National
ഹരിദ്വാറിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം
രാവിലെ ഒൻപത് മണിയോടെ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ കൈവരികൾക്കടുത്തുള്ള വൈദ്യുത കമ്പികളിൽ തകരാറുണ്ടായെന്ന കിംവദന്തി പരന്നതിനെ തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്.

ഹരിദ്വാർ | ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള പ്രസിദ്ധമായ മാൻസ ദേവി ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് ഭക്തർ മരിക്കുകയും ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 35 ഭക്തരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ ആറ് പേർ മരണത്തിന് കീഴടങ്ങിയതായും ഹരിദ്വാർ പോലീസ് മേധാവി പ്രേമേന്ദ്ര സിംഗ് ദോബൽ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ മറ്റു ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
രാവിലെ ഒൻപത് മണിയോടെ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ കൈവരികൾക്കടുത്തുള്ള വൈദ്യുത കമ്പികളിൽ തകരാറുണ്ടായെന്ന കിംവദന്തി പരന്നതിനെ തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. കമ്പികളിൽ നിന്ന് രക്ഷപ്പെടാനുള്ള തിടുക്കത്തിൽ നിരവധി പേർ വീഴുകയായിരുന്നു.
ഉടനടി രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആംബുലൻസുകളിൽ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു.
കുന്നിൻ മുകളിലുള്ള ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കൻവാർ യാത്ര നടക്കുന്നതിനാൽ വലിയ തിരക്കായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തിരക്ക് കാരണം നേരത്തെ അടച്ചിട്ടിരുന്ന വഴികൾ ഉദ്യോഗസ്ഥർ തുറന്നുകൊടുത്തതായും വിവരമുണ്ട്.
ദുരന്തത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.