National
അഖില്‍ പി ധര്മജന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം
അവാർഡ് 'റാം കെയര്‍ ഓഫ് ആനന്ദി' എന്ന നോവലിന്

ന്യൂഡല്‍ഹി | കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരത്തിന് മലയാളി എഴുത്തുകാരനായ അഖില്‍ പി ധര്മജൻ അർഹനായി. ‘റാം കെയര്‍ ഓഫ് ആനന്ദി’ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹത നേടിയത്. വിവിധ ഭാഷകളില്‍ നിന്നുള്ള 23 കൃതികള്‍ക്കാണ് ഇത്തവണ പുരസ്കാരം ലഭിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
യുവ വായനക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ചയായ നോവലാണ് ‘റാം c/o ആനന്ദി’. 2020 അവസാനത്തോടെയാണ് നോവല്‍ വായനക്കാരില്‍ നിന്ന് വായനക്കാരിലേക്ക് സഞ്ചരിച്ചുതുടങ്ങിയത്. ഏറ്റവും ഒടുവില്‍ ഇന്‍സ്റ്റഗ്രാം റീലുകളിലും സ്റ്റോറികളിലും കൂടി ഇടംപിടിച്ചതോടെ നോവല്‍ യുവ വായനക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
1993-ല്‍ ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളിയില്‍ ജനിച്ച അഖില്‍, മെക്കാനിക്കല്‍ ഐ ടി ഐ ബിരുദം നേടിയിട്ടുണ്ട്. മെക്കാനിക്കലിലും ഫിലിം മേക്കിംഗിലും ഡിപ്ലോമയും നേടി. ഫേസ്ബുക്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സജീവമായി എഴുതുന്ന അഖില്‍ 2018 എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ്.