Connect with us

Web Special

അനിൽ ആന്റണി നീങ്ങുന്നത് പിതാവ് തെളിച്ച വഴിയെ തന്നെ; രാജി അത്ര നിഷ്കളങ്കമല്ല

തരാതരം പോലെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച് രാഷ്ട്രീയത്തില്‍ ചുവടുകള്‍ വച്ച നേതാവാണ് എ കെ ആന്റണിയെന്ന് അദ്ദേഹത്തിന്റെ പൂര്‍വകാലം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഐ ടി സെല്ലില്‍ ഉറങ്ങിപ്പോയേക്കാവുന്ന മകനെ തന്റെ സമ്പൂര്‍ണ രാഷ്ട്രീയ വിരമിക്കലിനു മുമ്പു കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കാനുള്ള ചുവടുകളായാണ് ഇപ്പോഴത്തെ നീക്കത്തെ ചിലർ കാണുന്നത്.

Published

|

Last Updated

ദര്‍ശ ധീരനെന്നു വാഴ്ത്തപ്പെട്ട എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി സംഘപരിവാര്‍ അനുകൂല നിലപാടിന്റെ പേരില്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഉപേക്ഷിച്ചത് പിതാവിന്റെ ബുദ്ധിയില്‍ തെളിഞ്ഞ തന്ത്രമെന്നു വിലയിരുത്തല്‍. സുധീര്‍ഘ കാലം കോണ്‍ഗ്രസ്സിന്റെ നായകത്വം വഹിച്ച എ കെ ആന്റണി നിര്‍ണായക ഘട്ടത്തില്‍ പ്രയോഗിച്ച അടവുകളുടെ മെയ് വഴക്കമാണു മകന്‍ പരിശീലിക്കുന്നത് എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

തരാതരം പോലെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച് രാഷ്ട്രീയത്തില്‍ ചുവടുകള്‍ വച്ച നേതാവാണ് എ കെ ആന്റണിയെന്ന് അദ്ദേഹത്തിന്റെ പൂര്‍വകാലം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഐ ടി സെല്ലില്‍ ഉറങ്ങിപ്പോയേക്കാവുന്ന മകനെ തന്റെ സമ്പൂര്‍ണ രാഷ്ട്രീയ വിരമിക്കലിനു മുമ്പു കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കാനുള്ള ചുവടുകളായാണ് ഇപ്പോഴത്തെ നീക്കത്തെ ചിലർ കാണുന്നത്.

ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാന്‍ മൃദുഹിന്ദുത്വത്തിന്റെ ചുമലില്‍ യാത്ര ചെയ്യുക എന്ന തന്ത്രം ഹൈക്കമാന്റിനെ ഉപദേശിക്കുന്നതില്‍ എന്നും എ കെ ആന്റണിക്കു വലിയ പങ്കുണ്ട്. ഭൂരിപക്ഷ മതത്തെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ്സിന്റെ അകത്തളങ്ങളില്‍ ഇപ്പോഴും വേവുന്നത്. ഹിന്ദുത്വ വാദികളെ കടത്തിവെട്ടുന്ന വേഷപ്പകര്‍ച്ചകള്‍ക്ക് രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിക്കുന്നത് ഇത്തരം ഉപദേഷ്ടാക്കളാണ്. ജോഡോ യാത്ര ഇന്‍ഡോറിലെത്തിയപ്പോള്‍ താന്‍ ദത്താത്രേയ വംശത്തില്‍ പെട്ട ശിവഭക്തനായ ബ്രാഹ്മണനാണെന്നു വരെ രാഹുല്‍ഗാന്ധി സ്വയം പ്രഖ്യാപിച്ചത് ഇത്തരം നീക്കങ്ങളുടെ ഭാഗമാണ്.

