേ…
പതക്കം വന്നൊരു പതിച്ചിത്തള്ളേടെ പന്നക്കം കേട്ടു
ഞാനിരുന്നേ…

കായലിനോടും കായൽക്കരയോടും കഥകൾ പറഞ്ഞും ഉൾനാടൻ ഗ്രാമങ്ങളിലുമെല്ലാം ഓട്ടോറിക്ഷ ഓടിച്ചു നടന്ന കാലം. ഡ്രൈവറായും ഇൻസ്റ്റാൾമെന്റ് കച്ചവടക്കാരനായുമൊക്കെ വീടുവീടാന്തരം കയറിയിറങ്ങുമ്പോഴുമെല്ലാം ആ യുവാവിന്റെ മനസ്സിൽ ആരോടും പറയാത്ത ഒരാഗ്രഹം ഒളിഞ്ഞുകിടന്നിരുന്നു. മൺമറഞ്ഞുപോകുന്ന ഉൾനാടൻ വാക്കുകളും കലകളും ജീവിതരീതികളുമെല്ലാം അന്യംനിൽക്കാതിരിക്കാൻ അവ പരിപോഷിപ്പിക്കണം. അതിനായി എന്തു ത്യാഗം സഹിച്ചാണെങ്കിലും എന്തെങ്കിലും ചെയ്യണം. നാളേറെ കാത്തിരിക്കേണ്ടി വന്നാലും പിന്നോട്ടു പോകില്ല. ഈ ചിന്തയുമായിട്ടായിരുന്നു അയാളുടെ ജീവിതയാത്ര.

ഒടുവിൽ പത്താം ക്ലാസ്സിൽ പരാജയപ്പെട്ടതോടെ പരീക്ഷയോടു സലാം പറഞ്ഞു പടിയിറങ്ങുമ്പോഴും ഗ്രാമീണഭംഗിയേറെയുള്ള ഓണാട്ടുകരയിലെ നാടൻ വാക്കുകൾ അയാളോട് ചേർന്നിരുന്നു. അനുഭവസമ്പത്തുള്ള പഴമക്കാരുടെ പഴമ്പുരാണങ്ങളും നാട്ടുകൂട്ടങ്ങളിൽ ഉയരുന്ന നാട്ടുവർത്തമാനങ്ങളും ചായപ്പീടികകളിലും മുറുക്കാൻ കടകളിലും നാട്ടുചന്തകളിലും നാട്ടുപാതയിലെ കലുങ്കുകളിലും മരത്തണലിലിരുന്നു മാനത്തുനോക്കി മാലോകർ പറഞ്ഞിരുന്ന ഗ്രാമീണ കഥകൾ കേൾക്കാനുമൊക്കെ അവിടങ്ങളിൽ ചുറ്റിനടന്ന ആ യുവാവിന്റെ സാന്നിധ്യം സ്ഥിരമായി കണ്ട പലരും അന്നു ചോദിച്ചു. “എടാ ചെറുക്കാ, നിനക്കു വേറെ പണിയൊന്നുമില്ലേ… എന്തിനാടാ ഈ കിളവന്മാർക്കു ചുറ്റും കിടന്നു കറങ്ങുന്നത് ?’ എന്ന്. എന്നാൽ അവർക്കൊപ്പമിരുന്നും അവരോട് കുശലം പറഞ്ഞും അവരുടെ വാമൊഴികൾ കേട്ടും കായംകുളം എരുവേലിയുടെ വടക്കേതിൽ ഉസ്മാൻകുട്ടി – നബീസത്ത് ദമ്പതികളുടെ മകൻ അനിമങ്ക് ചിലത് മനസ്സിൽ കുറിക്കുകയായിരുന്നു. എന്നാൽ മനസ്സിൽ കുറിച്ചിട്ട വാക്കുകൾ ചേർത്തു പിൽക്കാലത്തുണ്ടാക്കിയ “തഴപ്പാട്ട്’ എന്ന നാടൻപാട്ട് ഹയർ സെക്കൻഡറി പതിനൊന്നാം ക്ലാസ്സിലെ മലയാളം പുസ്തകത്തിൽ ഇത്തവണ സ്ഥാനം പിടിച്ചതോടെ അന്ന് കളിയാക്കിയവർക്കൊക്കെ മറുപടിയുമായി അത്.

