National
അഖിലേഷ് - മമത കൂടിക്കാഴ്ച മാര്‍ച്ച് 17ന്
പ്രതിപക്ഷ പാര്‍ട്ടികളെ കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുന്ന വിഷയവും യോഗത്തില്‍ ഉന്നയിക്കും

കൊല്‍ക്കത്ത| സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് 17നായിരിക്കും കൂടിക്കാഴ്ചയെന്ന് സമാജ്വാദിപാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നയങ്ങളും തന്ത്രങ്ങളും ചര്‍ച്ചയാകുമെന്ന് സമാജ്വാദി പാര്‍ട്ടി വൈസ് പ്രസിഡന്റ് കിരണ്‍മോയ് നന്ദ പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രിയെ കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും യോഗത്തില്‍ പങ്കെടുത്തേക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളെ കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തുന്ന വിഷയവും യോഗത്തില്‍ ഉന്നയിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
മമതയും യാദവും വളരെ സൗഹാര്‍ദ്ദപരമായ ബന്ധമാണുള്ളത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സമാജ്വാദി പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കെയാണ് മമതയുമായുള്ള അഖിലേഷ് യാദവിന്റെ കൂടിക്കാഴ്ച.