Connect with us

Prathivaram

കോപം നിയന്ത്രിക്കാം, വ്യക്തിത്വം വികസിപ്പിക്കാം

യുദ്ധം, സംഘട്ടനം, കൊലപാതകം, കുടുംബത്തകര്‍ച്ച, ബന്ധ വിഛേദനം തുടങ്ങിയ സർവ തിന്മകളുടെയും മുഖ്യകാരണങ്ങളിലൊന്ന് കോപമാണ്

Published

|

Last Updated

കോപം മാനുഷികവും സ്വാഭാവികവുമായ ഒരു പ്രതിഭാസമാണ്. അനിഷ്ടമായത് കാണുകയോ കേള്‍ക്കുകയോ അനുഭവിക്കുകയോ ചെയ്യുമ്പോൾ മനഷ്യന്റെ വൈകാരികത ഉണരുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കോപം. മനുഷ്യനെ ഏറ്റവും കൂടുതല്‍ അപകടത്തിലാക്കുന്നതും സന്തുഷ്ട ജീവിതം തകർക്കുന്നതുമായ ദുഷ് വികാരമാണത്. പലരുടെയും വ്യക്തിത്വത്തിന്റെ പരാജയകാരണം തന്നെ അമിതമായ കോപമാണ്. പരസ്പരമുള്ള സഹകരണവും സഹവർത്തിത്വവും നശിപ്പിക്കുന്നതിനും സൗഹൃദങ്ങൾക്ക് വിള്ളലുണ്ടാക്കുന്നതിനും ബന്ധങ്ങൾ ശിഥിലമാക്കുന്നതിനും കോപം പ്രധാന പങ്ക് വഹിക്കുന്നു. ദൂരവ്യാപകമായ നാശങ്ങളുടെ കവാടങ്ങള്‍ തുറക്കാനുള്ള ഒരു താക്കോലെന്നാണ് കോപത്തെ പണ്ഡിതർ വിശേഷിപ്പിച്ചത്. യുദ്ധം, സംഘട്ടനം, കൊലപാതകം, കുടുംബത്തകര്‍ച്ച, ബന്ധ വിഛേദനം തുടങ്ങിയ സർവ തിന്മകളുടെയും മുഖ്യകാരണങ്ങളിലൊന്ന് കോപമാണെന്ന് ഇമാം ഗസ്സാലി(റ) ഇഹ്‌യാ ഉലൂമുദ്ദീനില്‍ പറയുന്നുണ്ട്.

എന്തിനും ഏതിനും ദേഷ്യപ്പെടുന്നവരുണ്ട്. കോപം വന്നാൽ ചിലർ ഭ്രാന്താവസ്ഥയിലാകുന്നു. തദവസരത്തിൽ അവർ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങൾ നിയന്ത്രിക്കാൻ അവർക്ക് കഴിയാതെ പോകുന്നു. സഹപ്രവർത്തകരുമായും പങ്കാളിയുമായും വഴക്കിടുകയും കുറ്റപ്പെടുത്തുകയും വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുകയും ആക്രോശിക്കുകയും കൈയിൽ കിട്ടുന്നതെല്ലാം വലിച്ചെറിയുകയും വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുകയും ചിലപ്പോൾ പ്രതിയോഗിയെ വകവരുത്തുകയും ചെയ്യുന്നു. പ്രതികാരം തീർക്കാനും തെറ്റായ തീരുമാനങ്ങളെടുക്കാനും ദേഷ്യവും ക്രോധവും വിദ്വേഷവും കാരണമാകുന്നു. ആകയാൽ അത്തരം സന്ദർഭങ്ങളിൽ തീരുമാനങ്ങളെടുക്കരുതെന്ന് മതം പറയുന്നുണ്ട്. ഇസ്്ലാമിലെ ഒന്നാം ഖലീഫ അബൂബക്കര്‍ സ്വിദ്ധീഖ്(റ) തന്റെ പ്രിയ പുത്രന് നൽകിയ ഉപദേശങ്ങളിൽ ഇങ്ങനെ കാണാം: മകനേ, നീ കോപാകുലനായിരിക്കെ ആളുകള്‍ക്കിടയില്‍ തീരുമാനമെടുക്കരുത്. കാരണം നബി(സ) അപ്രകാരം ചെയ്യുന്നതിനെ വിലക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് (മുസ്‌ലിം). പോർക്കളത്തിൽ അലി(റ)വിന്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയ ശത്രുവിനോട് പ്രതികാരം തീർക്കാതെ വെറുതെ വിടുകയാണ് ചെയ്തത്. മുഖത്ത് തുപ്പിയതിന്റെ വിദ്വേഷത്തിൽ പ്രതികാരമാകുമോ എന്ന് ഭയന്നതാണ് വെറുതെ വിടാനുള്ള കാരണം.

“കോപത്തോടെ ആരംഭിക്കുന്നതെല്ലാം ലജ്ജയിൽ അവസാനിക്കുമെന്ന്’ അമേരിക്കൻ തത്വചിന്തകൻ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോപം ഒരു ക്ഷണിക ഭ്രാന്താണ്. അതിന്റെ അഭിനിവേശം നിയന്ത്രിക്കുന്നില്ലെങ്കിൽ അത് നമ്മെ നിയന്ത്രിക്കും. ഇച്ഛാശക്തിയുള്ളവൻ മാനസിക വിഭ്രാന്തിയുണ്ടാകുമ്പോള്‍ സ്വന്തത്തെ നിയന്ത്രിക്കുകയും സഹനത്തിന്റെയും ശാന്തതയുടെയും സ്വഭാവം ഉള്‍ക്കൊള്ളുകയുമാണ് ചെയ്യേണ്ടത്. മനസ്സിന്റെ വിചാരങ്ങളെയും വികാരങ്ങളെയും ബോധപൂർവം നിയന്ത്രിക്കുകയാണെങ്കിൽ കോപത്തെ ഒരു പരിധിവരെ ഒതുക്കാൻ കഴിയും. കോപത്തെ സ്വയം നിയന്ത്രിക്കുമ്പോഴാണ് പരസ്പര സ്നേഹവും ബഹുമാനവും അംഗീകാരവും സന്തോഷവും പകർന്നു നൽകാൻ സാധിക്കുന്നത്.
കോപം ബന്ധങ്ങൾക്കിടയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അനന്തര ഫലങ്ങളും താങ്ങാവുന്നതിലുമപ്പുറമാണ്. അതുകൊണ്ട് തന്നെ കോപം നിയന്ത്രിക്കുന്നവന് വലിയ പ്രതിഫലമാണ് ഇസ്‌ലാം നൽകുന്നത്. ദേഷ്യത്തെ വിഴുങ്ങുന്നവന്റെ പാപങ്ങളെ അല്ലാഹു മറച്ചുവക്കുമെന്ന് തിരുവചനങ്ങളിലുണ്ട്. കോപം വിശ്വാസത്തെ ക്ഷയിപ്പിച്ചുകളയുമെന്നും പ്രവാചകര്‍(സ) പഠിപ്പിക്കുന്നുണ്ട്. വിശ്വാസിയുടെ സദ്ഗുണങ്ങളെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയതിൽ കോപം കടിച്ചിറക്കുന്നതിനെ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “അവര്‍ കോപം ഒതുക്കിവെക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമാണ്. (അത്തരം) സത്കര്‍മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു’ (ആലു ഇംറാന്‍: 134)
ഉപദേശം തേടി തിരുനബി(സ)യെ സമീപിച്ച അനുചരരോട് അവിടുന്ന് ആവര്‍ത്തിച്ച് പറഞ്ഞത്, ‘നീ കോപിക്കരുത്’ എന്നായിരുന്നു. ഇബ്‌നു മസ്ഊദ്(റ)ൽ നിന്ന് നിവേദനം: തിരുനബി(സ) പറഞ്ഞു: ‘ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തൻ, കോപം വരുമ്പോള്‍ അത് അടക്കിനിർത്താന്‍ കഴിയുന്നവനാണ് യഥാർഥ ശക്തന്‍’ (മുസ്‌ലിം).

അതിവൈകാരികതയെ നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്ന നിരവധി മനഃശാസ്ത്ര കോഴ്‌സുകള്‍ ഇന്നുണ്ട്. എന്നാൽ കോപം ഉണ്ടാകുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുന്നതിനേക്കാൾ ഫലപ്രദം കോപം ഉണ്ടാകാതിരിക്കുന്നതിനുള്ള മാർഗങ്ങൾ പരിശീലിക്കലാണ്.