പത്താം ക്ലാസ്സിൽ കരകയറാൻ കഴിയാതെ വന്നതിലുള്ള നിരാശക്കു വിട പറഞ്ഞു പതിനൊന്നാം ക്ലാസ്സിലെ വിദ്യാർഥികൾക്ക് പഠിക്കാൻ താങ്കളുടെ നാടൻപാട്ടിലൂടെ കഴിയുന്നതിൽ സന്തോഷമുണ്ടോ എന്നു ചോദിച്ചാൽ “തീർച്ചയായും സന്തോഷമുണ്ട്. അതുവഴി പുതുതലമുറക്ക് പഴയ തലമുറയെയും അവരുടെ വാക്കുകളേയും പരിചയപ്പെടുത്താനുമാകുമല്ലോ. അതുമതി…’ ഇതാണ് 49 കാരനായ അനിമങ്കിന്റെ മറുപടി.

“എന്റെ മുൻതലമുറക്കാർ ആരോഗ്യദൃഢഗാത്രരും ഗുസ്തിക്കാരുമായിരുന്നു. ആരേയും അനായാസേന കീഴ്‌പ്പെടുത്താൻ അവർക്കാകുമായിരുന്നുവെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നെല്ലിൽ കിടക്കുന്ന ഭാരംകുറഞ്ഞ മങ്ക് (പതിര്) പോലെയായിരുന്നു അവർക്കു എല്ലാവരും. അങ്ങനെ അവരെ കളിയാക്കിയും മറ്റും മങ്ക് എന്നു വിളിച്ചുതുടങ്ങി. ഇപ്പോൾ ആ പേര് തലമുറകളിൽ നിന്നും എനിക്കും വീണുകിട്ടി. അതാണ് മങ്ക്. എന്റെ ഔദ്യോഗിക പേര് “അനിമോൻ’ എന്നാണ്. എന്നാൽ ഇത് ആർക്കും അറിഞ്ഞുകൂടാ. അനിമങ്ക് എന്ന പേര് ഏതു മതവിഭാഗത്തിൽപ്പെട്ട ആളാണെന്നു പലപ്പോഴും പലർക്കും സംശയം ഉണ്ടായിട്ടുണ്ട്. അത് എന്നേക്കാളുപരി ഞാനുമായി പരിചയപ്പെടുന്നവർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി മനസ്സിലാക്കിയിട്ടുമുണ്ട്.

ചെറുപ്പം മുതൽ ഡോക്യുമെന്ററികളോട് ഇഷ്ടമായിരുന്നു. ഓട്ടോറിക്ഷയും കച്ചവടവും ഉപേക്ഷിച്ചു പിന്നീടു ഫോട്ടോ എടുക്കാനും കല്യാണ വീഡിയോകൾ എടുക്കാനുമൊക്കെ ക്യാമറാമാനായി മാറി. ആ പ്രയാണത്തിലാണ് ഷോർട്ട് ഫിലിം എടുക്കുന്ന പലരുമായി പരിചയപ്പെടാൻ ഇടയായത്. അതൊരു വഴിത്തിരിവായി എന്നു മാത്രമല്ല, അവരുടെ സഹായത്തോടെ കുട്ടനാടൻ പശ്ചാത്തലത്തിൽ “ഇതുവഴി ‘ എന്ന ഷോർട്ട് ഫിലിം നിർമിക്കാൻ അവസരവും ലഭിച്ചു. അതിന്റെ കഥയും സംവിധാനവും ക്യാമറയും എഡിറ്റിംഗും എല്ലാം സ്വന്തമായാണ് നിർവഹിച്ചിരുന്നത്. പിന്നീട് ആ രംഗത്തേക്ക് ഉറച്ചതോടെ ഇപ്പോൾ 15 ഡോക്യുമെന്ററികൾ ചെയ്തുകഴിഞ്ഞു. അതിലെല്ലാം നിഴലിച്ചു നിന്നിരുന്നത് ഓണാട്ടുകരയുടെ ഗ്രാമഭംഗികളും അവിടുത്തെ പഴമകളും പഴമക്കാരുടെ വാക്കുകളും പഴമ്പുരാണങ്ങളുമൊക്കെയായിരുന്നു. ഓണാട്ടുകരയിലെ കുത്തിയോട്ടപ്പാട്ടുകൾ, കാർഷികവൃത്തി, ഉത്സവചരിത്രങ്ങൾ തുടങ്ങിയവ അതിൽ ചിലതുമാത്രമാണ്.