അധികാരം പിടിക്കാന്‍ താരതമ്യേനെ എളുപ്പമായ ഭൂരിപക്ഷമത വാദത്തിലേക്കു കോണ്‍ഗ്രസ്സിനെ നയിക്കുന്ന നേതാക്കളില്‍ ഇന്നും പ്രമുഖസ്ഥാനത്തു തന്നെയാണ് എ കെ ആന്റണി. അയോധ്യയിലെ ക്ഷേത്രനിര്‍മ്മാണം, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍, ഏക സിവില്‍കോഡ് തുടങ്ങി എല്ലാ ഹിന്ദുത്വനീക്കങ്ങളിലും ന്യൂനപക്ഷ വിരോധം രാഷ്ട്രീയ മൂലധനമാക്കിയ ബി ജെ പി നീക്കങ്ങളെ കണ്‍കുളിര്‍ക്കെ കണ്ടുനില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇസ്ലാമോഫോബിയ രാഷ്ട്രീയ തന്ത്രമാക്കിയ ഹിന്ദുത്വ വാദികള്‍ ഭക്ഷണത്തെയും വസ്ത്രത്തെയും പ്രണയത്തെയുമെല്ലാം ആയുധമാക്കി വര്‍ഗീയ ധ്രുവീകരണത്തിന് നീക്കം നടത്തുമ്പോള്‍ അതിനു ശക്തിപകരുന്ന നിലപാടുകളാണ് ഓരോ ഘട്ടത്തിലും എ കെ ആന്റണിയില്‍ നിന്നു പുറത്തുവന്നത്.

2003 എ കെ ആന്റണി നടത്തിയ കുപ്രസിദ്ധമായ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന സംഘപരിവാരത്തിന്റെ എക്കാലത്തേയും വലിയ മൂലധനമായിരുന്നു. സിംല എ ഐ സി സി കഴിഞ്ഞു കേരളത്തിലെത്തിയ ഉടനെയായിരുന്നു ആന്റണി വിവാദപരമായ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസിന്റെ 138-ാം ജന്മദിനത്തിന്‍ കഴിഞ്ഞ ഡിസംബറില്‍ സംസാരിച്ചപ്പോഴും ആന്റണി നിലയുറപ്പിച്ചിരിക്കുന്നത് മൃദു ഹിന്ദുത്വത്തിന്റെ വഴിയില്‍ തന്നെയാണെന്നു വ്യക്തമായിരുന്നു. ചന്ദനം തൊട്ടു നടക്കുന്ന ഹിന്ദുവിനെ ഇവിടെ ആരും ഹിന്ദുത്വവാദികളായി കാണുന്നില്ലെന്നും അങ്ങനെ കരുതരുതെന്നുമെല്ലാമുള്ള ആ പ്രസ്താവനയില്‍ ആരെയാണു തഴുകുന്നതെന്നു വ്യക്തമാണ്.

2003 ല്‍ ആന്റണി സംഘപരിവാരത്തിനു വേണ്ടി സംസാരിച്ചതിന്റെ തീവ്രമായ ആവര്‍ത്തനമാണ് ഇപ്പോള്‍ മകന്റെ നിലപാടിലൂടെ പുറത്തുവന്നിരിക്കുന്നത്. അന്ന് ആന്റണി പറഞ്ഞത് കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സംഘടിതരാണെന്നും ഈ സംഘടിത ന്യൂനപക്ഷം സംഘടിതശക്തി ഉപയോഗിച്ച് ഗവണ്‍മെന്റില്‍ നിന്ന് ആനുകൂല്യം നേടുന്നു എന്നും കൂടുതല്‍ വിലപേശല്‍ നടത്തുന്നു എന്നൊരാക്ഷേപം ഇതര സമുദായങ്ങള്‍ക്കുണ്ട് എന്നുമായിരുന്നു. ഗള്‍ഫ് കുടിയേറ്റത്തിന്റേയും അമേരിക്ക, യൂറോപ്പ് കുടിയേറ്റത്തിന്റെയും ആനുകൂല്യങ്ങള്‍ കൂടുതല്‍ കിട്ടിയത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കാണെന്നും അതുണ്ടാക്കിയ സാമ്പത്തിക അസമത്വം കേരളത്തിലെ നാട്ടിന്‍പുറങ്ങളിലുണ്ടെന്നും ആന്റണി പ്രഖ്യാപിച്ചു. സംഘടിതശക്തി ഉണ്ടെന്നതിന്റെ പേരില്‍ ഗവണ്‍മെന്റിനെക്കൊണ്ട് എന്തും ചെയ്യിച്ചു കളയാം എന്ന നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് ശരിയല്ലെന്നും കേരളത്തില്‍ രാഷ്ട്രീയ രംഗത്തും ഭരണരംഗത്തും കേരള സമൂഹത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ന്യൂനപക്ഷങ്ങളാണെന്നും ആ സത്യം കാണുന്നവനാണ് താനെന്നും ആന്റണി പ്രഖ്യാപിച്ചപ്പോള്‍ ദേശീയ തലത്തില്‍ സംഘപരിവാരം കരുതിവച്ച വെടിപ്പുരക്കു തീകൊളുത്തുകയായിരുന്നു ഫലത്തില്‍ അദ്ദേഹം.

