Connect with us

Kerala

ആഞ്ഞുപിടിച്ചാൽ ആലത്തൂർ

മണ്ഡലം രൂപവത്കരിച്ച ശേഷം നടന്ന രണ്ട് തിരഞ്ഞടുപ്പുകളിൽ ഇടതു പക്ഷത്തെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു. മൂന്നാം തവണ അടിതെറ്റിയതോടെ കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ വേദിയായി ആലത്തൂർ മാറിയിരിക്കുന്നു

Published

|

Last Updated

കർഷകരുടെയും തൊഴിലാളികളുടെയും ശക്തികേന്ദ്രമായാണ് ആലത്തൂർ ലോക്‌സഭാ മണ്ഡലം അറിയപ്പെടുന്നത്. മണ്ഡലം രൂപവത്കരിച്ച ശേഷം നടന്ന രണ്ട് തിരഞ്ഞടുപ്പുകളിൽ ഇടതു പക്ഷത്തെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു. മൂന്നാം തവണ അടിതെറ്റിയതോടെ കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ വേദിയായി ആലത്തൂർ മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പ് തന്നെ ഇരു മുന്നണികളും പ്രചാരണം തുടങ്ങിയതാണ്.

2009ലെ പുനഃക്രമീകരണത്തോടെയാണ് ആലത്തൂർ സംവരണ മണ്ഡലം നിലവിൽ വന്നത്. ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലം മാറി ആലത്തൂരായതോടെ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങൾ അതിന്റെ ഭാഗമായി. വോട്ടർമാരിൽ 67.2 ശതമാനവും ഗ്രാമീണ മേഖലയിലുള്ളവരാണ്. നഗരവാസികൾ 32. 8 ശതമാനവും. എസ് സി 15.4, എസ് ടി 0.9, മുസ്‌ലിം 15.8, ക്രിസ്ത്യൻ 8.9, ഹിന്ദു 75.3 ശതമാനം വീതമാണ് സമുദായാടിസ്ഥാനത്തിലുള്ള വോട്ടർമാർ.

കാർഷിക മേഖലയായതിനാൽ വരൾച്ചയും മറ്റ് കാർഷിക പ്രശ്നങ്ങളും ചൂടുള്ള ചർച്ചയാകും. നെല്ല് സംഭരണവും തുക കൃതൃസമയത്ത് ലഭിക്കാത്തതും കുറച്ചു കാലമായി അന്തരീക്ഷത്തിലുണ്ട്. ഈ പ്രശ്നം മുന്നണികൾക്ക് രാഷ്ട്രീയ ആയുധമാണ്. കോൺഗ്രസ്സും ബി ജെ പിയും സംസ്ഥാന സർക്കാറിനെ പഴിക്കുമ്പോൾ കേന്ദ്ര സർക്കാർ വിഹിതം നൽകാത്തതാണ് പ്രശ്നമെന്നാണ് സി പി എം നൽകുന്ന മറുപടി.
ഇടത് കോട്ടയിലെ വിള്ളൽ
രാഷ്ട്രപതി പദം വരെയെത്തിയ കെ ആർ നാരായണനിൽ നിന്ന് എസ് ശിവരാമൻ പിടിച്ചെടുത്ത ഒറ്റപ്പാലം 27 വർഷത്തിന് ശേഷമാണ് 2019ൽ സി പി എമ്മിനെ കൈവിട്ടത്. 2009ൽ ആലത്തൂരായി മണ്ഡലം മാറിയപ്പോൾ തിരിച്ചുപിടിക്കാൻ കോൺഗ്രസ്സും കോട്ട പിടിവിട്ട് പോകാതിരിക്കാൻ സി പി എമ്മും ശക്തമായ ശ്രമമാണ് നടത്തിയത്. അന്ന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്പി കെ ബിജുവായിരുന്നു എൽ ഡി എഫ് സ്ഥാനാർഥി. കോൺഗ്രസ്സിലെ എൻ കെ സുധീർ എതിർ സ്ഥാനാർഥി. 20,960 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജു നേടിയത്. രൂപവത്കരണ വർഷം തന്നെ ലഭിച്ച വിജയം മണ്ഡലം സി പി എമ്മിന്റെ തട്ടകമാണെന്ന് തെളിയിച്ചു.
2014ൽ പി കെ ബിജുവിന്റെ ഭൂരിപക്ഷം 37,444 ആയി വർധിച്ചു. 2019ൽ ഹാട്രിക് വിജയം പ്രതീക്ഷിച്ചാണ് ബിജുവിനെ രംഗത്തിറക്കിയത്. എന്നാൽ, കോൺഗ്രസ്സിന്റേത് സർപ്രൈസ് സ്ഥാനാർഥിയായിരുന്നു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യാ ഹരിദാസ് ആലത്തൂരിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് പാട്ടും പാടിയാണ് പ്രതീക്ഷകളൊന്നുമില്ലാതെ ഇറങ്ങിയത്. ഫലം വന്നപ്പോൾ ഇടതിനെ മാത്രമല്ല, കോൺഗ്രസ്സുകാരെ പോലും ഞെട്ടിച്ച് ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ (1,58,968) വൻ ഭൂരിപക്ഷത്തിൽ രമ്യ മിന്നും ജയം നേടി. 2014ൽ പി കെ ബിജു നേടിയ 37,312 വോട്ടിന്റെ ഭൂരിപക്ഷമാണ് അവർ അഞ്ചിരട്ടിയോളമാക്കി തിരുത്തിയത്.

