Connect with us

rice price

ഒരു മാസത്തിനിടെ വർധിച്ചത് എട്ട് രൂപ; അരി വിലയും കുതിക്കുന്നു

ഫെബ്രുവരിയോടെ വിലക്കയറ്റം രൂക്ഷമാകും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം അരിക്കും വില വർധിക്കുന്നു. രണ്ടാഴ്ചക്കിടെ മിക്കയിനം അരിക്കും അഞ്ച് മുതൽ പത്ത് രൂപ വരെയാണ് വില വർധിച്ചത്.

മട്ട അരിക്കാണ് കുത്തനെ വില കൂടിയത്. കഴിഞ്ഞ ആഴ്ച 38 രൂപയായിരുന്ന അരി ഇപ്പോൾ മൊത്തവില 49 രൂപയിലെത്തി. റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്ന മട്ട അരി വിതരണം താളം തെറ്റിയിരുന്നു. ഈ അവസരത്തിൽ അരിയുടെ വില ഉയർന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആന്ധ്രാപ്രദേശിൽ നിന്നെത്തുന്ന ജയ, പൊന്നി, തമിഴ്‌നാട്ടിൽ നിന്നെത്തുന്ന കുറുവ, പൊന്നി അരിക്കും ബിരിയാണി അരിക്കും വില വർധിച്ചിട്ടുണ്ട്. കിലോക്ക് 32 രൂപയുണ്ടായിരുന്ന വെള്ളക്കുറുവക്ക് 38 ആയി. മഞ്ഞക്കുറുവക്ക് 30ൽ നിന്ന് 36 ആയും തമിഴ്‌നാട് കുറുവക്ക് 27.50 രൂപയിൽ നിന്ന് 30 ആയും വർധിച്ചു.

കല്യാണാവശ്യങ്ങൾക്കുപയോഗിക്കുന്ന ശിവശക്തി ബ്രാൻഡ് അരിക്ക് 36ൽ നിന്ന് 42 രൂപയായി. 30 രൂപയുണ്ടായിരുന്ന പൊന്നിക്ക് 34 മുതൽ 38.50 രൂപ വരെയാണ് വിപണി വില. റേഷനരി കുറയുകയും സർക്കാറിന്റെ സൗജന്യകിറ്റ് നിലക്കുകയും ചെയ്ത സാഹചര്യത്തിൽ സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതാണ് അരിവില വർധന.

അതേസമയം, നിലവിലെ സാഹചര്യം അനുസരിച്ച് ഫെബ്രുവരി ആകുമ്പോഴേക്കും കനത്ത വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ഓരോ മാസവും 3.3 ലക്ഷം ടൺ അരിയാണ് കേരളത്തിൽ വിൽക്കുന്നത്. ഇതിൽ 1.83 ലക്ഷം ടൺ വെള്ള അരിയും 1.5 ലക്ഷം ടൺ മട്ടയുമാണ്. എന്നാൽ കഴിഞ്ഞ വർഷം 6.05 ലക്ഷം ടൺ ആണ് കേരളത്തിന്റെ അരി ഉത്പാദനം. കൃഷി വകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. ഈ വർഷം 6.71 ലക്ഷം ടണ്ണാണ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ച് രണ്ട് മാസത്തേക്ക് ആവശ്യമായ അരി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്.

പച്ചക്കറിക്കും അനുദിനം വില ഉയരുകയാണ്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ വിവിധ പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും വിലക്കയറ്റം നിയന്ത്രണ വിധേയമായിട്ടില്ല. അമര, കത്തിരി, വഴുതന, പയർ, വലിയമുളക്, ബീൻസ്, വെള്ളരി, തക്കാളി, മുരിങ്ങക്ക തുടങ്ങിയവയുടെ വില പൊതുവിപണിയിൽ 100 രൂപക്ക് പുറത്താണ്. പച്ചക്കറികളുടെ വില കുറക്കാൻ തക്കാളി വണ്ടി എന്ന പേരിൽ പുതിയ പദ്ധതിയും കൃഷി വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയിൽ ലക്ഷക്കണക്കിന് ഹെക്ടർ നെൽകൃഷി നശിച്ചതാണ് ഉത്പാദനക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കിയത്. ഇന്ധന വില വർധനവും കയറ്റുമതി വർധിച്ചതും വിലക്കയറ്റത്തിന് കാരണമായി. കഴിഞ്ഞ രണ്ട് വർഷം നേരിട്ട നഷ്ടം നികത്താൻ കമ്പനികൾ വില വർധിപ്പിച്ചതും അരിവിലയെ ബാധിച്ചിട്ടുണ്ട്.

Latest