Connect with us

Aksharam Education

കാവ്യപ്രസ്ഥാനങ്ങൾ

സാഹിത്യ രംഗത്തെ പഠന സൗകര്യത്തിനു വേണ്ടി കൂടിയാണ് ഇത്തരത്തിൽ വിഭാഗങ്ങളായി തിരിച്ചത്.

Published

|

Last Updated

പ്രാചീന കവിത്രയങ്ങൾ എന്നറിയപ്പെടുന്ന ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, തുടങ്ങിയ കവികളുടെ കവിതാരചനാ ശൈലി അടിസ്ഥാനമാക്കി മൂന്ന് വിധത്തിലുള്ള കാവ്യ പ്രസ്ഥാനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. സാഹിത്യ രംഗത്തെ പഠന സൗകര്യത്തിനു വേണ്ടി കൂടിയാണ് ഇത്തരത്തിൽ വിഭാഗങ്ങളായി തിരിച്ചത്.

ഗാഥാ പ്രസ്ഥാനം

ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന കാവ്യത്തിലൂടെയാണ് ഗാഥാ പ്രസ്ഥാനം രൂപപ്പെടുന്നത്. “ഗാഥ’ എന്നാൽ പാട്ട് എന്നർഥമാണ്. ലളിത മലയാള പദങ്ങളുടെ പ്രയോഗം കൊണ്ടും ഭാഷയുടെയും കവിതയുടെയും രീതികൊണ്ടും കവിതാ വികാസത്തിൽ നല്ല പങ്കു വഹിച്ച പ്രസ്ഥാനമാണിത്.

സാധാരണക്കാർക്ക് മനസ്സിലാകുന്ന ശുദ്ധമായ മലയാള ഭാഷയിലാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത്. മലയാളത്തിന്റെ തനത് വൃത്തമായ മഞ്ജരിയാണ് കൃഷ്ണഗാഥയിലുടനീളം പ്രയോഗിച്ചിരിക്കുന്നത്.

മഞ്ജരി വൃത്തത്തിൽ രചിക്കപ്പെട്ട കൃതികളെ ഗാഥാകൃതികൾ എന്ന് വിളിക്കപ്പെടുന്നുമുണ്ട്. മഞ്ജരി വൃത്തം ഗാഥാവൃത്തം എന്നും അറിയപ്പെടുന്നു.

ചെറുശ്ശേരിയുടെ കൃഷ്ണഗാഥക്ക് പുറമെ വേറെയും ഗാഥാകൃതികളുണ്ട്. “ഭാരതഗാഥ’ എന്ന കൃതിയും ചെറുശ്ശേരിയുടേതാണെന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാന്റെ ഭാഗവതഗാഥയും ഒരു ഗാഥാകൃതിയാണ്.

കിളിപ്പാട്ട് പ്രസ്ഥാനം

കവിയുടെ അഭ്യർഥന പ്രകാരം കിളി (ശാരിക പൈതൽ) കഥ പറയുന്ന രീതിയിൽ കവിതകൾ രചിച്ചതിനാലാണ് കിളിപ്പാട്ട് പ്രസ്ഥാനം എന്നറിയപ്പെട്ടത്.

മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.
കിളിയോട് ഭഗവത്കഥകളും പുരാണ കഥകളും പാടാൻ ആവശ്യപ്പെടുന്ന രീതിയിലാണ് ഈ കൃതികൾ ക്രമപ്പെടുത്തുന്നത്. പ്രധാനപ്പെട്ട കിളിപ്പാട്ടു കൃതികളിൽ കേക, കാകളി എന്നി വൃത്തങ്ങളാണ് പ്രയോഗിച്ചു കാണുന്നത്. ആദ്യാത്മരാമായണം, മഹാഭാരതം, ഭാഗവതം എന്നിവയാണ് പ്രധാന കിളിപ്പാട്ട് കൃതികൾ.

