Kerala
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കേരളത്തിലെത്തി; കൊച്ചിയില്‍ ഊഷ്മള സ്വീകരണം
നാളെ രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി തൃശൂരിലേക്ക് തിരിക്കും

കൊച്ചി | രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതിക്ക് ഹൃദ്യമായ സ്വീകരണം നല്‍കി. ഭാര്യ ഡോ. സുധേഷ് ധന്‍കറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാര്‍ത്തികേയ് വാജ്പയ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, അഡ്വ. ഹാരിസ് ബീരാന്‍ എം പി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഡി ജി പി റവാഡ എ ചന്ദ്രശേഖര്‍, ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, റൂറല്‍ എസ്പി എം ഹേമലത, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ്, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ എം എസ് ഹരികൃഷ്ണന്‍ തുടങ്ങിയവരും സ്വീകരിക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്ക് തിരിച്ച ഉപരാഷ്ട്രപതി ഇന്ന് രാത്രി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ തങ്ങും. നാളെ രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി തൃശൂരിലേക്ക് തിരിക്കും. തുടര്‍ന്ന് കളമശ്ശേരിയില്‍ തിരിച്ചെത്തുന്ന അദ്ദേഹം 10.55ന് നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) വിദ്യാര്‍ഥികളും അധ്യാപകരുമായി ആശയ വിനിമയം നടത്തും. ഉച്ചകഴിഞ്ഞ് 12.35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.