Connect with us

farmers' agitation

കാർഷിക നിയമം പ്രതിഷേധിക്കണം; അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് ടികായത്ത്

വിഷയമാക്കണമെന്ന് ബൈഡനോടും ആവശ്യപ്പെട്ടു

Published

|

Last Updated

ന്യൂഡൽഹി | ഞങ്ങൾ മാസങ്ങളായി വെയിലും മഴയും കൊള്ളുകയാണ്. ഈ പോരാട്ടം തോൽക്കരുത്. നിങ്ങൾ അവിടെയും പ്രതിഷേധമുയർത്തണം- അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് കർഷക നേതാവ് രാകേഷ് ടികായത്തിന്റെ അഭ്യർഥനയാണിത്. ഇന്ന് ന്യൂയോർക്കിൽ നടക്കുന്ന മോദിയുടെ പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരുടെ പ്രതിഷേധം അവിടെ പ്രകടിപ്പിക്കണം. കർഷകരില്ലെങ്കിൽ ഭക്ഷണവുമില്ല എന്നെഴുതിയ പ്ലക്കാർഡുകൾ ന്യൂയോർക്കിലെ പരിപാടിയിൽ ഉയർത്തണമെന്നും ടികായത്ത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ കർഷകരുടെ ആശങ്കകൾ കൂടി വിഷയമാക്കണമെന്ന് യു എസ് പ്രസിഡന്റ്ജോ ബൈഡനോടും ടികായത്ത് ആവശ്യപ്പെട്ടിരുന്നു. യു എസ് പ്രസിഡന്റിനെ ടാഗ് ചെയ്ത് ട്വീറ്റിലൂടെയാണ് ടികായത്തിന്റെ അഭ്യർഥന. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചേ മതിയാകുവെന്നും ഈ കറുത്ത നിയമങ്ങൾക്കതിരെ പ്രതിഷേധിക്കുന്ന ഇന്ത്യയിലെ കർഷകരുടെ ആശങ്കകൾ മോദിയുമായുള്ള ചർച്ചയിൽ പരിഗണിക്കണമെന്നും ടികായത്ത് ആവശ്യപ്പെട്ടു. “ബൈഡൻ സ്പീക് അപ് ഫോർ ഫാർമേഴ്‌സ്’ എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്.

പ്രിയപ്പെട്ട യു എസ് പ്രസിഡന്റ്, മോദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യയിലെ കർഷകരാണ് ഞങ്ങൾ. കഴിഞ്ഞ 11 മാസമായി തുടരുന്ന പ്രതിഷേധത്തിനിടെ 700 കർഷകർക്ക് ജീവൻ നഷ്ടമായി. ഞങ്ങളെ രക്ഷിക്കാൻ ഈ കറുത്ത നിയമം പിൻവലിച്ചേ മതിയാകൂ. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കർഷകരുടെ ആശങ്കകൾക്ക് കൂടി ദയവുചെയ്ത് ശ്രദ്ധ നൽകണം- ടികായത്ത് ട്വീറ്റ് ചെയ്തു.

---- facebook comment plugin here -----

Latest