National
അഹ്മദാബാദ് വിമാനാപകടത്തിനിടയാക്കിയത് ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയത്; റിപോർട്ട് പുറത്തുവിട്ട് അമേരിക്കന്‍ പത്രം
സ്വിച്ച് പ്രവര്‍ത്തന രഹിതമായതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിലച്ചെന്നും റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷനിലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നും വാൾ സ്ട്രീറ്റ് ജേര്‍ണലൻ്റെ റിപോര്‍ട്ട്

ന്യൂഡല്‍ഹി | അഹ്മദാബാദ് വിമാന അപകടത്തിന് കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതെന്ന കണ്ടെത്തലുമായി അമേരിക്കന്‍ പത്രമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. സ്വിച്ച് പ്രവര്‍ത്തന രഹിതമായതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിലച്ചെന്നും റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷനിലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
അഹ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈല്‍ (റാറ്റ്) ആക്ടിവേറ്റ് ചെയ്തിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. വിമാനത്തിന് ആവശ്യമായ ഊര്‍ജം നഷ്ടമാകുന്ന ഘട്ടത്തിലാണ് റാറ്റ് ആക്ടിവേറ്റ് ചെയുന്നത്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപോര്‍ട്ടില്‍ എന്‍ജിനിലേക്കുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയെന്നാണ് കണ്ടെത്തല്‍. ഇത് രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിലക്കുന്നതിന് കാരണമായി. ഇതോടെ വിമാനത്തിന്റെ സന്തുലിതാവസ്ഥ് നഷ്ടപ്പെട്ടു. റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേറ്റ് ചെയ്തിരുന്നതില്‍ നിന്നാണ് ഈ നിഗമനത്തിലേക്ക് എത്താന്‍ കഴിഞ്ഞതെന്നും റിപോര്‍ട്ടില്‍ പറയുന്നു. സ്വിച്ചുകള്‍ എങ്ങനെ ഓഫ് ആയി എന്നതിലോ പൈലറ്റുമാര്‍ സ്വിച്ചുകള്‍ വീണ്ടും ഓണാക്കാന്‍ ശ്രമിച്ചോ എന്നതിലോ വ്യക്തതയില്ല.
വിമാന അപകടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യു എസ് വിദഗ്ധരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് വാള്‍ സ്ട്രീറ്റ് റിപോര്‍ട്ട് പറയുന്നു. നിലവില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും വിമാനത്തിന്റെ ഇന്ധന സ്വിച്ച് കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ടേക്ക് ഓഫ് ചെയ്ത വിമാനത്തിന് പെട്ടന്ന് ത്രസ്റ്റ് നഷ്ടപ്പെടാന്‍ കാരണം എന്‍ജിനുകള്‍ പ്രവര്‍ത്തനരഹിതമായതാണ് എന്നാണ് വിലയിരുത്തല്‍. രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമാകാനുള്ള കാരണം ഇന്ധന സ്വിച്ചുമായി ബന്ധപ്പെട്ടതാണോ എന്നാണ് നിലവില്‍ പരിശോധിക്കുന്നതും.