Connect with us

Editorial

ഇറാനിലെ പ്രക്ഷോഭത്തിലും അമേരിക്കയുണ്ട്

ഇറാന്റെ പരമാധികാരത്തിലേക്ക് യു എസ് കടന്നുകയറരുത്. സ്വന്തം ജനതയുടെ പ്രതിസന്ധികൾക്കൊപ്പം നിൽക്കാൻ ഇറാൻ സർക്കാർ സന്നദ്ധമാകണം. അനിവാര്യമായ രാഷ്ട്രീയ പരിഷ്‌കരണത്തിന് തയ്യാറാകുകയും വേണം.

Published

|

Last Updated

വെനസ്വേലയില്‍ യു എസ് നടത്തിയ ഭീകരാക്രമണവും പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും ബന്ദിയാക്കിയതിന്റെയും പശ്ചാത്തലത്തില്‍ ഇറാനിലെ അക്രമാസക്ത പ്രക്ഷോഭത്തിന് പുതിയ മാനം കൈവന്നിട്ടുണ്ട്. മദുറോയെ വിചാരണ ചെയ്യാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് ട്രംപ് പറയുന്നത്. മാത്രമല്ല, വെനസ്വേലയുടെ അധികാരം പിടിച്ചെടുക്കുമെന്നും അമേരിക്കന്‍ എണ്ണക്കമ്പനികളെ ആ രാജ്യത്തിന്റെ എണ്ണ സമ്പത്തിലേക്ക് കടത്തിവിടുമെന്നും ലാഭം കൊയ്യുമെന്നും ട്രംപ് പ്രഖ്യാപിക്കുന്നു. ലോകത്തെ ഏറ്റവും എണ്ണ സമ്പന്നമായ വെനസ്വേലയിലേക്ക് സര്‍വ അര്‍ഥത്തിലും അധിനിവേശം നടത്തുകയാണ് ട്രംപ്. ഒരു പരമാധികാര രാഷ്ട്രത്തിന് മേല്‍ ഇത്തരത്തില്‍ അധികാരം സ്ഥാപിക്കാന്‍ ഏത് അന്താരാഷ്ട്ര നിയമമാണ് അനുവദിക്കുന്നത് എന്ന ചോദ്യം ചൈനയും റഷ്യയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമെല്ലാം ചോദിക്കുന്നുണ്ടെങ്കിലും അതെല്ലാം വെറും ഒച്ച മാത്രമായി പരിണമിക്കുകയാണ്. യു എന്‍ രക്ഷാസമിതിയുടെ ഇടപെടലില്ല. ഉപരോധ ഭീഷണിയില്ല. എല്ലാം ശാന്തം. അമേരിക്കന്‍ നഗരങ്ങളിലടക്കം മനുഷ്യര്‍ പ്രതിഷേധിക്കുന്നുവെന്ന് മാത്രമാണ് പ്രതീക്ഷ പകരുന്ന കാഴ്ച.

ഇസ്റാഈലിനെയും അമേരിക്കയെയും തുറന്ന് കാണിക്കുന്നതില്‍ ഒരേ നിലപാടുയര്‍ത്തിയ രാജ്യങ്ങളാണ് ഇറാനും വെനസ്വേലയും. രണ്ടും എണ്ണ സമ്പന്ന രാജ്യങ്ങള്‍. എക്കാലത്തും പരസ്പരം സഹകരിച്ച രാജ്യങ്ങള്‍. ഷാ പഹ്ലവി ഭരണം തകര്‍ത്തെറിഞ്ഞ 1979ലെ വിപ്ലവത്തിന് ശേഷം ഇറാനെ സ്വസ്ഥമായി നീങ്ങാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ അനുവദിച്ചിട്ടേ ഇല്ല. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ക്രൂരമായ ഉപരോധങ്ങള്‍ ആ രാജ്യത്തിന് നേരെ അടിച്ചേല്‍പ്പിച്ചു. പലപ്പോഴും അട്ടിമറി ശ്രമങ്ങള്‍ നടന്നു. ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളൊന്നും സ്വാഭാവികമായി രൂപപ്പെടുന്നതായിരുന്നില്ല. പുറത്ത് നിന്നുള്ള ഇടപെടല്‍ വ്യക്തമായിരുന്നു. ഇറാന്‍ വിമതര്‍ മുഴുവന്‍ തമ്പടിച്ചിരിക്കുന്നത് യു എസ് അടക്കമുള്ള രാജ്യങ്ങളിലാണ്. 2022ല്‍ അരങ്ങേറിയ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ അത്തരക്കാരുടെ ഇടപെടല്‍ ലോകം കണ്ടതാണ്. പ്രക്ഷോഭത്തിന്റെ മുദ്രാവാക്യത്തെ തന്നെ അപ്രസക്തമാക്കുന്ന ഭൗമരാഷ്ട്രീയ താത്പര്യങ്ങളാണ് ഇടിച്ചുകയറി വരാറുള്ളത്. ഇറാനിലെ പ്രക്ഷോഭകര്‍ക്ക് പ്രത്യേകിച്ച് വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് ലഭിക്കുന്ന നൊബേലുകളുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും.

