Connect with us

drugs and cyber world

വലവിരിച്ച് സൈബറിടങ്ങളും

സാമൂഹിക മാധ്യമങ്ങളിലെ പരിചയപ്പെടലിലൂടെ, പിന്നീട് നിരന്തരമായുള്ള ചാറ്റിംഗിലൂടെ സൃഷ്ടിക്കപ്പെടുന്ന സൗഹൃദങ്ങളിൽ ചിലത് ലഹരിവഴിയിലേക്കാണ് പോകാറുള്ളത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം എന്നിവക്ക് പുറമെ ഇന്റർനെറ്റിലെ അധോലോകമെന്നറിയപ്പെടുന്ന ഡാർക്ക് വെബ് വഴിയും പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ലഹരി മാഫിയ.

Published

|

Last Updated

ഘോഷക്കാലത്ത് വിപണിയിൽ കിഴിവുകൾ പ്രഖ്യാപിച്ച് കച്ചവടം പൊടിപൊടിക്കുക പതിവാണ്. ലഹരിക്കച്ചവടക്കാർക്കിടയിലും ഈ പതിവ് ഉണ്ടത്രെ. ആഘോഷക്കാലത്തെ കച്ചവടത്തിന് ഇടിവ് സംഭവിച്ചാൽ അവർ വിറ്റഴിക്കൽ വിൽപ്പനയുമായും രംഗത്തിറങ്ങും. ഒന്ന് രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇത്തരം ഓഫർ പ്രഖ്യാപിച്ച് ലഹരിവിൽപ്പന നടത്തിയ ഒരു സംഘത്തെ കൊച്ചിയിൽ പോലീസ് അടപടലം പൂട്ടിയിരുന്നു. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷക്കാലം കഴിഞ്ഞപ്പോഴാണ് വിറ്റഴിക്കൽ വിൽപ്പനയുമായി ഇവരുടെ രംഗപ്രവേശം. അതും സാമൂഹിക മാധ്യമങ്ങൾ വഴി. ഡിസ്‌കൗണ്ട് വിലയിട്ട് കഞ്ചാവും ഹഷീഷ് ഓയിലുമാണ് വിൽക്കാൻ ശ്രമിച്ചത്. 40 ശതമാനം ഓഫറാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും ഇവർ പ്രഖ്യാപിച്ചത്. പോലീസും എക്‌സൈസും നടത്തുന്ന പരിശോധനകളുടെ പശ്ചാത്തലത്തിൽ ആഘോഷ സീസണിൽ ഇവർക്ക് കച്ചവടം നടത്താനായില്ല. വിൽക്കാനാകാതെ പോയ ലഹരിയുടെ കച്ചവടമായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ, ലഹരിമരുന്ന് തകൃതിയിൽ വിറ്റ് തടിയൂരാനുള്ള ശ്രമം പോലീസും എക്‌സൈസും പൊളിച്ചടുക്കി. സൈബറിടങ്ങളെ ഉപയോഗിച്ചുള്ള ലഹരി വിൽപ്പനക്ക് അധിക കാലത്തെ പഴക്കമില്ലെങ്കിലും കാലം മാറുന്നതിനനുസരിച്ച് വിൽപ്പനയുടെ രീതിശാസ്ത്രം അതിവേഗത്തിലാണ് മാറുകയോ മാറ്റപ്പെടുകയോ ചെയ്യുന്നത്.

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം എന്നിവക്ക് പുറമെ ഇന്റർനെറ്റിലെ അധോലോകമെന്നറിയപ്പെടുന്ന ഡാർക്ക് വെബ് വഴിയും പുതിയ തന്ത്രങ്ങളാവിഷ്കരിക്കുകയാണ് ലഹരി മാഫിയ. ഒളിഞ്ഞും തെളിഞ്ഞും ചെറുപ്പക്കാരെ ലാക്കാക്കി ലഹരിക്കച്ചവടക്കാർ സൈബറിടങ്ങളിൽ വിലസുകയാണ്. ഇൻസ്റ്റഗ്രാമിലുടെയായിരിക്കും ഇവരുടെ ആദ്യ പ്രചാരണം. പിന്നീട് ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ക്ഷണിച്ച് അവിടെ നിന്നാണ് പലരെയും ലഹരിവഴിയിലെത്തിക്കുന്നതെന്ന് പോലീസിലെ സൈബർ വിദഗ്ധർ പറയുന്നു. സാമൂഹിക മാധ്യമങ്ങളിലെ പരിചയപ്പെടലിലൂടെ, പിന്നീട് നിരന്തരമായുള്ള ചാറ്റിംഗിലൂടെ സൃഷ്ടിക്കപ്പെടുന്ന സൗഹൃദങ്ങളിൽ ചിലത് ലഹരിവഴിയിലേക്കാണ് പോകാറുള്ളതെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന സൈബർ വിദഗ്ധൻ വ്യക്തമാക്കി. കൊച്ചി നഗരത്തിൽ ചുരുങ്ങിയത് മാസത്തിൽ മൂന്നോ നാലോ കേസെങ്കിലും ഓൺലൈൻ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് കണ്ടെത്തി എക്‌സൈസ് വിഭാഗത്തിന് കൈമാറാറുണ്ടെന്നും െൈസബർ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജാഗ്രതയോടെ സാമൂഹിക മാധ്യമങ്ങളിലിടപെട്ടില്ലെങ്കിൽ ലഹരി മാഫിയ വിരിച്ച വലയിൽ ഉറപ്പായും പെട്ടുപോകുമെന്ന മുന്നറിയിപ്പാണ് അവർ നൽകുന്നത്.