തുള്ളൽ പ്രസ്ഥാനം

സാമൂഹിക വിമർശനപരവും വികസന പരവും ജനകീയവുമായ കലാരൂപമാണ് തുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഇത് അറിയപ്പെടുന്നുണ്ട്. കുഞ്ചൻ നമ്പ്യാർ ആണ് തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.
ഓട്ടൻ, പറയൻ, ശീതങ്കൻ എന്നിങ്ങനെ മൂന്ന് വിധത്തിൽ തുള്ളലുണ്ട്.

നാടോടി സ്വഭാവം ഉള്ള അംഗചലനങ്ങളാണുള്ളത്. താൻ ജീവിച്ചു വന്ന കാലഘട്ടത്തിലെ എല്ലാതരം അവസ്ഥകളോടും ഉള്ള തന്റെ നിലപാട് കൂടിയാണ് നമ്പ്യാർ ഇതിൽ അവതരിപ്പിക്കുന്നത്.

സമൂഹത്തിൽ നിലവിലുണ്ടായിരുന്ന അഴിമതികളെയും അനീതികളെയും അസമത്വങ്ങളെയും കഠിനമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു.

നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ് ഒരു കലാകാരൻ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന ലളിതമായ രീതിയാണിത്.

സാധാരണ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന നാടൻ ശൈലിയിലാണ് തുള്ളൽ പാട്ടുകൾ.
ഇത് സാധാരണക്കാരന്റെ കഥകളി എന്നാണ് അറിയപ്പെടുന്നത്.

ഓട്ടൻ തുള്ളൽ

ഏറ്റവും വേഗതയേറിയതും ജനപ്രിയവുമായ കലാരൂപമാണിത്. നല്ല ഘടനയിലും വേഗതയിലും പാടി അവതരിപ്പിക്കപ്പെടാൻ പറ്റുന്ന വിധത്തിൽ നമ്പ്യാർ ഓട്ടൻതുള്ളലിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ശീതങ്കൻ തുള്ളൽ

വേഗത കുറഞ്ഞതും എന്നാൽ രാത്രികാലങ്ങളിൽ അവതരിപ്പിക്കുന്ന രീതിയിലുമാണ് ശീതങ്കൻ തുള്ളൽ ചിട്ടപ്പെടുത്തിയത്.

പറയൻ തുള്ളൽ

ഓട്ടൻതുള്ള ലിൽ നിന്നും ശീതങ്കൻ തുള്ളലിൽ നിന്നും വേറിട്ട അവതരണ രീതിയും പാട്ട് രീതിയുമാണ് പറയൻ തുള്ളലിനുള്ളത്. വ്യത്യസ്തമായ വേഷവിധാനങ്ങളുടെ പ്രത്യേകതയും ഈ കലാരൂപത്തിനുണ്ട്. തുള്ളലിന് ഉപയോഗിക്കുന്ന വാദ്യങ്ങൾ തുള്ളൽ വാദ്യങ്ങൾ എന്നറിയപ്പെടുന്നു.

തുള്ളൽ കലാരൂപങ്ങളിൽ സാധാരണ ഉപയോഗിക്കാറുള്ളത് തുകൽ വാദ്യങ്ങളാണ്. മദ്ദളം, കൈത്താളം, മൃദംഗം എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന വാദ്യ ഉപകരണങ്ങൾ.

ഗാഥാ പ്രസ്ഥാനം, കിളിപ്പാട്ട് പ്രസ്ഥാനം, തുള്ളൽ പ്രസ്ഥാനം എന്നിവയിലൂടെ ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചൻ നമ്പ്യാരും മലയാളഭാഷയുടെ ശക്തിയും ഊർജസ്വലതയും എത്രത്തോളം പൊതുസമൂഹത്തിനു മുമ്പിൽ ഉയർത്തി നിൽക്കുന്നുവോ അത്രതന്നെ പ്രശസ്തി ഭാവികാലത്തും ഈ കവിത്രയങ്ങൾക്ക് ഉണ്ടാകും എന്നത് നിസ്തർക്കമാണ്.

Content Highlights:
Malayalam literature classifies ancient poetry into three main movements based on Cherusseri, Ezhuthachan, and Kunchan Nambiar. Cherusseri pioneered the Gatha style using Manjari metre, Ezhuthachan created Kilippattu, and Nambiar founded the satirical Thullal movement to critique social evils.