ഡോളറിനെതിരെ ഇറാന്‍ റിയാലിന്റെ വിലയിടിയുകയും വിലക്കയറ്റം കുതിക്കുകയും ചെയ്തതോടെയാണ് ഇത്തവണത്തെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. തീര്‍ച്ചയായും മനുഷ്യരുടെ സാമ്പത്തിക ആധിയായിരുന്നു പ്രക്ഷോഭത്തിന്റെ അടിത്തറ. ഡോളറിനെതിരെ ഇറാന്‍ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. 2015ല്‍ ഒരു ഡോളറിന് 32,000 റിയാല്‍ എന്ന തലത്തിലായിരുന്നു മൂല്യം. ഇപ്പോഴിത് ഒരു ഡോളറിന് 42,125 റിയാല്‍ ആണ്. സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ ഓഫ് ഇറാന്റെ കണക്കുകള്‍ പ്രകാരം ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 52 ശതമാനമാണ്. വിലക്കയറ്റത്തിനും സാമ്പത്തിക അരക്ഷിതാവസ്ഥക്കുമെതിരെ വ്യാപാരികളാണ് ഡിസംബര്‍ 27ന് പ്രതിഷേധം തുടങ്ങിയത്. അത് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. പലയിടത്തും പ്രക്ഷോഭകരും പോലീസും ഏറ്റുമുട്ടിയതോടെ വലിയ ക്രമസമാധാന പ്രശ്നമായി മാറി. ഇതോടെയാണ് പ്രക്ഷോഭകരുമായി ചര്‍ച്ച നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ നിര്‍ദേശം നല്‍കിയത്.

ഈ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലും അമേരിക്കയുണ്ട് എന്നത് വിസ്മരിച്ചുകൂടാ. ഇറാന്റെ ആണവ പരിപാടി മുന്‍നിര്‍ത്തി യു എസ് ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധമാണ് രാജ്യത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. ഇറാന്റെ എണ്ണ കയറ്റുമതി കുത്തനെ ഇടിഞ്ഞു. കൗണ്ടറിംഗ് അമേരിക്കാസ് അഡ്വേസറീസ് ത്രൂ സാംഗ്ഷന്‍സ് ആക്ട് (കാസ്റ്റാ) പ്രകാരം ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഏറ്റവും കടുത്തത് ഇറാനെതിരെയാണ്. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ട്രംപിന്റെ ഒന്നാമൂഴത്തില്‍ യു എസ് ഏകപക്ഷീയമായി പിന്‍വാങ്ങിയതോടെ ബൈഡന്റെ കാലത്തും ഇപ്പോള്‍ ട്രംപിന്റെ രണ്ടാമൂഴത്തിലും ഈ ഉപരോധം കൂടുതല്‍ കര്‍ക്കശമായി. ഞെരുങ്ങിയമര്‍ന്ന സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. വസ്തുതയിതായിരിക്കെ ഇറാനിലെ ഭരണസംവിധാനം മാറിയാല്‍ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്ന് പറയുന്നതിലെ യുക്തിയെന്താണ്? ക്രൂരമായ ഉപരോധം തുടരുന്നതല്ലേ പ്രശ്നം. യു എന്‍ ഇടപെട്ട് ഈ സാമ്പത്തികാക്രമണം അവസാനിപ്പിക്കുകയല്ലേ ഇറാന്‍ പ്രതിസന്ധിക്ക് യഥാര്‍ഥ പരിഹാരം.

ഒരു ഘട്ടം വരെ സാമ്പത്തിക ആശ്വാസത്തിന് വേണ്ടിയുള്ള സമരമായി നിന്ന് പ്രക്ഷോഭം അതിവേഗം ഇറാന്‍ ഭരണ സംവിധാനത്തിനെതിരായ പ്രക്ഷോഭമായി മാറി. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ തന്നെ പ്രക്ഷോഭകര്‍ ലക്ഷ്യം വെക്കാന്‍ തുടങ്ങി. അതോടെ പ്രക്ഷോഭകര്‍ക്ക് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ വന്നു. പ്രക്ഷോഭകരെ അടിച്ചമര്‍ത്തിയാല്‍ സൈനിക നടപടിക്ക് മടിക്കില്ലെന്ന ഭീഷണിയും അദ്ദേഹം മുഴക്കി. ആഗോള മാധ്യമങ്ങള്‍ മുഴുവന്‍ ഇറാനില്‍ വലിയൊരു ജനാധിപത്യ ഉണര്‍വ് സംഭവിക്കുന്ന തരത്തില്‍ ആഘോഷവും തുടങ്ങി. ഇറാന്‍ ഭരണ സംവിധാനത്തിലെ സുപ്രീം കൗണ്‍സിലിന്റെ ഇടപെടല്‍ അടക്കമുള്ള ശീഈ കാര്‍ക്കശ്യങ്ങളെ കുറിച്ച് വിയോജിപ്പുകളുണ്ട്. ലോകത്താകെ ഇറാന്‍ നടത്തുന്ന ഇടപെടലുകളില്‍ ശീഈ രാഷ്ട്രീയ മുന്‍ഗണനകളുണ്ട് എന്നതും വസ്തുതയാണ്. പക്ഷേ, അതൊന്നും ആ രാജ്യത്തെ അസ്ഥിരമാക്കാനുള്ള നീക്കത്തെ സാധൂകരിക്കുന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്വം ജനാധിപത്യം കയറ്റിയയക്കാന്‍ ശ്രമിച്ച എല്ലാ ദേശരാഷ്ട്രങ്ങളും ശിഥിലമാകുകയും അവിടുത്തെ ജനത കൂടുതല്‍ അരക്ഷിതരാകുകയും ചെയ്തതിന്റെ അനുഭവം മുന്നിലുള്ളത് കൊണ്ടാണ് ഇത്തരമൊരു നിലപാടെടുക്കുന്നത്. ഇറാന്റെ പരമാധികാരത്തിലേക്ക് യു എസ് കടന്നുകയറരുത്. സ്വന്തം ജനതയുടെ പ്രതിസന്ധികള്‍ക്കൊപ്പം നില്‍ക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. അനിവാര്യമായ രാഷ്ട്രീയ പരിഷ്‌കരണത്തിന് തയ്യാറാകുകയും വേണം.