Kerala
ആദിവാസി കുട്ടികളെ അയല്‍വാസി മര്‍ദിച്ചു; ആശുപത്രിയിലെത്തിച്ചത് നടക്കാന്‍ വയ്യാത്ത നിലയില്‍
വയനാട് നടവയല്‍ നെയ്ക്കുപ്പ കോളനിയിലെ ആറും ഏഴും വയസുള്ള കുട്ടികളെയാണ് മര്‍ദിച്ചത്.

വയനാട് | വയനാട് നടവയലില്‍ ആദിവാസി കുട്ടികള്‍ക്ക് അയല്‍വാസിയുടെ ക്രൂര മര്‍ദനം. നെയ്ക്കുപ്പ കോളനിയിലെ ആറും ഏഴും വയസുള്ള കുട്ടികളെയാണ് മര്‍ദിച്ചത്. ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായ കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മര്‍ദനമേറ്റത്. വയലിലിറങ്ങി എന്ന് ആരോപിച്ച് അയല്‍വാസിയായ രാധാകൃഷ്ണന്‍ കുട്ടികളെ ശീമക്കൊന്ന കൊണ്ട് അടിക്കുകയായിരുന്നു. കുട്ടികളുടെ കാലിനും പുറത്തും പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് സംഭവം. നടക്കാന്‍ വയ്യാത്ത നിലയിലാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതരില്‍ നിന്ന് വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ രാധാകൃഷ്ണന്‍ തയാറായില്ല.
‘തോട്ടില്‍ മീന്‍ പിടിക്കുകയായിരുന്നു കുട്ടികള്‍. അവരോട് കയറിപ്പോകാന്‍ പറഞ്ഞാല്‍ മതിയായിരുന്നു. അത് ചെയ്യാതെ വയലിലിട്ട് പോത്തിനെ തല്ലുന്നതു പോലെ തല്ലുകയായിരുന്നു.’- കുട്ടികളുടെ ബന്ധുവായ ബിന്ദു പറഞ്ഞു.