Uae
അജ്മാന്‍ വായു ഗുണനിലവാര സൂചിക 96.19 ശതമാനമായി
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സൂചികയില്‍ ഗണ്യമായ വര്‍ധന.

അജ്മാന്‍ | ഈ വര്‍ഷം ആദ്യ പകുതിയില്‍ എമിറേറ്റിന്റെ വായു ഗുണനിലവാര സൂചിക 96.19 ശതമാനത്തിലെത്തിയതായി അജ്മാന്‍ മുന്‍സിപ്പാലിറ്റി ആന്‍ഡ് പ്ലാനിങ് വകുപ്പ് വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സൂചികയില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്ന് വകുപ്പിലെ പൊതുജനാരോഗ്യ പരിസ്ഥിതി മേഖലയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എന്‍ജിനീയര്‍ ഖാലിദ് മുഈന്‍ അല്‍ ഹുസ്നി പറഞ്ഞു. 2024 ആദ്യ പകുതിയില്‍ 94.40 ശതമാനവും ഈ വര്‍ഷം ഇതേ കാലയളവില്‍ 93.48 ശതമാനവുമാണ് രേഖപ്പെടുത്തിയത്. വായു മലിനീകരണം കുറയ്ക്കുന്നതിനും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വകുപ്പിന്റെ പാരിസ്ഥിതിക സംരംഭങ്ങളുടെയും പദ്ധതികളുടെയും വിജയമാണ് ഇത് വ്യക്തമാക്കുന്നത്.
പരിസ്ഥിതി അനുസരണ പരിപാടിയുടെ സമാരംഭം ഉള്‍പ്പെടെയുള്ള നിരവധി സംയോജിത ആസൂത്രണങ്ങള്‍ എമിറേറ്റില്‍ നടത്തിയിരുന്നു. വ്യാവസായിക സൗകര്യങ്ങളുടെ മേലുള്ള നിയന്ത്രണം വര്‍ധിപ്പിക്കുക, അതുവഴി പരിസ്ഥിതി അനുസരണം വര്‍ധിപ്പിക്കുക, ആവശ്യമുള്ളിടത്ത് തിരുത്തല്‍ നടപടികള്‍ നടപ്പാക്കുക എന്നിവയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമാക്കിയിരുന്നത്.
എമിറേറ്റില്‍ ഏഴ് അംഗീകൃത വായു ഗുണനിലവാര അളക്കല്‍ സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സ്റ്റേഷനുകളുടെ എണ്ണം പത്ത് ആയി ഉയര്‍ത്താന്‍ വകുപ്പ് ശ്രമിക്കുന്നുണ്ട്. തുടര്‍ച്ചയായ വായു ഗുണനിലവാര നിരീക്ഷണം നടത്താന്‍ പ്രാപ്തമാക്കുന്ന മുന്‍നിര സംവിധാനമായ എന്‍വയോണ്‍മെന്റല്‍ ഡാറ്റാ മാനേജ്‌മെന്റ് പ്രോഗ്രാമുമായി എല്ലാ മോണിറ്ററിങ് സ്റ്റേഷനുകളും ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിനായി നൂതന ഉപകരണങ്ങള്‍ ഈ സ്റ്റേഷനുകളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഡോ. അല്‍ ഹുസ്നി വ്യക്തമാക്കി.