Kerala
കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് ആല്‍മരം കടപുഴകി വീണു; ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടു
കനത്ത മഴയെത്തുടര്‍ന്ന് അട്ടപ്പാടി പുതുരിലും ഓടിക്കൊണ്ടിരുന്ന ടെമ്പോ വാനിന് മുകളിലേക്കു മരം വീണു.

കൊച്ചി|കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് ആല്‍മരം കടപുഴകി വീണ് അപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവറും യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി കവാടത്തിന് സമീപത്താണ് സംഭവം. റോഡരികില്‍ നിന്ന ആല്‍മരമാണ് ഓട്ടോറിക്ഷയുടെ മേല്‍ വീണത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ആല്‍ മരം മുറിച്ചു മാറ്റി. മരം വീണ് ഓട്ടോയിക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മരം വീണതിന് പിന്നാലെ റോഡില്‍ വലിയ ഗതാഗത തടസമുണ്ടായിരുന്നു. കളമശ്ശേരി വട്ടേക്കുന്ന് സ്വദേശി ഷരീഫിന്റേതാണ് ഓട്ടോറിക്ഷ. കളമശ്ശേരി ഭാഗത്ത് നിന്നും കുസാറ്റ് ഭാഗത്തേക്ക് യാത്രക്കാരനുമായി വരുമ്പോഴാണ് അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് രാവിലെ മരം വീണത്. റോഡിനോട് ചേര്‍ന്നുള്ള കുസാറ്റ് സെക്യൂരിറ്റി ക്യാബിന്റെ മേലേക്കാണ് മരം ആദ്യം വീണത്. പിന്നാലെ മരത്തിന്റെ ചില്ലകള്‍ റോഡിലേക്ക് മറിയുകയായിരുന്നു.
അതേസമയം കനത്ത മഴയെത്തുടര്‍ന്ന് അട്ടപ്പാടി പുതുരില്‍ ഓടിക്കൊണ്ടിരുന്ന ടെമ്പോ വാനിന് മുകളിലേക്കു മരം വീണു. വടകോട്ടത്തറ സ്വദേശി വീരന്റെ ടെമ്പോ വാനിലേക്കാണ് ആല്‍ മരത്തിന്റെ കൊമ്പ് വീണത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ തലനാരിഴക്ക് പരുക്കില്ലാതെ രക്ഷപ്പെട്ടു.