Connect with us

Uae

അൽ ഐൻ വിമാനത്താവളത്തിന്റെ വികസന പദ്ധതി അവലോകനം ചെയ്തു

വിമാനത്താവളത്തെ വ്യോമയാനത്തിനും ലോജിസ്റ്റിക്‌സിനുമുള്ള ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Published

|

Last Updated

അൽ ഐൻ|അൽഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രമായ അഞ്ച് വർഷത്തെ വികസന പദ്ധതികൾ അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്്യാൻ അവലോകനം ചെയ്തു. അബൂദബി എയർപോർട്ട് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ എലീന സോർലിനിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പദ്ധതിയുടെ വിശദാംശങ്ങൾ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിച്ചു.

വിമാനത്താവളത്തെ വ്യോമയാനത്തിനും ലോജിസ്റ്റിക്‌സിനുമുള്ള ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിമാനത്താവളത്തിൽ ഒരു ഫ്രീ സോൺ സജീവമാക്കുന്നതിന്റെ പ്രാധാന്യവും യോഗം ചർച്ച ചെയ്തു. നിക്ഷേപകരെ ആകർഷിക്കുന്നതിനും വ്യാവസായിക, ലോജിസ്റ്റിക് വളർച്ചക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായകമാകും.

അൽ ഐൻ മേഖലയിലുടനീളം സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനുള്ള പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ കാഴ്ചപ്പാടിന്റെ പ്രധാന ഭാഗമാണ് വിമാനത്താവളത്തിന്റെ വികസനമെന്ന് ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്്യാൻ ഊന്നിപ്പറഞ്ഞു. യോഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്്യാൻ, അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ റാശിദ് മുസബ്ബഹ് അൽ മനീഇ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

Latest