ഓൺലൈനിൽ ചതിക്കുഴികൾ
സാധാരണക്കാർക്ക് എത്തിപ്പെടാനാകാത്ത ഇന്റർനെറ്റിലെ “അധോലോകമായ’ ഡാർക് വെബ് വഴിയുള്ള അനധികൃത വ്യാപാരം കേരളത്തിലുണ്ടെന്ന് കേന്ദ്ര ഏജൻസികൾ നേരത്തേ റിപോർട്ട് ചെയ്തിരുന്നു. ഇന്റർനെറ്റിന്റെ 80 ശതമാനത്തിലധികം ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ കിട്ടുന്നവയല്ല. നമുക്കറിയാത്ത, നാം കാണാത്ത ഇന്റർനെറ്റിന്റെ വലിയൊരു ഭാഗം ഡീപ് വെബാണ്. ഡീപ് വെബിൽ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഡാർക്ക് വെബ് െൈസറ്റുകൾ ഉപയോഗിച്ച് ലഹരിമരുന്ന് കച്ചവടം നടക്കുന്നുവെന്ന് പോലീസിന്റെ സൈബർ വിഭാഗം നിരീക്ഷിച്ചിരുന്നു. രാജ്യാന്തര മാഫിയകൾ ലഹരിക്കടത്തിന്റെ മാർഗമായി ഡാർക്ക് വെബ്‌സൈറ്റുകളെ നേരത്തേ ഉപയോഗിച്ചിരുന്നു. എന്നാൽ, കേരളത്തിൽ ഒന്ന് രണ്ട് വർഷം മുമ്പാണ് ഇതിനുള്ള തെളിവുകൾ കിട്ടുന്നത്. കൊച്ചിയിൽ ഫോറിൻ പോസ്റ്റ് ഓഫീസ് വഴി വന്ന പാഴ്‌സൽ ന്യൂജെൻ ലഹരി മരുന്നുകൾ രാജ്യാന്തര വിപണിയിൽ നിന്ന് ഡാർക്ക് വെബ് വഴിയാണ് വാങ്ങിയതെന്ന സൂചനയാണ് സൈബർ വിഭാഗത്തിന് ലഭിച്ചത്. അതിന് ശേഷമാണ് ഈ മേഖലയിലേക്കുള്ള പോലീസിന്റെ അന്വേഷണം ശക്തമാക്കിയത്. രണ്ട് മാസം മുമ്പ് മട്ടാഞ്ചേരിയിൽ ലഹരി മരുന്നുമായി ആറ് യുവാക്കൾ പോലീസ് പിടിയിലായിരുന്നു. ഇവരിൽ നിന്ന് എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയിൽ എന്നിവ കണ്ടെടുത്തു. ഡാർക്ക് വെബ് വഴിയും ബെംഗളൂരുവിൽ പഠിക്കുന്ന ഒരാൾ വഴിയുമാണ് ഇവർ ലഹരി മരുന്ന് വാങ്ങി കോളജുകളിലും യുവാക്കൾക്കിടയിലും വിൽപ്പന നടത്തിവന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്. ലഹരി വിൽപ്പന വഴി ലഭിക്കുന്ന പണം ഇവർ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ഡാർക്ക് വെബ് വഴി ഓർഡർ ചെയ്ത് ചൈനയിൽ നിന്ന് ഡെലിവറി ചെയ്യുന്ന പാഴ്‌സലുകൾ അടുത്തിടെ എറണാകുളം ജില്ലയിലെത്തിയത് സംബന്ധിച്ച വിവരങ്ങളും സൈബർ വിഭാഗം ശേഖരിച്ചിരുന്നു. പാഴ്‌സലുകൾ കൈപ്പറ്റാൻ ആളെത്തിയില്ലെങ്കിൽ ഇവ ഫ്രാൻസുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കാണത്രെ പോകുന്നത്.

