Uae
അബൂദബി; സോഷ്യൽ മീഡിയ തട്ടിപ്പുകൾ വർധിക്കുന്നു
വിമാന ടിക്കറ്റ് ഓഫറും വ്യാജ നിക്ഷേപ വാഗ്ദാനങ്ങളും വഴി തട്ടിപ്പ്

അബൂദബി| സോഷ്യൽ മീഡിയയിലൂടെയുള്ള ആകർഷകമായ വിമാന ടിക്കറ്റ് ഓഫറുകളും വ്യാജ നിക്ഷേപ വാഗ്ദാനങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി. അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റും സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപ ഗ്രൂപ്പുകൾ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന്റെ പ്രധാന രൂപങ്ങളിൽ ഒന്നാണ് ഇതെന്നും നിക്ഷേപകർ സ്വയം സംരക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും അധികൃതർ വ്യക്തമാക്കി.
സ്റ്റോക്ക്, ക്രിപ്റ്റോകറൻസി ട്രേഡിംഗിൽ വൈദഗ്ദ്ധ്യമുള്ള ചില ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയയിൽ തട്ടിപ്പുമായി എത്തുന്നത്. ഇ-മെയിൽ, സോഷ്യൽ മീഡിയ എന്നിവയിലൂടെ വ്യാജ വാഗ്ദാനങ്ങൾ നൽകി ഇവർ ആളുകളെ കെണികളിൽ വീഴ്ത്തുന്നു. നിക്ഷേപത്തിൽ ആദ്യം ചെറിയ ലാഭം നൽകി വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും പിന്നീട് ഈ ഗ്രൂപ്പുകൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഏതൊരു ഓൺലൈൻ നിക്ഷേപത്തിലും ഏർപ്പെടുന്നതിന് മുമ്പ് ആഴത്തിലുള്ള ഗവേഷണം നടത്തുകയും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
സോഷ്യൽ മീഡിയയിൽ നിന്നുള്ള വ്യാജ യാത്രാ ടിക്കറ്റ് ഓഫറുകൾക്കെതിരെയും സൈബർ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എയർലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ മാത്രം ടിക്കറ്റുകൾ ബുക്ക് ചെയ്യുക. അവിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള ഓഫറുകൾ ഒഴിവാക്കുക, വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ പങ്കുവെക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകിയിട്ടുണ്ട്.