Uae
അഹമ്മദാബാദ് വിമാന ദുരന്തം: യു എ ഇയിലെ പ്രവാസികള്‍ക്ക് നൊമ്പരം, ഉത്കണ്ഠ
തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വത്തെക്കുറിച്ചോര്‍ത്ത് പല പ്രദേശവാസികളും ആശങ്കാകുലരായി. യു എ ഇയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകാന്‍ തുടങ്ങിയതോടെ ഉത്കണ്ഠ വര്‍ധിച്ചു.

ദുബൈ | അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണ വാര്‍ത്ത യു എ ഇയിലെ പ്രവാസി സമൂഹം ഞെട്ടലോടെയാണ് അറിഞ്ഞത്. ലണ്ടനിലേക്ക് പോകുകയായിരുന്ന ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം 242 യാത്രക്കാരും ജീവനക്കാരുമായി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണെന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ വിശദാംശങ്ങള്‍ക്കായി അവര്‍ അന്വേഷണങ്ങള്‍ നടത്തി.
അഹമ്മദാബാദിലേക്ക് പതിവായി യാത്ര ചെയ്യുന്ന, അവിടെ ബന്ധുക്കളും സുഹൃത്തുക്കളുമുള്ള നിരവധി പ്രവാസികള്‍ യു എ ഇയിലുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വത്തെക്കുറിച്ചോര്‍ത്ത് പല പ്രദേശവാസികളും ആശങ്കാകുലരായി. യു എ ഇയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകാന്‍ തുടങ്ങിയതോടെ ഉത്കണ്ഠ വര്‍ധിച്ചു. ദുബൈയില്‍ നിന്ന് വൈകിട്ട് 7.25ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം രാത്രി 11.30ലേക്ക് മാറ്റിയിരുന്നു.
ഫ്‌ളൈ ദുബൈ ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അഹമ്മദാബാദിലേക്കുള്ള വിമാനങ്ങള്‍ നിലവില്‍ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തുന്നുണ്ടെന്നും ഫ്‌ളൈ ദുബൈ അറിയിച്ചു. എമിറേറ്റ്സ് വിമാനങ്ങളും അഹമ്മദാബാദിലേക്കുള്ള സര്‍വീസുകള്‍ സാധാരണപോലെ നടത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാല്‍, അഹമ്മദാബാദില്‍ നിന്നുള്ള ഒരു എമിറേറ്റ്സ് വിമാനം വൈകിയാണ് ദുബൈയിലെത്തിയത്.