Connect with us

Kerala

തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് F-35 യുദ്ധവിമാനം വിമാനത്താവളത്തിൽ നിന്ന് മാറ്റി | വീഡിയോ

റോയൽ എയർഫോഴ്സിന്റെ എയർബസ് A400M അറ്റ്‍ലസ് വിമാനത്തിൽ സാങ്കേതിക വിദഗ്ധരുടെ സംഘം ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി F-35 ജെറ്റ് പരിശോധിച്ച ശേഷമാണ് വിമാനം ഹാങ്ങറിലേക്ക് മാറ്റിയത്.

Published

|

Last Updated

തിരുവനന്തപുരം | സാങ്കേതിക തകരാർ കാരണം കഴിഞ്ഞ മാസം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് F-35 യുദ്ധവിമാനം 22 ദിവസത്തിന് ശേഷം വിമാനത്താവളത്തിൽ നിന്ന് ഹാങറിലേക്ക് മാറ്റി. ഞായറാഴ്ചയാണ് വിമാനം വിമാനത്താവള വളപ്പിൽ നിന്ന് നീക്കിയത്. റോയൽ എയർഫോഴ്സിന്റെ എയർബസ് A400M അറ്റ്‍ലസ് വിമാനത്തിൽ സാങ്കേതിക വിദഗ്ധരുടെ സംഘം ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി F-35 ജെറ്റ് പരിശോധിച്ച ശേഷമാണ് വിമാനം ഹാങ്ങറിലേക്ക് മാറ്റിയത്. വിമാനം ഹാങ്ങറിലേക്ക് മാറ്റുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.

HMS പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ ബ്രിട്ടീഷ് F-35B, ജൂൺ 14-ന് കേരള തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് പ്രതികൂല കാലാവസ്ഥയും ഇന്ധനക്കുറവും കാരണം തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിടാൻ നിർബന്ധിതമായത്. ഇന്ത്യൻ വ്യോമസേന സുരക്ഷിതമായ ലാൻഡിംഗിന് സൗകര്യമൊരുക്കുകയും ഇന്ധനം നിറയ്ക്കുന്നതിനും മറ്റ് ലോജിസ്റ്റിക് സഹായങ്ങൾ നൽകുകയും ചെയ്തു.

എന്നാൽ, യുദ്ധവിമാനം അതിന്റെ കാരിയറിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിന് മുമ്പുള്ള പരിശോധനകളിൽ ഒരു ഹൈഡ്രോളിക് തകരാർ കണ്ടെത്തി. ടേക്ക് ഓഫ് ചെയ്യാനും സുരക്ഷിതമായി ഇറങ്ങാനുമുള്ള വിമാനത്തിന്റെ കഴിവിനെ ഇത് ബാധിക്കുമെന്നതിനാൽ ഈ പ്രശ്നം ഗുരുതരമായി കണക്കാക്കപ്പെടുന്നു. മൂന്ന് സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള ഒരു ചെറിയ റോയൽ നേവി സംഘം തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നത്തിന്റെ സങ്കീർണ്ണത കാരണം വിജയിച്ചില്ല.

വിമാനം വിമാനത്താവളത്തിലെ ബേ 4-ൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (CISF) സംരക്ഷണയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. തുടക്കത്തിൽ, കേരളത്തിൽ മൺസൂൺ മഴയുണ്ടായിട്ടും വിമാനം ഹാങ്ങറിലേക്ക് മാറ്റാനുള്ള എയർ ഇന്ത്യയുടെ വാഗ്ദാനം ബ്രിട്ടീഷ് റോയൽ നേവി നിരസിച്ചു. പിന്നീട്, ബ്രിട്ടീഷ് നേവി, വിമാനം ഹാങ്ങറിലേക്ക് മാറ്റാൻ സമ്മതിക്കുകയായിരുന്നു.

F-35 കുടുങ്ങിക്കിടന്നതോടെ, യുദ്ധവിമാനം ഒരു മീം ഐക്കണായി മാറി. അതിന് സ്വന്തമായി ആധാർ കാർഡ് ഉണ്ടെന്നുള്ള പോസ്റ്റുകളും, ബോളിവുഡ് ഡയലോഗുകളും, രസകരമായ വീഡിയോകളും വരെ ഇതിനെക്കുറിച്ച് പ്രചരിച്ചു. കേരള ടൂറിസവും F-35 നെക്കുറിച്ച് രസകരമായ ഒരു പോസ്റ്റ് പങ്കുവെച്ച് ഈ തമാശയിൽ പങ്കുചേർന്നു.