suicide
നവജാത ശിശു മരിച്ചതിന് പിന്നാലെ മൂത്ത മകനെയും കൊണ്ട് കിണറ്റിൽ ചാടി മാതാവ് ആത്മഹത്യ ചെയ്തു
കഴിഞ്ഞ ദിവസമാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്.

ഉപ്പുതറ | നവജാത ശിശു മരിച്ചതിന് പിന്നാലെ മൂത്ത മകനെയും കൊണ്ട് കിണറ്റിൽ ചാടി മാതാവ് ആത്മഹത്യ ചെയ്തു. ഇരുവരും മരിച്ചു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ ലിൻ ടോം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറോടെയാണ് സംഭവം.
ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജയെങ്കിലും ഇന്ന് രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്താണ് ഈ കടുംകൈ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ലിജിയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. തുടർന്ന് ലിജ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്.
പള്ളിയിൽ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജയെയും മകനെയും കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുകയും വീട്ടിലെ കിണറ്റിൽ കണ്ടെത്തുകയുമായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ലിജയുടെ മൂത്തകുട്ടി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തേ മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയാണ് ബെൻ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)