Connect with us

Protests against Agnipath

അഗ്‌നിപഥ്: രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നു

ബിഹാറില്‍ ട്രയ്‌നിന് തീയിട്ടു; നിരവധി ദേശീയ പാതകളില്‍ ഉപരോധം

Published

|

Last Updated

പാറ്റ്‌ന | സൈനിക റിക്രൂട്ട്‌മെന്റിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രൂക്ഷപ്രതിഷേധമാണ് നടക്കുന്നത്.

ബിഹാറിലെ ഭാബുവയില്‍ പ്രതിഷേധക്കാര്‍ ട്രയിനിന് തീയിട്ടു. പാസഞ്ചര്‍ ട്രെയിനിനാണ് യാത്രക്കാരെ ഇറക്കിയ ശേഷം തീയിട്ടത്. ബിഹാറിലെ വിവിധ ജില്ലകളില്‍ റെയില്‍, റോഡ് ഗതാഗതം ആര്‍മി ഉദ്യോഗാര്‍ഥികള്‍ തടസ്സപ്പെടുത്തി. നിരവധി സ്ഥലങ്ങളില്‍ റെയില്‍പാളത്തില്‍ തീയിട്ടു.
ജെഹാനാബാദ്, ബക്സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. അറായിലെ റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പാറ്റ്‌നയില്‍ പത്ത് പ്രതിഷേധക്കാര്‍ അറസ്റ്റിലായി.

മുന്‍ഗറിലെ സഫിയാബാദില്‍ പ്രതിഷേധക്കാര്‍ പട്ന-ഭഗല്‍പൂര്‍ പ്രധാന റോഡ് ഉപരോധിച്ചു. നവാഡയിലെ പ്രജാതന്ത്ര ചൗക്കില്‍ നൂറുകണക്കിന് യുവാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. ജെഹാനാബാദില്‍ വിദ്യാര്‍ഥികള്‍ ഗയ-പാറ്റ്‌ന റെയില്‍വേ ട്രാക്ക് ഉപരോധിക്കുകയും റോഡില്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. ഇവിടെ പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു.

യു പിയില്‍ പലയിടത്തും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഇവിടത്തെ പല ദേശീയ പാതകളിലും ഉപരോധം നടക്കുന്നു. അജ്മീര്‍- ഡല്‍ഹി ദേശീയപാതിയിലും ഉപരോധമുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ പദ്ധതിക്കെതിരെ വ്യാപക ക്യാമ്പയിനാണ് നടക്കുന്നത്.

കേന്ദ്രം ആവിഷ്‌ക്കരിച്ച ഹ്രസ്വകാല സൈനിക നിയമന പദ്ധതിയാണ് അഗ്നിപഥ്. സൈനിക സേവന കാലയളവു വെട്ടിക്കുറച്ചതും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കിയതുമാണ് ഉദ്യോഗാര്‍ഥികളെ പ്രകോപിപ്പിച്ചത്. പദ്ധതിയില്‍ നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 21 ആയി നിശ്ചയിച്ചതും എതിര്‍പ്പിന് കാരണമാണ്.

 

 

Latest