Connect with us

Protests against Agnipath

അഗ്‌നിപഥ്: സമരം തണുപ്പിക്കാന്‍ സംവരണവുമായി കേന്ദ്രം

കോസ്റ്റ് ഗാര്‍ഡ്, അസം റൈഫിള്‍സ്, പ്രതിരോധമന്ത്രാലയത്തിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പത്ത് ശതമാനം സംവരണം

Published

|

Last Updated

ന്യൂഡല്‍ഹി | സൈനിക റിക്രൂട്ട്മെന്റിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ‘അഗ്‌നിപഥ്’ പദ്ധതിക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി കരുത്താര്‍ജിക്കുന്നതിനിടെ അനുനയ നീക്കവുമായി കേന്ദ്രം. അഗ്‌നിപഥിലൂടെ സൈന്യത്തിലെത്തുന്നവര്‍ക്ക് കോസ്റ്റ് ഗാര്‍ഡിലും പത്ത് ശതമാനം ജോലി സംവരണം നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. കൂടാതെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു. നേരത്തെ കേന്ദ്ര പൊലീസ് സേനകളില്‍ പത്ത് ശതമാനം സംവരണം പ്രഖ്യാപിക്കുകയും ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി ഉയര്‍ത്തുകയും ചെയ്തിരുന്നു.

രാജ്യത്ത് വിവിധയിടങ്ങളിലായി നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്. മൂന്ന് സേനാ മേധാവിമാരും പ്രതിരോധ മന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം കേന്ദ്രം തണുപ്പിക്കാനുള്ള നീക്കം നടക്കുമ്പോഴും പ്രതിഷേധം വടക്കേ ഇന്ത്യയില്‍ നിന്ന് തെക്കേ ഇന്ത്യയിലേക്കും ആളിപ്പടരുന്നതായാണ് കാണുന്നത്. ബിഹാറില്‍ ട്രെയ്‌നുകള്‍ക്കും ബസുകള്‍ക്കും നേരെ വ്യാപക ആക്രമണമാണ് അരങ്ങേറിയത്. ബിഹാറില്‍ ഐസയുടെ ആഭിമുഖ്യത്തില്‍ ഇന്ന് നടന്ന ബന്ദിന് ആര്‍ ജെ ഡി പിന്തുണച്ചിരുന്നു. രണ്ട് പേര്‍ പ്രക്ഷോഭത്തില്‍ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.

യു പി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും പ്രതിഷേധം രൂക്ഷമാണ്. കേരളത്തില്‍ ഇന്ന് കോഴിക്കോട്ടും തിരുവന്തപുരത്തും സംഗമിച്ച നൂറുക്കണക്കിനു യുവാക്കള്‍ ശക്തമായ പ്രതിഷേധമാണു രേഖപ്പെടുത്തിയത്. ഒരു സംഘടനയുടേയും നേതൃത്വത്തിലല്ലാതെയാണ് ജീവന്‍മരണ സമരത്തിന് യുവാക്കള്‍ കൂട്ടമായി എത്തിയത്.

തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് രാജ്ഭവനിലേക്ക് കൂറ്റന്‍ റാലിയായാണ് യുവാക്കള്‍ നീങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ ആയിരത്തോളം ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ അണിനിരന്നു. കോഴിക്കോട്ട് നഗരത്തില്‍ കേന്ദ്രീകരിച്ച് ഉദ്യോഗാര്‍ഥികള്‍ പ്രകടനമായി റെയില്‍വേസ്റ്റേഷനു മുന്നിലേക്കു നീങ്ങി.

‘അഗ്‌നിപഥ്’ സ്‌കീം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും ആര്‍മി കംബൈന്‍ഡ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാര്‍ഥത്ഥികളുടെ ആവശ്യം.
2021 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിട്ടായിരുന്നു സൈനിക റിക്രൂട്ട്‌മെന്റ് റാലികള്‍ കേരളത്തില്‍ പലയിടത്തും നടന്നത്. അഗ്‌നിപഥ് സ്‌കീം നടപ്പാക്കുന്നതോടെ ഇപ്പോള്‍ പരീക്ഷയെഴുതാന്‍ കാത്തിരിക്കുന്നവരില്‍ വലിയൊരു വിഭാഗം പരീക്ഷയെഴുതാന്‍ അയോഗ്യരാകും. 21 വയസാണ് ആദ്യം പ്രായപരിധി പ്രഖ്യാപിച്ചതെങ്കിലും 23 വയസ്സ് വരെ ഒറ്റത്തവണ ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ ഫിസിക്കല്‍ പരിശോധനകള്‍ക്ക് ശേഷം എഴുത്തുപരീക്ഷക്ക് യോഗ്യരെന്ന് കണ്ടെത്തിയ അയ്യായിരത്തോളം പേരാണ് കേരളത്തിലുള്ളത്. പെട്ടെന്ന് ഈ റിക്രൂട്ട്‌മെന്റുകളെല്ലാം റദ്ദാക്കി അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചതു നിരവധി പേരുടെ പ്രതീക്ഷയെയാണു തകിടം മറിച്ചത്.

നിലവില്‍ മൂന്ന് സേനകളിലെയും ശരാശരി പ്രായം 32 വയസ്സാണ്. ഇത് കുറച്ച് 24 മുതല്‍ 26 വയസ്സ് വരെ ശരാശരി പ്രായമാക്കി കു്ക്കാനാണു കേന്ദ്രം ലക്ഷ്യമിടുന്നത്. നാല് വര്‍ഷം സൈനികസേവനം പൂര്‍ത്തിയാക്കി യുവത്വത്തിന്റെ നിര്‍ണായക ഘട്ടം നഷ്ടപ്പെടുത്തി പുറത്തിറങ്ങുന്നവര്‍ പിന്നെ എന്ത് ചെയ്യുമെന്ന ചോദ്യമാണുയരുന്നത്.

ഈ വര്‍ഷം അഗ്‌നിപഥ് വഴി 46,000 പേരെയാണ് മൂന്ന് സേനകളിലുമായി നിയമിക്കുക. 2018-19 വര്‍ഷം കരസേനയിലേക്ക് മാത്രം എണ്‍പതിനായിരത്തോളം പേരെ റിക്രൂട്ട് ചെയ്തിരുന്ന സ്ഥാനത്താണ് ഈ വെട്ടിക്കുറവ്. ഇതാണു തൊഴിലന്വേഷകരെ വിറളി പിടിപ്പിച്ചത്.

അതിനിടെ അഗ്നിപഥ് റിക്രൂട്ട്മെന്റ് നടപടികള്‍ക്കുള്ള വിജ്ഞാപനം രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങും. പിന്നാലെ റാലികളുടെ തീയതി പ്രഖ്യാപിക്കും. ഈ ഡിസംബറില്‍ തന്നെ പരിശീലനം തുടങ്ങും. വലിയൊരു വിഭാഗം യുവാക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നു പരസ്യപ്പെടുത്തി രോഷം ശമിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

 

 

.