എല്ലാം ജനം നന്നായി ആസ്വദിച്ചു എന്നു മാത്രമല്ല എല്ലാവരും അതു നെഞ്ചിലേറ്റുകയും ചെയ്തു. അതിൽ അന്യം നിന്നുപോകുന്ന തഴപ്പായയെക്കുറിച്ചും അതു നിർമിക്കുന്ന പാവങ്ങളായ സ്ത്രീകളെക്കുറിച്ചും തയ്യാറാക്കിയ ഡോക്യുമെന്ററിയായിരുന്നു “നെയ്‌തെടുത്ത ജീവിതങ്ങൾ’. അതിന്റെ ആമുഖമായി ഞാൻ എഴുതിയ തഴപ്പാട്ടാണ് ഇപ്പോൾ പതിനൊന്നാം ക്ലാസ്സിൽ പഠിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ആ പാട്ടു പാടാൻ പറ്റിയ ആളെ അന്വേഷിച്ചു ഒരുപാടു അലയേണ്ടി വന്നതായി അനിമങ്ക് പറയുന്നു. പല പാട്ടുകാരേയും പരീക്ഷിച്ചു നോക്കിയെങ്കിലും ഒടുവിൽ തിരഞ്ഞെടുത്തത് 82 വയസ്സുള്ള ഓച്ചിറ പുതുപ്പള്ളി വള്ളിയിൽ തെക്കേതിൽ സാവിത്രിയമ്മയെയാണ്. തഴപ്പായ നെയ്ത്തുകാരുടെ ജീവിതങ്ങൾ ഒപ്പിയെടുത്ത ആ ഗാനം സാവിത്രിയമ്മയുടെ സ്വരത്തിൽ നാടൻ ശൈലിയിൽ പുറത്തുവന്നതോടെ ഉറങ്ങിക്കിടന്നിരുന്ന തഴപ്പായ മേഖലകളിലെ തൊഴിലാളികളിൽ പുത്തൻ ഉണർവും പ്രതീക്ഷയുമാണ് ഉണ്ടായത്.

രാഷ്ട്രീയ പാർട്ടി വേദികളിലും കല്യാണവീടുകളിലും പാട്ടുപാടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സാവിത്രിയമ്മ നൂറുകണക്കിനു അമേച്ചർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എട്ട്് വർഷക്കാലം കഥാപ്രസംഗരംഗത്തും സജീവമായിരുന്ന അവർ നാടകവേദികളിലെ പിന്നണി ഗായിക കൂടിയായിരുന്നു. അടുത്തകാലത്താണ് അവർ അന്തരിച്ചത്. ഈ പാട്ടുപുറത്തുവന്നതോടെ അത് തയ്യാറാക്കിയ അനിമങ്കിനെത്തേടി ഒട്ടേറെ പുരസ്കാരങ്ങളും എത്തി. ചലച്ചിത്ര അക്കാദമിയും ടി വി കോൺടാക്ടും ചേർന്നു നൽകിയ മികച്ച ഡോക്യുമെന്ററി അവാർഡ്, മുംബൈ റീൽ ഇന്റർനാഷനലിന്റെ സ്‌പെഷ്യൽ ജൂറി അവാർഡും അതിൽ ഉൾപ്പെടും. വിദേശത്ത് മാത്രം പതിനാറ് ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കാനായി. നെയ്‌തെടുത്ത ജീവിതങ്ങൾ എന്ന ഡോക്യുമെന്ററിയെക്കുറിച്ചു പി എസ്‌സി ചോദ്യത്തിൽ ഉൾപ്പെടുത്തിയിരുന്നതായി അനിമങ്ക് പറയുന്നു. ഈ ഡോക്യുമെന്ററികൾ ഡോ. ഷെമീർ മുഹമ്മദ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്. കുത്തിയോട്ടപ്പാട്ടുകൾ എന്ന ഡോക്കുമെന്ററിക്കു ഫോക്്ലോർ അക്കാദമിയുടെ അവാർഡും ലഭിച്ചു.

