Connect with us

International

ഗസ്സയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ ദിനേന പത്ത് മണിക്കൂര്‍ വെടിനിര്‍ത്താമെന്ന് ഇസ്‌റാഈല്‍

ഇന്നും 15 പേരെ കൊന്നു; അഞ്ച് പട്ടിണി മരണവും റിപോര്‍ട്ട് ചെയ്തു

Published

|

Last Updated

ഗസ്സ | ഗസ്സയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ദിനേന പത്ത് മണിക്കൂര്‍ വീതം വെടിനിര്‍ത്താമെന്ന് ഇസ്‌റാഈല്‍. സഹായ വിതരണം നടക്കുന്ന അല്‍ മവാസി, ദൈറുല്‍ ബലാഹ്, ഗസ്സ സിറ്റി എന്നിവിടങ്ങളിലാണ് ആക്രമണം നിര്‍ത്തുകയെന്നാണ് വിവരം. രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗസ്സയില്‍ പട്ടിണി മരണം വ്യാപകമായതോടെ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതിന് പിന്നാലെയാണ് ഇസ്‌റാഈല്‍ നടപടി. യൂറോപ്യന്‍ രാജ്യങ്ങളും മറ്റും ശക്തതമായ ഇടപെടല്‍ നടത്തിയതോടെയാണ് ഉപരോധത്തില്‍ നേരിയ മാറ്റം വരുന്നത്. പട്ടിണി പിടിമുറുക്കിയ ഗസ്സയില്‍ നിന്നുള്ള ഹൃദയഭേദക ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള വെറും പ്രഖ്യാപനം മാത്രമാണ് ഇസ്‌റാഈലിന്റേതെന്നാണ് ഹമാസ് പറയുന്നത്.

അതിനിടെ ഇന്ന് പുലര്‍ച്ചെ മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 15 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അഞ്ച് പട്ടിണി മരണവും ഇന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സഹായകേന്ദ്രത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്നലെ 42 പേരാണ് കൊല്ലപ്പെട്ടത്.

ഗസ്സയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പുറപ്പെട്ട ഹന്‍ദല ബോട്ട് ഇസ്‌റാഈല്‍ തടഞ്ഞു. കടല്‍മാര്‍ഗം ഗസ്സയിലേക്ക് ഭക്ഷ്യസഹായം എത്തിക്കുന്നതിന് വേണ്ടി പുറപ്പെട്ട ഹന്‍ദല ഫ്രീഡം ഫ്‌ലോട്ടില്ല ബോട്ട്് ഇസ്‌റാഈല്‍ സേനപിടിച്ചെടുത്തതായി ഫ്രീഡം ഫ്‌ലോട്ടില്ല കോയലിഷന്‍ (എഫ് എഫ് സി) അറിയിച്ചു. അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ചാണ് ഹന്‍ദല കപ്പല്‍ തടഞ്ഞത്. ആയുധധാരികളായ നിരവധി സൈനികര്‍ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് കപ്പലിലെ ആക്ടിവിസ്റ്റുകളെ ബന്ദികളാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ശനിയാഴ്ച പ്രാദേശിക സമയം രാത്രി 11:43ന് ഇസ്‌റാഈല്‍ സൈന്യം കപ്പലിലെ ക്യാമറകള്‍ വിച്ഛേദിച്ചതിനെത്തുടര്‍ന്ന് ഹന്‍ദലയുമായുള്ള എല്ലാ ആശയവിനിമയങ്ങളും നഷ്ടപ്പെട്ടെന്ന് എഫ് എഫ് സി അറിയിച്ചു.

 

Latest