Kerala
ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം; ഒപ്പം താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
കുത്തുങ്കല്‍ സ്വദേശി സുര എന്നയാളാണ് അറസ്റ്റിലായത്. നെഞ്ചിനേറ്റ ക്ഷതവും വാരിയെല്ലുകള്‍ തകര്‍ന്നതുമാണ് അളകമ്മയുടെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഇടുക്കി | ഇടുക്കി മുനിയറയിലെ ആദിവാസി വീട്ടമ്മ അളകമ്മയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന കുത്തുങ്കല്‍ സ്വദേശി സുര എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെഞ്ചിനേറ്റ ക്ഷതവും വാരിയെല്ലുകള്‍ തകര്‍ന്നതുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊലപാതകം. എളംബ്ലാശേരി ആദിവാസി കോളനി നിവാസിയാണ് അളകമ്മ.
വീണ് പരുക്കേറ്റെന്ന് പറഞ്ഞ് സുര അളകമ്മയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. ഭൂമിയുടെ പട്ടയ രേഖകള്‍ ഒളിപ്പിച്ചുവെച്ചു എന്ന് ആരോപിച്ച് അളകമ്മയെ താന്‍ മര്‍ദിച്ചുവെന്ന് സുര പോലീസിന് മൊഴി നല്‍കി.
2018 ല്‍ വാറ്റ് കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കുത്തുങ്കല്‍ സ്വദേശി നാരായണന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളാണ് സുരയും അളകമ്മയും.