ഓണാട്ടുകരയും തഴപ്പായയും

പുത്തൻ തലമുറ ഓണാട്ടുകരയെക്കുറിച്ചും തഴപ്പായയെക്കുറിച്ചും പഠിക്കാൻ ഒരുങ്ങുമ്പോൾ ഒരു പക്ഷേ അവർ തഴപ്പായ കണ്ടിട്ടുതന്നെയുണ്ടാകില്ല. നെല്ലും തേങ്ങയും വെളിച്ചെണ്ണയും പഴങ്ങളും പച്ചക്കറികളും മീനും പാലും കിഴങ്ങുവർഗങ്ങളും വാഴക്കുലകളും മാത്രമല്ല, വെറ്റിലയും സുലഭമായി ഉത്പദിപ്പിച്ചു സ്വന്തം ജനതക്കിടയിൽ വിറ്റഴിച്ചു അല്ലലില്ലാതെ ജീവിച്ചിരുന്നു നിഷ്‌ക്കളങ്കരായ ഒരു ജനതയുടെ നാട് – അതാണ് ഓണാട്ടുകര. ഇവയെല്ലാം വിറ്റഴിക്കാനായി പരമ്പരാഗതമായ നാട്ടുചന്തകൾ ഇപ്പോഴും ചുനക്കര, ചാരുമ്മൂട്, വള്ളികുന്നം, ഭരണിക്കാവ്, കുറത്തികാട്, താമരക്കുളം തുടങ്ങിയ പ്രദേശങ്ങളിൽ ഇപ്പോഴും നിലനിർത്തിപ്പോരുന്നവരുടെ നാട്.

പരമ്പരാഗത നാടൻ കൃഷി ഉപകരണങ്ങളായ മൺവെട്ടിയും കലപ്പയും മൺകോരിയും തനിതൂമ്പയും മാത്രമല്ല, ചങ്ങഴിയും നാഴിയും നിറപറയും ചിക്കുപായും പന്തിപ്പായും മെത്തപ്പായും തഴപ്പായും കാളയും കലപ്പയുമെല്ലാം ഉപയോഗിച്ച് കേരളത്തനിമയുടെ പെരുമ ഇപ്പോഴും കാത്തുസൂക്ഷിച്ച് ഒരേ മനസ്സോടെ ഇന്നും ജീവിക്കുന്ന സാധാരണക്കാരുടെ നാട്. മഹാബലിയിൽ കെട്ടുപിണഞ്ഞുകിടക്കുന്ന മാവേലിക്കരയും ജന്മ കർമങ്ങൾകൊണ്ട് ചരിത്രത്തിൽ ഇടംപിടിച്ച കായംകുളം കൊച്ചുണ്ണിയുടെ കായംകുളവും തഴപ്പായ നിർമാണത്തിലെ പേരുകേട്ട തഴവായും സാംസ്കാരികത്തനിമ വിളിച്ചോതുന്ന കുംഭഭരണി കെട്ടുകാഴ്ചയുടെ നാടായ ചെട്ടിക്കുളങ്ങരയും മാത്രമല്ല, ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി സ്പിൽവേ മുതൽ കൊല്ലം ജില്ലയിലെ നീണ്ടകര തുറമുഖം വരെ നീണ്ടുപരന്നു കിടക്കുന്ന പ്രദേശം. 43 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും ഉൾപ്പെട്ട സാംസ്‌കാരിക നായകന്മാരുടെ നാട്. മണ്ണിന്റെ മക്കളുടെ മനസ്സിനോട് ഓരം ചേർന്നു നിൽക്കുന്ന പൊന്നുവിളയിക്കുന്നവരുടെ നാട്.