അച്ഛൻ മൃദുഹിന്ദുത്വത്തില്‍ പിടിച്ചപ്പോള്‍ മകന്‍ ഹിന്ദുത്വം ആയുധമാക്കുന്ന തീവ്ര ദേശീയതയിലാണ് അരികുപറ്റിയത്. സംഘപരിവാരത്തെ എതിര്‍ക്കുക എന്നാല്‍ ദേശീയതയെ എതിര്‍ക്കുക എന്നാണ് അര്‍ഥമെന്ന വ്യാഖ്യാനമാണ് അനില്‍ ആന്റണി നടത്തിയിരിക്കുന്നത്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഹിന്ദുത്വ കാര്‍ഡിറക്കി കളിച്ച ആന്റണിയുടെ വിളഞ്ഞ ബുദ്ധ തന്നെയാണ് ഇപ്പോള്‍ മകന്‍ അനില്‍ ആന്റണിയും പ്രയോഗിക്കുന്നത് എന്നാണു നിരീക്ഷിക്കപ്പെടുന്നത്. ആദര്‍ശ ധീരനായ ആന്റണി നിര്‍ണായക ഘട്ടത്തില്‍ പദവികള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ കരുണാകരനെ നീക്കി മുഖ്യമന്ത്രിയാവാന്‍ കേന്ദ്രമന്ത്രി പദം വലിച്ചെറിഞ്ഞിട്ടുണ്ട്. പദവികളോടു ആഭിമുഖ്യമില്ലാത്ത പിതാവിന്റെ മകനാണു താനെന്ന തോന്നലുണ്ടാക്കാന്‍ സ്ഥാന ത്യാഗം ഉപകരിച്ചേക്കുമെന്ന് അനിലും കരുതുന്നുണ്ടാവണം.

പിതാവിനു പകരം രാജ്യസഭാ സ്ഥാനാര്‍ഥിത്വവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റും ചില കേന്ദ്രങ്ങള്‍ പ്രവചിച്ചപ്പോള്‍ വിനീതനായി ഡിജിറ്റര്‍ മീഡിയാ സെല്ലില്‍ അത്യധ്വാനം ചെയ്യുകയായിരുന്ന അനില്‍ അവിടെ ഒതുങ്ങിക്കൂടുകയായിരുന്നു എന്നു കരുതിയവര്‍ക്കു തെറ്റി. തീവ്ര ദേശീയതയും മൃദുഹിന്ദുത്വവും ആയുധമാക്കുന്ന കോണ്‍ഗ്രസ്സിന്റെ പുതിയ നീക്കങ്ങളില്‍ താക്കോല്‍ സ്ഥാനത്തു മകനെ പ്രതിഷ്ഠിക്കാനുള്ള എ കെ ആന്റണിയുടെ തന്ത്രം തന്നെയായിരിക്കും ഈ നിര്‍ണായക ഘട്ടത്തില്‍ മകന്റെ ഹിന്ദുത്വ അനുകൂല പ്രസ്താവന എന്നാണു വിലയിരുത്തപ്പെടുന്നത്. ചെറിയ സ്ഥാനത്യാഗങ്ങള്‍ വലിയ പദവികള്‍ പിടിക്കാനുള്ള വഴിയാണെന്നതിന് എ കെ ആന്റണിതന്നെയാണു മാതൃക.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest