International
ബ്രിക്‌സ് ഉച്ചകോടി: പ്രധാനമന്ത്രി ബ്രസീലില്‍
ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ ആദ്യ അജണ്ട. നിലവിലെ സംഘര്‍ഷങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും.

റിയോ ഡി ജനീറോ | പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ റിയോ ഡി ജനേറയിലെത്തി. ഇവിടുത്തെ ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മോദിയെ ബ്രസീല്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചു. ബ്രസീല്‍ പ്രസിഡന്റ് ലുയിസ് ഇന്‍ഷ്യോ ലുല ഡാ സില്‍വയുടെ ക്ഷണം സ്വീകരിച്ചാണ് മോദി എത്തിയത്.
മോദിയുടെ നാലാമത്തെ ബ്രസീല്‍ സന്ദര്‍ശനമാണിത്. ഉച്ചകോടിക്കു ശേഷം ബ്രസീല്‍ തലസ്ഥാനമായ ബ്രസീലിയയിലും മോദി സന്ദര്‍ശനം നടത്തും. ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ ആദ്യ അജണ്ട. നിലവിലെ സംഘര്‍ഷങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഇന്ന് വൈകിട്ടും നാളെയുമായി അതിഥി രാജ്യങ്ങള്‍കൂടി പങ്കെടുക്കുന്ന യോഗങ്ങള്‍ നടക്കും. ബ്രിക്‌സ് സംയുക്ത പ്രസ്താവനയ്ക്ക് ഉച്ചകോടി അന്തിമരൂപം നല്‍കും.
ഇന്ത്യന്‍ സമയം വൈകിട്ട് ഏഴിനാണ് ബ്രിക്‌സ് അംഗരാജ്യങ്ങളുടെ ആദ്യ സെഷന്‍. ഉച്ചകോടിക്ക് സമാന്തരമായി വിവിധ ആഗോള നേതാക്കളുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, സഊദി അറേബ്യ, ഈജിപ്ത്, യു എ ഇ, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന്‍ എന്നിവയാണ് ബ്രിക്‌സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്.
നേരത്തെ, ബ്രസീലിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഗംഭീര വരവേല്‍പ്പും പ്രധാനമന്ത്രിക്ക് ലഭിച്ചു. ഓപറേഷന്‍ സിന്ദൂറിനെ ആസ്പദമാക്കിയുള്ള പ്രത്യേക നൃത്തം ഉള്‍പ്പെടെ വിവിധ സാംസ്‌കാരിക പരിപാടികളുമായിട്ടായിരുന്നു വരവേല്‍പ്പ്. അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്. ആറ് പതിറ്റാണ്ടിനുശേഷം ബ്രസീല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് അദ്ദേഹം. ബ്രസീലില്‍ എത്തുന്നതിന് മുമ്പായി ഈമാസം രണ്ട്, മൂന്ന് തീയതികളില്‍ ഘാനയിലും മൂന്ന്, നാല് തീയതികളില്‍ ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലും മോദി സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് അര്‍ജന്റീനയിലെത്തി. 57 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി അര്‍ജന്റീന സന്ദര്‍ശിക്കുന്നത്.