National
സ്ത്രീകൾക്കായുള്ള സാമ്പത്തിക സഹായ പദ്ധതിയിൽ ഗുണഭോക്താക്കളായി 14,000 പുരുഷന്മാർ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കായി നടപ്പാക്കിയ 'ലഡ്കി ബഹിൻ യോജന'യിലാണ് വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്

മുംബൈ | സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കായി മഹാരാഷ്ട്രയിൽ ആരംഭിച്ച ‘ലഡ്കി ബഹിൻ യോജന’ പദ്ധതിയിൽ വ്യാജമായി 14,000-ത്തിലധികം പുരുഷന്മാർക്ക് സാമ്പത്തിക സഹായം ലഭിച്ചതായി കണ്ടെത്തൽ. പ്രതിവർഷം 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ 21-നും 65-നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. സ്ത്രീകൾ മാത്രം ഗുണഭോക്താക്കളായ പദ്ധതിയിലാണ് 14,000 പുരുഷന്മാർ പണം കൈപ്പറ്റിയത്. 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ വിജയത്തിൽ ഈ പ്രഖ്യാപനം നിർണായകമായിരുന്നു.
വനിതാ ശിശു വികസന വകുപ്പ് (WCD) നടത്തിയ ഓഡിറ്റിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്. ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനത്തിൽ കൃത്രിമം കാണിച്ച് 14,298 പുരുഷന്മാർ സ്ത്രീകളായി രജിസ്റ്റർ ചെയ്യുകയും 21.44 കോടി രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ. പദ്ധതി ആരംഭിച്ച് ഏകദേശം 10 മാസങ്ങൾക്ക് ശേഷമാണ് ഈ ദുരുപയോഗം വെളിച്ചത്ത് വന്നത്.
അനധികൃതമായി പണം കൈപ്പറ്റിയവരിൽ നിന്ന് പണം തിരിച്ചുപിടിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. ദരിദ്രരായ സ്ത്രീകളെ സഹായിക്കാനാണ് ലാഡ്കി ബഹിൻ പദ്ധതി ആരംഭിച്ചത്. പുരുഷന്മാർക്ക് ഇതിന്റെ ഗുണഭോക്താക്കളാകാൻ ഒരു കാരണവശാലും സാധ്യമല്ല. അവർക്ക് നൽകിയ പണം ഞങ്ങൾ തിരിച്ചുപിടിക്കും. അവർ സഹകരിച്ചില്ലെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കും – അദ്ദേഹം വ്യക്തമാക്കി.
പുരുഷന്മാരെ ഗുണഭോക്താക്കളുടെ പട്ടികയിൽ വ്യാജമായി ഉൾപ്പെടുത്തിയതിന് പുറമെ, അനർഹരായ നിരവധി സ്ത്രീകളെയും പദ്ധതിയുടെ ഗുണഭോക്താക്കളായി ചേർത്തതായി കണ്ടെത്തിയിട്ടുണ്ട്. അനർഹർ ഗുണഭോക്തൃ ലിസ്റ്റിൽ കയറിക്കൂടിയത് വഴി ആദ്യ വർഷം ഏകദേശം 1,640 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.
ഒരു വീട്ടിൽ പരമാവധി രണ്ട് പേർക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. ഒരേ കുടുംബത്തിൽ നിന്ന് മൂന്ന് സ്ത്രീകൾ പദ്ധതിയിൽ സഹായം കൈപ്പറ്റിയതായി കണ്ടെത്തി. 7.97 ലക്ഷത്തിലധികം സ്ത്രീകളാണ് ഇപ്രകാരം പദ്ധതിയിൽ കയറിക്കൂടിയത്. ഇതുവഴി മാത്രം 1,196 കോടി രൂപയുടെ നഷ്ടമാണ് ഖജനാവിന് സംഭവിച്ചത്.
65 വയസ്സിനു മുകളിലുള്ള 2.87 ലക്ഷം സ്ത്രീകൾക്ക് ആനുകൂല്യങ്ങൾ ലഭിച്ചതായും ഓഡിറ്റിൽ കണ്ടെത്തി. ഇവഴി സംസ്ഥാനത്തിന് ഏകദേശം 431.7 കോടി രൂപ നഷ്ടപ്പെട്ടു. കൂടാതെ, നാല് ചക്ര വാഹനങ്ങളുള്ള കുടുംബങ്ങളിൽ നിന്നുള്ള 1.62 ലക്ഷം സ്ത്രീകളും ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. പദ്ധതിയുടെ നിബന്ധനകൾ അനുസരിച്ച്, അത്തരം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിന് അർഹതയില്ല.