കൊറിയർ വഴി ലഹരിക്കടത്ത്
65 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാമോളം എം ഡി എം എയാണ് ഒരാഴ്ചക്കുള്ളിൽ എറണാകുളത്ത് നിന്ന് മാത്രം പിടികൂടിയത്. കേന്ദ്ര നാഡീവ്യൂഹത്തെ അതിവേഗം ബാധിക്കുന്ന ഈ സിന്തെറ്റിക് ഡ്രഗിന് ഇവിടെ ആവശ്യക്കാർ നിരവധിയുണ്ടെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇതിൽ അങ്കമാലിയിലും കുട്ടമശ്ശേരിയിലും ഉള്ള കൊറിയർ സ്ഥാപനങ്ങൾ വഴി 400 ഗ്രാം എം ഡി എം എയാണ് എറണാകുളത്തെ എക്‌സൈസ് വിഭാഗം പിടിച്ചെടുത്തത്. ഇതിന് മാത്രം 40 ലക്ഷം രൂപ വിലവരും. മഹാരാഷ്ടയിൽ നിന്നാണ് ഇവിടേക്ക് കൊറിയർ അയച്ചത്. വിദേശികളും സംഘത്തിലുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വിദ്യാർഥികളും യുവാക്കളും ചില സെലിബ്രിറ്റികളുമാണ് ഇവർ കൊണ്ടുവരുന്ന മയക്കുമരുന്നിന്റെ ആവശ്യക്കാർ. അങ്കമാലി കൊറിയർ സ്ഥാപനത്തിൽ നിന്ന് എം ഡി എം എ അടങ്ങുന്ന പാക്കറ്റ് കൈപ്പറ്റി മടങ്ങുമ്പോൾ പിടിയിലായ ആൾ ഇതിന് മുമ്പ് നാല് പ്രാവശ്യം ലക്ഷങ്ങൾ വിലവരുന്ന എം ഡി എം എ കടത്തി വിപണനം ചെയ്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതും കൊറിയർ വഴി കടത്തിയതാണ്.
മറ്റു മാർഗങ്ങളിൽ കൊണ്ടുവരുമ്പോൾ പോലീസ് പിടികൂടുന്നതിനാലാണ് കൊറിയർ വഴി തിരഞ്ഞെടുക്കുന്നത്. പലപ്പോഴും മേൽ വിലാസക്കാരനായിരിക്കില്ല കൊറിയർ കൈപ്പറ്റുന്നത്. 2018ൽ തന്നെ എക്‌സൈസ് ആന്റി നാർകോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് എറണാകുളത്തെ ഒരു പാഴ്‌സൽ സ്ഥാപനത്തിൽ നിന്ന് 30 കിലോ ഗ്രാം എം ഡി എം എ പിടിച്ചെടുത്തിരുന്നു. 200 കോടിയോളമായിരുന്നു അന്നതിന്റെ വിപണി വില. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് എറണാകുളത്തെ പാഴ്‌സൽ കമ്പനിയുടെ ഗോഡൗണിലേക്ക് സാരികൾ അടങ്ങിയ എട്ട് കാർട്ടൺ ബോക്‌സുകളാണ് എത്തിയിരുന്നത്. എയർ കാർഗോ വഴി മലേഷ്യയിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. ഒരു തവണ മലേഷ്യയിലേക്ക് ഇത്തരത്തിൽ മയക്കുമരുന്ന് കടത്തിയതിന്റെ അനുഭവം വിജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും കൊറിയർ വഴിയുള്ള ലഹരിക്കടത്തിന് ശ്രമിച്ചത്. ചെന്നൈയിൽ നിന്ന് നേരിട്ടയക്കാതെ കൊച്ചി വഴി മലേഷ്യയിലേക്ക് പാഴ്‌സൽ അയക്കാനുള്ള ശ്രമത്തിലും മലേഷ്യയിലെ വിലാസത്തിലും പന്തികേട് തോന്നിയ എറണാകുളത്തെ കൊറിയറുടമയാണ് വിവരം പോലീസിലറിയിച്ചത്. ഇതോടെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അളവിലുള്ള എം ഡി എം എ മയക്കുമരുന്ന് വേട്ടകളിലൊന്നായി അത് മാറിയത്. വർഷങ്ങൾ പിന്നിടുമ്പോഴും എണ്ണത്തിൽ ഒരു കുറവും വന്നില്ലെന്നല്ല അതിഭീതിദമായ വിധത്തിൽ മയക്കു മരുന്ന് വിൽപ്പന കൂടിയെന്നത് തന്നെയാണ് ചൂണ്ടിക്കാണിക്കാനാകുന്നത്. പാഴ്‌സൽ സർവീസുകളായി നഗരങ്ങളിലെ ഹോസ്റ്റലുകളിലേക്കും സ്റ്റേ ഹോമുകൾ അടക്കമുള്ള വിവിധ താമസസ്ഥലങ്ങളിലേക്കും ലഹരി എത്തുന്നുണ്ടെന്ന് റെയ്ഡ് അനുവഭവങ്ങൾ ചൂണ്ടിക്കാട്ടി എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. സൗന്ദര്യവർധക വസ്തുക്കൾ, ഭക്ഷണ പദാർഥങ്ങൾ, പുസ്തകങ്ങൾ എന്നിവയെല്ലാം ലഹരി വസ്തുക്കൾ ഒളിപ്പിക്കാൻ ഇവർ ഉപയോഗിക്കുന്നുണ്ടത്രെ.

