Kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷഫലം തടഞ്ഞുവെച്ച നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി
പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഫലം തടഞ്ഞുവെച്ച നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. കുറ്റാരോപിതരായ നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം ഉണ്ടല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത നടപടി ആശ്ചര്യകരമാണ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കും. സര്‍ക്കാര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ എന്തിനാണ് വൈകുന്നതെന്നും ഹൈക്കോടതി ചോദിച്ചു.