Connect with us

Ongoing News

യു എസും യൂറോപ്യന്‍ യൂണിയനും നിയമങ്ങള്‍ കര്‍ശനമാക്കി; രണ്ടാം പാസ്‌പോര്‍ട്ട് നേടിയ യു എ ഇ നിവാസികള്‍ ആശങ്കയില്‍

ഇന്ത്യ, ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളെയാണ് ഇത് സാരമായി ബാധിക്കുന്നത്.

Published

|

Last Updated

ദുബൈ | ഡൊമിനിക്ക, സെന്റ്കിറ്റ്സ് ആന്‍ഡ് നെവിസ്, സെന്റ്ലൂസിയ, കംബോഡിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് (സി ബി ഐ) പാസ്‌പോര്‍ട്ടുകള്‍ നേടിയ ആയിരക്കണക്കിന് യു എ ഇ നിവാസികള്‍ ആശങ്കയില്‍. യു എസും യൂറോപ്യന്‍ യൂണിയനും നിയമങ്ങള്‍ കര്‍ശനമാക്കിയതോടെയാണിത്. ആഗോളതലത്തില്‍ യാത്ര ചെയ്യാനും നികുതി ആനുകൂല്യങ്ങള്‍ നേടാനും ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന വിശ്വാസത്തില്‍ തങ്ങളുടെ ജീവിത സമ്പാദ്യം വരെ നിക്ഷേപം നടത്തിയാണ് പലരും രണ്ടാം പാസ്പോര്‍ട്ട് സ്വന്തമാക്കിയത്.

സി ബി ഐ പ്രോഗ്രാമുകളുള്ളവ ഉള്‍പ്പെടെ 36 രാജ്യങ്ങള്‍ക്ക് കര്‍ശനമായ പരിശോധനയും വിവരങ്ങള്‍ പങ്കുവെക്കലും അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദുര്‍ബലമായ മേല്‍നോട്ടമുള്ള രാജ്യങ്ങള്‍ക്ക് ഷെംഗന്‍ വിസ രഹിത പ്രവേശനം താത്ക്കാലികമായി നിര്‍ത്തലാക്കുന്ന നിയമനിര്‍മാണവുമായി യൂറോപ്യന്‍ യൂണിയനും മുന്നോട്ട് പോകുകയാണ്. ഇതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇന്ത്യ, ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. ആഗോള യാത്രക്കും സാമ്പത്തികപരമായ സൗകര്യങ്ങള്‍ക്കും ഒരു ജനപ്രിയ മാര്‍ഗമായിരുന്നു രണ്ടാമത്തെ പൗരത്വം. കരീബിയന്‍ രാജ്യങ്ങളില്‍ നിന്നും മറ്റ് സി ബി ഐ അധികാരപരിധികളില്‍ നിന്നും ലഭിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ക്ക് സാധാരണയായി 115,000 ഡോളര്‍ മുതല്‍ 330,000 ഡോളര്‍ വരെയാണ് ചെലവ് വരുന്നത്. ഇതിലൂടെ 140ലധികം രാജ്യങ്ങളിലേക്ക് പ്രവേശനം ലഭ്യമായിരുന്നു. എന്നാല്‍ പൊടുന്നനെയാണ് പുതിയ പ്രതിസന്ധി കടന്നുവന്നത്. ലോകത്തിലേക്കുള്ള അവരുടെ ടിക്കറ്റാണെന്ന് വിശ്വസിച്ചാണ് പലരും ലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിച്ച് രണ്ടാം പൗരത്വം നേടിയത്.

യു എ ഇയിലാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത്. ജനസംഖ്യയുടെ 90 ശതമാനവും പ്രവാസികളാണ് എന്നതാണ് കാരണം. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും യു എ ഇ ആസ്ഥാനമായുള്ള 30,000ത്തിലധികം ആളുകളെ ഇത് ബാധിച്ചേക്കാം. ഇന്ത്യയില്‍ ഇരട്ട പൗരത്വം അനുവദിക്കാത്തതിനാല്‍, രണ്ടാമതൊരു പൗരത്വം സ്വീകരിച്ച പലര്‍ക്കും അവരുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. ഗള്‍ഫില്‍ താമസിക്കുന്ന പലരും കരീബിയന്‍ അല്ലെങ്കില്‍ മറ്റ് സി ബി ഐ പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കുകയാണ് പതിവ്. കരീബിയന്‍ പാസ്‌പോര്‍ട്ടുകളെ മാത്രം ആശ്രയിച്ച് ബിസിനസ് നടത്തിയ നിരവധി സ്ഥാപനങ്ങളും രാജ്യത്തുണ്ട്.

സെന്റ്കിറ്റ്സ് ആന്‍ഡ് നെവിസ് അല്ലെങ്കില്‍ ഡൊമിനിക്ക പോലുള്ള രാജ്യങ്ങള്‍ക്ക്, അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവക്ക് ധനസഹായം നല്‍കുന്നതിനുള്ള പ്രധാന വരുമാന സ്രോതസ്സാണ് പൗരത്വ വില്‍പന. ഇപ്പോള്‍ വന്ന യു എസ് യാത്രാ നിരോധനം അവരുടെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. വര്‍ധിച്ചുവരുന്ന ഈ അനിശ്ചിതാവസ്ഥയില്‍, പലരും യു എ ഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പോലുള്ള സുരക്ഷിതമായ ബദലുകള്‍ തേടുകയാണ് എന്നും റിപോര്‍ട്ടുണ്ട്.

‘നിയമപരമായ താമസക്കാര്‍ക്ക് പ്രശ്നമില്ല’
ദുബൈ | സാധുവായ വിസകളുള്ള വ്യക്തികള്‍ക്ക് മറ്റ് രാജ്യങ്ങളുടെ സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് (സി ബി ഐ) പാസ്‌പോര്‍ട്ടുകള്‍ ലഭിച്ചാലും യു എ ഇ റെസിഡന്‍സിക്ക് യാതൊരു തടസ്സവുമുണ്ടാവില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.

സാധുവായ വിസ കൈവശം വെക്കുകയും ഇമിഗ്രേഷന്‍ നിയമങ്ങള്‍ പാലിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് യു എ ഇയിലെ നിയമപരമായ താമസം നിലനിര്‍ത്തുന്നിടത്തോളം കാലം, പുതിയതായി ലഭിച്ച ഏത് പൗരത്വവും പരിഗണിക്കാതെ രാജ്യത്ത് തുടര്‍ന്ന് താമസിക്കാം.

പുതുതായി നിക്ഷേപ പാസ്‌പോര്‍ട്ട് നേടിയ വ്യക്തികള്‍ക്ക് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, അല്ലെങ്കില്‍ കാനഡ എന്നിവിടങ്ങളിലേക്ക് കുടിയേറാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേകമായ സേവനം നല്‍കുന്നുണ്ടെന്നും അല്‍ മര്‍റി സൂചിപ്പിച്ചു. ഈ സേവനത്തില്‍ ജി ഡി ആര്‍ എഫ് എ ഫോറന്‍സിക് ലാബ് പാസ്‌പോര്‍ട്ടുകളുടെ ആധികാരികതയും യാത്രായോഗ്യതയും പരിശോധിക്കും. പാസ്‌പോര്‍ട്ടുകള്‍ വ്യാജമാണോ തട്ടിപ്പാണോ ചൂഷണത്തിന് ഇരയാക്കാവുന്നതാണോ എന്നതില്‍ നിന്ന് വ്യക്തികളെ സംരക്ഷിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.

 

Latest