ലൈംഗിക ചൂഷണവും
ഓയോ ആപ്പ് വഴി ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്യാനുള്ള സൗകര്യം പലരും ദുരുപയോഗപ്പെടുത്തുന്നുവെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ അടുത്തിടെയുണ്ടായെന്ന് എക്‌സൈസ് അധികൃതർ പറയുന്നു. ലോഡ്ജ് ജീവനക്കാരുടെ ചോദ്യങ്ങളും റെയ്ഡും ഭയക്കേണ്ടതില്ലെന്ന സൗകര്യം കൂടിയുള്ളതിനാൽ ചെലവ് കുറഞ്ഞ ഹോട്ടലുകൾ മുതൽ ആഡംബര ഹോട്ടലുകൾ വരെ ലഹരി മാഫിയ ഉപയോഗിക്കുന്നുണ്ട്. ഇത്തരം നിരവധി സംഭവങ്ങളാണ് കൊച്ചി പോലുള്ള നഗരങ്ങളിലരങ്ങേറുന്നത്. നഗരത്തിലെ സ്ഥാപനങ്ങളിൽ പഠിക്കാനായി എത്തി മുറിയെടുത്ത് താമസിക്കുന്നവരാണ് പലപ്പോഴും കൂട്ടുകെട്ടുകളിൽപ്പെട്ട് വഴി തെറ്റുന്നത്.

കുടുംബത്തിൽ മാതാപിതാക്കൾ തമ്മിലുള്ള തർക്കം മൂലം വേറിട്ട് താമസിക്കുന്നവരെയും വീട്ടിൽ പിതാവോ സഹോദരങ്ങളോ ഇല്ലാത്ത പെൺകുട്ടികളെയുമാണ് ലഹരിയുടെ കാരിയർമാർ കൂടുതലായും നോട്ടമിടുന്നത്. ആദ്യം ഇവരെ സൗഹൃദത്തിലാക്കി, പിന്നീട് ലഹരി നൽകി വശത്താക്കി ലൈംഗിക ചൂഷണം നടത്തുന്ന എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും എക്‌സൈസ് അധികൃതർ പറയുന്നു. ഓയോ സൈറ്റ് വഴി മുറി ബുക്ക് ചെയ്ത ശേഷം സ്ത്രീകൾ അടക്കമുള്ള സംഘം കുടുംബമാണെന്ന വ്യാജേന ഹോട്ടലിൽ കഴിഞ്ഞ് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഭവങ്ങളുമുണ്ട്. കൊച്ചിയിൽ ഇത്തരമൊരു സംഘം നേരത്തേ എക്‌സൈസിന്റെ വലയിലായിരുന്നു. 55 ഗ്രാം എം ഡി എം എയുമായി എട്ട് പേരെയാണ് അന്ന് പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനക്കെത്തിയ നാല് പേരും മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയുമുൾപ്പെട്ടതായിരുന്നു എട്ടംഗ സംഘം. വിദേത്ത് ജോലി ചെയ്തിരുന്നവരായിരുന്നു പ്രതികളിൽ മിക്കവരും. അവിടെ വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് കടന്നത്. ഓൺലൈൻ സൈറ്റുകൾ വഴിയാണ് ഇവർ ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്ത് വരുന്നതെന്ന് പിന്നീട് അന്വഷണത്തിൽ വ്യക്തമായി. മയക്കുമരുന്ന് വലിക്കാനുള്ള ഹുക്കയടക്കം ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. സമാന സംഭവങ്ങൾ പലയിടത്തും ഉണ്ടാകാമെന്നാണ് എക്‌സൈസിന്റെ നിരീക്ഷണം. പിടിക്കപ്പെടുന്നവരിൽ നിന്ന് കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിൽ മാത്രമേ ഇത്തരക്കാരെ കണ്ടെത്താനാകുന്നുള്ളൂവെന്ന പരിമിതിയും എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കുവെക്കുന്നു.

(നാളെ: ലഹരിക്കടത്ത്: കേരളം അന്താരാഷ്ട്ര ഹബ്ബോ?…)

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest