From the print
ചികിത്സാപ്പിഴവ് ആരോപണം: ഇടപെടലുമായി ഹൈക്കോടതി; തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതി
പരാതികളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള കരട് മാര്‍ഗനിര്‍ദേശങ്ങളടക്കം രൂപവത്കരിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.

കൊച്ചി | സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ചുള്ള കേസുകളില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധ പാനലും ഉന്നത സമിതിയും രൂപവത്കരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. പരാതികളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള കരട് മാര്‍ഗനിര്‍ദേശങ്ങളടക്കം രൂപവത്കരിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
എല്ലാ ജില്ലകളിലും സ്പെഷ്യാലിറ്റിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ പട്ടിക തയ്യാറാക്കുകയും പരാതികള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അറിയിക്കുകയും വേണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് കോടതി നല്‍കിയിട്ടുള്ളത്. ചികിത്സക്കിടെ രോഗികള്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരായ കേസുകളാണ് കോടതി പരിഗണിച്ചത്.
വിദഗ്ധ സമിതി രൂപവത്കരിച്ച് 30 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉടന്‍ ലഭ്യമായ എല്ലാ രേഖകളും ശേഖരിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്സിന്റെ ഡയറി, ഡ്യൂട്ടി ചാര്‍ട്ട്, ഷിഫ്റ്റ് റിപോര്‍ട്ട്, ഹാജര്‍ നില, ചികിത്സാ വിവരങ്ങള്‍, രോഗിയുടെ സമ്മതപത്രം, ലാബ് റിപോര്‍ട്ട്, ഡിസ്ചാര്‍ജ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ശേഖരിക്കണം. പരാതിയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ മേലധികാരിയെ വിവരമറിയിക്കുകയും വിദഗ്ധരുടെ പാനല്‍ വിളിച്ചുചേര്‍ക്കാന്‍ അഭ്യര്‍ഥിക്കുകയും വേണം.
പരാതി കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരായ ഓരോ മേഖലയിലെയും വിദഗ്ധരായ ഡോക്ടര്‍മാരുടെ പട്ടിക ജില്ലാ അടിസ്ഥാനത്തില്‍ ഉണ്ടാകണം. ഇതില്‍ നിന്ന് ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ളവരെ പാനലിലേക്ക് നിയോഗിക്കാം. ചികിത്സാപ്പിഴവുണ്ടെന്ന് വിദഗ്ധ പാനലിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ ആ ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സയും നടപടി ക്രമങ്ങളും സംബന്ധിച്ച് ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരം നല്‍കണം.
വിദഗ്ധ പാനല്‍ റിപോര്‍ട്ടില്‍ ഓരോരുത്തരുടെയും അഭിപ്രായം പ്രത്യേകമായി ഉണ്ടാകണം. അതില്‍ നിന്ന് സമവായത്തിലൂടെ റിപോര്‍ട്ടിന്റെ അന്തിമരൂപമുണ്ടാക്കാം. റിപോര്‍ട്ടില്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിരിക്കണം. ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോ ഇല്ലയോ, ഡോക്ടറുടെ ഭാഗത്ത് നിന്നാണോ പിഴവുണ്ടായത് തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത ഉണ്ടാകണം. ഡോക്ടറുടെ ഭാഗത്ത് ചികിത്സാപ്പിഴവ് ഉണ്ടായില്ലെന്നാണ് കണ്ടെത്തുന്നതെങ്കില്‍ റിപോര്‍ട്ടിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്കും നല്‍കണം.
വിദഗ്ധ പാനലിന്റെ കണ്ടെത്തലുകള്‍ക്കെതിരെ അപ്പീല്‍ നല്‍കാന്‍ പരാതിക്കാര്‍ക്കും ഡോക്ടര്‍ക്കും അവസരമുണ്ടായിരിക്കും. അപ്പീല്‍ നല്‍കുന്നതിനും സംസ്ഥാനതലത്തിലുള്ള ഉന്നതാധികാര വിദഗ്ധ സമിതി തീര്‍പ്പ് കല്‍പ്പിക്കുന്നതിനും സമയപരിധി നിശ്ചയിക്കണം. സമയപരിധിക്കുള്ളിലാണ് അപ്പീല്‍ സമര്‍പ്പിക്കുന്നതെങ്കില്‍ അതില്‍ തീരുമാനമായ ശേഷം മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന്‍ അന്തിമ റിപോര്‍ട്ട് ഫയല്‍ ചെയ്യാവൂ എന്നതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി നല്‍കിയിരിക്കുന്നത്.