Connect with us

National

ജയിലിലാകുന്ന മന്ത്രിമാരെ നീക്കൽ: ബിൽ അവതരിപ്പിച്ച് അമിത്ഷാ; പ്രതിഷേധത്തിൽ മുങ്ങി ലോകസ്ഭ

നാടകീയ രംഗങ്ങൾ; സംഘർഷം ഭയന്ന് അമ്പതോളം മാർഷൽമാരെ നിയോഗിച്ചു

Published

|

Last Updated

ന്യൂഡൽഹി | ഗുരുതര കുറ്റത്തിന് അറസ്റ്റിലായി മുപ്പത് ദിവസം തടവില്‍ കഴിയേണ്ടി വരുന്ന മന്ത്രിമാരെ നീക്കം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍  ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ എതിർപ്പിനെ വകവെക്കാതെയാണ് ബിൽ അവതരിപ്പിച്ചത്. പാർലമെൻ്ററി ജനാധിപത്യത്തെ തകർക്കുന്ന ബില്ലാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി. നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് അംഗങ്ങള്‍ ബില്ല് ആഭ്യന്തര മന്ത്രിക്ക് നേരെ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. ബിൽ പ്രതിപക്ഷത്തെ ലക്ഷ്യം വെച്ചാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

നാടകീയ രം​ഗങ്ങളാണ് ലോക്സഭയിൽ അരങ്ങേറിയത്.  മൂന്നാം നിരയിൽ ഇരുന്നായിരുന്നു അമിത് ഷാ ബിൽ അവതരിപ്പിച്ചത്.  സംഘർഷ സാഹചര്യത്തിൽ ലോക്സഭയിൽ അമ്പതോളം മാർഷൽമാരെ നിരത്തിയായിരുന്നു ബിൽ അവതരണം. മാർഷൽമാരെ അണിനിരത്തിയതോടെ പ്രതിപക്ഷം കൂവിവിളിച്ചു. പുതിയ സഭയിൽ ആദ്യമായാണ് മാർഷൽമാരെ നിയോഗിക്കുന്നത്.

ധാര്‍മികതക്ക് വേണ്ടിയാണ് ബിൽ എന്നാണ് അമിത്ഷാ അവകാശപ്പെട്ടത്. ധാര്‍മികതയാണ് വിഷയമെങ്കില്‍ അമിത് എങ്ങനെ ആഭ്യന്തരമന്ത്രിയാകുമെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. ബില്ലിനെ എതിര്‍ത്ത് സമാജവാദി പാര്‍ട്ടി അംഗം ധര്‍മേന്ദ്ര യാദവും രംഗത്തെത്തി. ഇത്തരത്തില്‍ ഒരു ഭരണഘടന ഭേദഗതി ബില്ല് കൊണ്ടുവരേണ്ടതിൻ്റെ അടിയന്തര സാഹചര്യമെന്തെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന്  അസദുദ്ദീൻ ഉവൈസി പറഞ്ഞു.  ഭരണഘടനയെ തകര്‍ക്കുന്ന ബില്ലെന്ന് മനീഷ് തിവാരി വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ ബില്‍ ജെ പി സിക്ക് വിടാമെന്ന് അമിത്ഷാ പറഞ്ഞു.

ബിൽ അവതരിപ്പിച്ചതിന് ശേഷം ഇരുപക്ഷവും സ്പീക്കർക്ക് പരാതി നൽകി. അമിത് ഷായെ ആക്രമിച്ചെന്നാണ് ബി ജെ പിയുടെ പരാതി. വനിത എം പി നിതാലി ബാഗിനെ കേന്ദ്രമന്ത്രി രവനീത് ബിട്ടു മുറിവേൽപ്പിച്ചെന്ന്‌ തൃണമൂൽ കോൺഗ്രസ്സും പരാതി നൽകി. പേപ്പറിനുള്ളിൽ പ്രതിപക്ഷം കല്ല് പൊതിഞ്ഞു കൊണ്ട് വന്നെന്ന് ബി ജെ പി ആരോപിച്ചു. അമിത് ഷാ സംസാരിച്ചപ്പോൾ മൈക്ക് പിടിച്ചു തകർക്കാൻ നോക്കിയെന്നും പരാതിയിലുണ്ട്.

അഞ്ച് വര്‍ഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാകുന്ന മന്ത്രിമാര്‍ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടപ്പെടുന്ന നിര്‍ണായക ഭേദഗതി ബിൽ ആണ് അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും വരെ ബില്‍ ബാധകമാകും.

.

Latest