കോപമെന്ന ദുര്‍വികാരം പിശാചിന്റെ ദുര്‍ബോധനത്തിൽ നിന്നാണ് ഉൽഭൂതമാകുന്നത്. കോപം വരുമ്പോള്‍ വിവേകത്തെ അടിച്ചമര്‍ത്തി വികാരത്തെയാണ് പിശാച് പ്രചോദിപ്പിക്കുന്നത്. തീ കൊണ്ടാണ് പിശാച് സൃഷ്ടിക്കപ്പെട്ടത്. വെള്ളം തീയണക്കുന്ന പോലെ കോപമുണ്ടാകുമ്പോൾ അംഗ സ്നാനം നടത്തുകയോ കുളിക്കുകയോ ചെയ്താൽ കോപം ശമിക്കുമെന്ന് ഹദീസിൽ കാണാം. ദേഷ്യം നിയന്ത്രിക്കാൻ പിശാചില്‍നിന്ന് കാവൽ തേടുക, ദിക്റുകൾ ചൊല്ലുക, വുളൂ ചെയ്യുക, കുളിക്കുക, രണ്ട് റക്അത്ത് നിസ്‌കരിക്കുക, അൽപ്പം നടക്കുക, മൗനം ഭജിക്കുക, നിൽക്കുന്നവൻ ഇരിക്കുക, അൽപ്പ സമയം വിശ്രമിക്കുക തുടങ്ങിയ പരിഹാര ക്രിയകൾ നബി വചനങ്ങളിലുണ്ട്. (അബൂദാവൂദ്). ദേഷ്യശമനത്തിന് ദീർഘശ്വാസം (Deep breath) എടുക്കുക, നൂറു തൊട്ടു താഴേക്കു എണ്ണുക, കണ്ണടച്ചിരിക്കുക, നടക്കുക, ആസ്വദിച്ച നല്ല നിമിഷങ്ങൾ ഓർക്കുക തുടങ്ങിയ വിദ്യകൾ പ്രായോഗികമാണെന്ന് ആധുനിക മനഃശാസ്ത്രവും പറയുന്നു.

കോപം വരുമ്പോള്‍ പരിസരം മറന്ന് പെരുമാറുന്നവരുണ്ട്. നിറയെ മാമ്പഴമുള്ള ഒരു മാവിലെ പകുത്ത് പാകമായ മാങ്ങ ലഭിക്കാൻ വേണ്ടി കല്ലെറിയുമ്പോള്‍ അതിന്റെ സമീപത്തുള്ള പാകമാകാത്ത മാമ്പഴത്തിനും മാവിൻ ചില്ലകൾക്കും ഏറ് കൊള്ളുകയും പരുക്കേൽക്കുകയും ചെയ്യുന്നു. എന്ന പോലെ സംഘത്തിലുള്ള ഒരാളോട് ക്ഷോഭിക്കുമ്പോള്‍ മറ്റുള്ളവരുടെ മനസ്സിൽ അത് മുറിവേൽക്കുകയും അയാളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും അയാളെ വെറുക്കാൻ ഇടവരുത്തുകയും ചെയ്യുന്നു.
എന്തെങ്കി​ലും കാര്യം ഒരാളെ അരിശം​പി​ടി​പ്പി​ക്കു​മ്പോൾ ആദ്യം മനസ്സിൽ തോന്നു​ന്നത്‌ പറയുന്നതിനു പകരം ഒരു നിമിഷം അതിന്റെ വരുംവരായ്കകളെ കുറിച്ച് ആലോചിക്കണം. കാരണം, പറഞ്ഞ വാക്കുകൾ തൊടുത്ത അമ്പുപോലെയാണ്. “കോപത്തിന്റെ ആദ്യ നിമിഷം ക്ഷമയോടെ കാത്തിരിക്കുകയാണെങ്കിൽ നൂറ് ദിവസത്തെ സങ്കടത്തിൽ നിന്ന് രക്ഷപ്പെടുമെന്ന്’ ചൈനീസ് പഴമൊഴിയുണ്ട്.

മഖ്‌സൂമിയ ഗോത്രത്തിലെ ഒരു സ്ത്രീ കളവ് നടത്തിയത് ഖുറൈശികളെ വല്ലാതെ വിഷമത്തിലാക്കിയപ്പോൾ പ്രസ്തുത വിഷയത്തിൽ ശിപാര്‍ശക്ക് വേണ്ടി തിരുനബി(സ)യെ സമീപിച്ച ഉസാമത്തി(റ) നോട് ദേഷ്യപ്പെട്ട് കൊണ്ട് അവിടുന്ന് പറഞ്ഞു: ” അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ മാറ്റം വരുത്താനാണോ താങ്കൾ ശിപാര്‍ശ ചെയ്യുന്നത് ? നിശ്ചയം നിങ്ങള്‍ക്കുമുമ്പുള്ളവര്‍ നശിക്കാനുള്ള കാരണം മോഷണം നടത്തിയത് ഉന്നതരാണെങ്കില്‍ ശിക്ഷിക്കാതിരിക്കുകയും ദുര്‍ബലരാണെങ്കില്‍ ശിക്ഷിക്കുകുയും ചെയ്തതിനാലാണ്. അല്ലാഹുവാണ് സത്യം, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കളവ് നടത്തിയത് എങ്കിലും ഞാനവളുടെ കൈ മുറിക്കുക തന്നെ ചെയ്യും.’ (ബുഖാരി, മുസ്‌ലിം). സ്വയം കോപിക്കാതെയും സ്രഷ്ടാവിന്റെ കോപത്തെ ഭയന്നും ജീവിക്കുന്നവനാണ് യഥാർഥ വിശ്വാസി.

---- facebook comment plugin here -----

Latest