Connect with us

International

എയര്‍ലൈന്‍ വേനല്‍ക്കാല ഷെഡ്യൂള്‍ ആരംഭിച്ചു; അധിക വിമാനങ്ങള്‍, സമയ മാറ്റം

യു എ ഇയിലെ എയര്‍ലൈനുകള്‍ നാല് ഷെഡ്യൂളുകളിലാണ് പ്രവര്‍ത്തിക്കുന്നത്. വേനല്‍ക്കാല ഷെഡ്യൂള്‍ മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ്.

Published

|

Last Updated

ദുബൈ | ഇന്ന് മുതല്‍ എയര്‍ലൈനുകള്‍ വേനല്‍ക്കാല ഷെഡ്യൂളിലേക്ക് മാറുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ ഫ്‌ളൈറ്റ് പുറപ്പെടല്‍ സമയം ഉറപ്പുവരുത്തണമെന്ന് ട്രാവല്‍ രംഗത്തുള്ളവരുടെ നിര്‍ദേശം. എയര്‍ ഇന്ത്യ എക്സ്പ്രസ് ഇത്തരത്തില്‍ എല്ലാ യാത്രക്കാരും യാത്രക്കു മുമ്പ് ഫ്‌ളൈറ്റ് സമയവും പി എന്‍ ആര്‍ നമ്പറും പരിശോധിക്കാന്‍ സാമൂഹിക മാധ്യമ ചാനലിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും യാത്രാ ഷെഡ്യൂളുകള്‍ ക്രമപ്പെടുത്തല്‍ പ്രക്രിയ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഈ എയര്‍ലൈനുകളിലെ യാത്രക്കാര്‍ അവരുടെ ഫ്‌ളൈറ്റ് സമയം പരിശോധിക്കുന്നത് പ്രധാനമാണ്.

യു എ ഇയിലെ എയര്‍ലൈനുകള്‍ നാല് ഷെഡ്യൂളുകളിലാണ് പ്രവര്‍ത്തിക്കുന്നത്. വേനല്‍ക്കാല ഷെഡ്യൂള്‍ മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ്. നിലവിലുള്ള ശൈത്യകാല ഷെഡ്യൂളിനെക്കാള്‍ പ്രതിവാര വിമാന സര്‍വീസുകള്‍ ഈ ഘട്ടത്തില്‍ വര്‍ധിക്കും.

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലും വേനല്‍ക്കാല ഷെഡ്യൂള്‍ ആരംഭിച്ചിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഴ്ചയില്‍ 142 ആഭ്യന്തര സര്‍വീസുകളും 126 രാജ്യാന്തര സര്‍വീസുകളും ഉള്‍പ്പെടെ 268 സര്‍വീസുകളാണ് ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിന്റര്‍ ഷെഡ്യൂളില്‍ 239 സര്‍വീസുകളായിരുന്നു ഉണ്ടായിരുന്നത്. അബൂദബി 24, ദുബൈ 28, ഷാര്‍ജ 14 എന്നിങ്ങനെയാണ് ഓരോ ആഴ്ചയും കണ്ണൂരില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍.

തിരുവനതപുരത്ത് പ്രതിവാര അന്താരാഷ്ട്ര എ ടി എമ്മുകള്‍-258 ആയി ഉയരും. ഷാര്‍ജ-56, അബൂദബി-40, ദുബൈ-28 എന്നിങ്ങനെയാണ് സര്‍വീസുകള്‍.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിലവില്‍ റണ്‍വേ കാര്‍പറ്റിങ് ജോലികള്‍ നടക്കുന്നുണ്ട്. പകല്‍സമയം റണ്‍വേ അടച്ചിട്ടാണ് പണി നടക്കുന്നത്. മേയ് അവസാനത്തോടെ ഹജ് വിമാന സര്‍വീസുകസുകളും ആരംഭിക്കും. ഇവ രണ്ടും പരിഗണിച്ചായിരിക്കും വേനല്‍ക്കാല വിമാന സമയപ്പട്ടികയിലെ ക്രമീകരണം.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 332 രാജ്യാന്തര സര്‍വീസുകളും 410 ആഭ്യന്തര സര്‍വീസുകളും അടക്കം 1,484 പ്രതിവാര സര്‍വീസുകളാണ് പട്ടികയിലുള്ളത്. ശീതകാല പട്ടികയില്‍ ആഴ്ചയില്‍ ആകെ 1,202 സര്‍വീസുകളാണുണ്ടായിരുന്നത്. അന്താരാഷ്ട്ര സെക്ടറില്‍ 23 എയര്‍ലൈനുകളാണ് കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.

 

Latest