പ്രകൃതി അനുഗ്രഹിച്ചു നൽകിയ കാലാവസ്ഥയും കടൽ നിരപ്പിൽ നിന്നും മൂന്ന് മീറ്റർ മാത്രം ഉയരമുള്ള ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. നാട്ടുത്സവങ്ങളുടേയും കലാകാരന്മാരുടേയും സാഹിത്യകാരന്മാരുടേയും കർമഭൂമി. കിലോമീറ്റർ ദൈർഘ്യത്തിൽ കായലും കടലും തൊട്ടുരുമ്മി കടന്നുപോകുന്ന ഈ പ്രദേശം ചുവർചിത്രങ്ങളുടെ നാടും പ്രമുഖ ബുദ്ധമത കേന്ദ്രം കൂടിയായിരുന്നു ഓണാട്ടുകര. മാവേലിക്കര, തകഴി തുടങ്ങിയ സ്ഥലങ്ങളിൽ പലവിധ സ്മാരകങ്ങളുണ്ട്. മൈനാഗപ്പള്ളി, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, പുതുപ്പള്ളി തുടങ്ങിയ “പള്ളി’ എന്ന വാക്കു ബുദ്ധമത അനുസ്മരണങ്ങൾ ഉണർത്തുന്നു. ഇതെല്ലാമാണ് ഓണാട്ടുകരയെങ്കിലും ഈ നാടിനു മാത്രം സ്വന്തമെന്നു അവകാശപ്പെടാവുന്ന മറ്റു ചിലതുകൂടിയുണ്ട് ഇവിടെ. അതാണ് മലയാളികളുടെ മനസ്സിലും അടുക്കളയുടെ അകത്തളങ്ങളിലും തലമുറകളായി സ്ഥാനം പിടിച്ചിരിക്കുന്ന അതിപ്രശസ്തമായ എള്ളും എള്ളെണ്ണയും എള്ളിൻപാടങ്ങളും വിശിഷ്യാ, കൈതോലപ്പായയും.

തഴപ്പായയുടെ പ്രധാന നിർമാണ വസ്തുവായ കൈതയോല ഓണാട്ടുകരയിൽ ഉൾപ്പെട്ട കൊല്ലം ജില്ലയിലെ തഴവാ, ചൂനാട്, തൊടിയൂർ, കുലശേഖരപുരം, വള്ളികുന്നം, ഓച്ചിറ പ്രദേശങ്ങളിലെ തോട്ടിൻ കരകളിലും വേലികളിലുമെല്ലാം ഒരുകാലത്ത് ധാരാളമായി വളർന്നിരുന്നു. ആധുനികതയുടെ കുത്തൊഴുക്കിൽ വേലിക്കെട്ടുകളിൽ നിന്നും വേലിക്കല്ലുകൾ പുറത്തായതോടെ കൈതകളും അപ്രത്യക്ഷമായി. ഒപ്പം തഴപ്പായയിൽ നിന്നും പുൽപ്പായയിലേക്കും മെത്തപ്പായയിലേക്കും പഞ്ഞിമെത്തയിലേക്കും ഫോംമെത്തയിലേക്കും മനുഷ്യൻ മാറി ത്തുടങ്ങിയതോടെ തഴപ്പായും വേലിക്കും വീടിനും പുറത്തായി.

കൈലിമുണ്ടും ബ്‌ളൗസും നെഞ്ചിൽ ഈരേഴൻ തോർത്തും വലിച്ചിട്ടു നാട്ടുവർത്തമാനങ്ങൾ പറഞ്ഞു ചുരുട്ടിയെടുത്ത തഴപ്പായയുമേന്തി ചന്തകളിലേക്ക് ചുവടുവെച്ചിരുന്ന മധ്യവയസ്‌കകളുടെ നീണ്ടനിരയും ഇല്ലാതായി. അതോടെ ഓണാട്ടുകരയിലെ തെരുവോരങ്ങളിലെ മനോഹര അന്തിക്കാഴ്ചകളും അസ്തമിച്ചു. കാളവണ്ടിയും കളിത്തട്ടും നാടൻകളികളും ചുമടുതാങ്ങികളുമെല്ലാം മറ്റു പലതിനോടൊപ്പം കാലയവനികക്കുള്ളിൽ മറഞ്ഞു. എല്ലാം ചരിത്ര ഏടുകളിലെ ഓർമകൾ മാത്രമായതോടെയാണ് പഴയകാലത്തേക്കു പുതുതലമുറ മനസ്സുകളെ കൊണ്ടുപോയി തനി കേരളത്തനിമ എന്തായിരുന്നുവെന്നു അവർക്കു മനസ്സിലാക്കാൻ പതിനൊന്നാം ക്ലാസ്സിലെ മലയാളം പുസ്തകത്തിൽ പത്താം ക്ലാസ്സുകാരന്റെ തഴപ്പാട്ട് സ്ഥാനം പിടിച്ചിരിക്കുന്നത്.

Content Highlights:
The traditional folk song Thazhappattu written by Animank has been included in the eleventh-grade Malayalam textbook. The song was originally composed for his acclaimed documentary Neithedutha Jeevithangal which focuses on the traditional mat weaving community. Sung by the late Savithriamma, this recognition honors Onattukara’s rich cultural heritage.

Latest