കോൺഗ്രസ്സ്- കമ്മ്യൂണിസ്റ്റ് മത്സരത്തിനിടെ ചെറുതല്ലാത്ത രീതിയിൽ ബി ജെ പിയും മണ്ഡലത്തിൽ വേരുറപ്പിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബി ജെ പി വോട്ട് വിഹിതം വർധിപ്പിച്ചിരുന്നു. 2009ൽ ബി ജെ പി സ്ഥാനാർഥിയായ എം ബിന്ദു 53,890 വോട്ടാണ് നേടിയത്. 2014ൽ ഷാജു മോൻ വട്ടേക്കാടിന് 87,803 വോട്ട് ലഭിച്ചു. 2019ൽ ബി ഡി ജെ എസ് സ്ഥാനാർഥി ടി വി ബാബു 89,837 വോട്ടുകൾ നേടി. എന്നാൽ, 2014ലെ വോട്ട് ശതമാനം അടുത്ത തിരഞ്ഞെടുപ്പിൽ നേടാനായില്ല. 2014ൽ 9.45 ശതമാനമുണ്ടായിരുന്നത് 2019ലെത്തുമ്പോൾ 8.82ആയി ചുരുങ്ങി.
ആകാംക്ഷ
സീറ്റ് തിരിച്ചുപിടിക്കാൻ മന്ത്രി കെ രാധാകൃഷ്ണനെയാണ് സി പി എം രംഗത്തിറക്കിയത്. സിറ്റിംഗ് എം പി രമ്യാ ഹരിദാസാണ് യു ഡി എഫ് പ്രതിനിധി. ബി ജെ പി സ്ഥാനാർഥിയായി മുൻ വിക്ടോറിയ കോളജ് പ്രിൻസിപ്പൽ ഡോ. ടി എൻ സരസുവാണ് രംഗത്തുള്ളത്. കൈയിൽ നിന്നു പോയ മണ്ഡലം തിരിച്ചുപിടിക്കാൻ ഇടതുപക്ഷത്തിനാകുമോ, പാട്ടുംപാടി ജയിച്ച രമ്യ മണ്ഡലം നിലനിർത്തുമോ, ബി ജെ പിക്ക് വോട്ട് വിഹിതം കൂടുമോ… ആകാംക്ഷയാണ് ആലത്തൂരിനും കേരളത്തിനും.

Latest