Kerala
ആത്മീയതയിലലിഞ്ഞ് സ്വലാത്ത് നഗര്‍; മഅ്ദിന്‍ ഹിജ്‌റ കോണ്‍ഫറന്‍സ് സമാപനത്തിലേക്ക്
മുഹര്‍റം പത്തിന് വേദനയുടെ പരിവേഷമണിയിക്കുന്നത് സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും ദുഃഖാചരണത്തിന്റെ ഭാഗമായി നടക്കുന്ന ആഭാസങ്ങള്‍ക്ക് ഇസ്ലാമിന്റെ പിന്തുണയില്ലെന്നും ഖലീൽ തങ്ങൾ

മലപ്പുറം | വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയേകി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഹിജ്‌റ കോണ്‍ഫറന്‍സ് ഇഫ്ത്വാർ സംഗമത്തോടെ സമാപിക്കും. ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ആരാധനാ കര്‍മങ്ങളില്‍ പങ്കുകൊള്ളാന്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് സ്വലാത്ത് നഗറിലേക്കൊഴുകിയത്. മാനവിക ചരിത്രത്തില്‍ ഒട്ടേറെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഒരു പകല്‍ മുഴുവന്‍ ദിക്‌റുകളും പ്രാര്‍ത്ഥനകളുമുരുവിട്ട് അവര്‍ സ്വലാത്ത് നഗറില്‍ സംഗമിച്ചു.
മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ ഒരുമിച്ചു കൂടിയ വിശ്വാസികള്‍ക്ക് പുറമെ പള്ളിക്ക് പുറത്ത് തയ്യാറാക്കിയ പന്തലുകളിലും ആയിരങ്ങള്‍ ഒത്തുകൂടി. ജീവിതത്തില്‍ വന്നുപോയ അവിവേകങ്ങള്‍ക്ക് നാഥനോട് മാപ്പിരന്നും അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചും ജീവിതത്തിന്റെ സുഖ ദുഃഖങ്ങളേറ്റെടുക്കാന്‍ തയ്യാറായുമാണ് വിശ്വാസികള്‍ പുതുവര്‍ഷത്തെ വരവേറ്റത്.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമായ കര്‍ബലയെ മുന്‍നിര്‍ത്തി മുഹര്‍റം പത്തിന് വേദനയുടെയും വെറുപ്പിന്റെയും പരിവേഷമണിയിക്കുന്നത് സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും ഇത്തരം പുണ്യദിനങ്ങളില്‍ ദുഃഖാചരണത്തിന്റെ ഭാഗമായി നടക്കുന്ന ആഭാസങ്ങള്‍ക്ക് ഇസ്ലാമിന്റെ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിജ്‌റ കോണ്‍ഫറന്‍സിന് സംബന്ധിക്കാനായി നിരവധി വിശ്വാസികള്‍ ശനിയാഴ്ച രാത്രി തന്നെ മഅ്ദിന്‍ അക്കാദമിയില്‍ എത്തിയിരുന്നു. സംഗമത്തിനെത്തിയ വിശ്വാസികള്‍ക്ക് വിഭവ സമൃദ്ധമായ നോമ്പ്തുറയാണ് ഒരുക്കിയിട്ടുള്ളത്. നോമ്പുതുറക്കുള്ള പലഹാരങ്ങള്‍ പരിസര പ്രദേശങ്ങളിലെ ഉമ്മമാരാണ് തയ്യാറാക്കിയത്. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മുഹര്‍റം പത്തിലെ പ്രത്യേക ദിക്‌റുകള്‍, പ്രാര്‍ത്ഥനകള്‍, ചരിത്ര സന്ദേശപ്രഭാഷണം, തഹ്ലീല്‍, തൗബ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
രാവിലെ എട്ടിന് മഅ്ദിന്‍ ഗ്രാൻഡ് മസ്ജിദില്‍ ആരംഭിച്ച സമ്മേളനം നോമ്പുതുറയോടെ സമാപിക്കും. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പരിപാടികള്‍ അലോസരങ്ങളില്ലാതെ കാണുന്നതിനും കേള്‍ക്കുന്നതിനും എല്‍ ഇ ഡി വാള്‍ അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി രചിച്ച വിജയ വിളികള്‍ പുസ്തകം സംഗമത്തില്‍ പ്രകാശനം ചെയ്തു.
മുഹര്‍റം ഒന്ന് മുതല്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ സമാപന സംഗമം കൂടിയാണ് ഈ സമ്മേളനം. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, കെ വി തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്‌മദുല്‍കബീര്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി ചാലിയം എ.പി അബ്ദുല്‍ കരീം ഹാജി, എം എന്‍ കുഞ്ഞിഹമ്മദ് ഹാജി, സംസ്ഥാന സെക്രട്ടറിമാരായ എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം, പി എം മുസ്തഫ കോഡൂര്‍, കേരള മുസ്്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മൊയ്തീന്‍ ഹാജി ആനക്കര സംബന്ധിച്ചു.