shakti awards
അബുദബി ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു
ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം ചരിത്രകാരൻ ഡോ.എം ആർ രാഘവവാര്യർക്ക് സമ്മാനിക്കും

അബുദബി | മലയാള സാഹിത്യത്തിലെ സർഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി 1987ൽ ശക്തി തിയറ്റേഴ്‌സ് അബുദബി രൂപം നൽകിയ ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു. ശക്തി അവാർഡ് രൂപീകരിച്ചത് മുതൽ ചെയർമാനായിരുന്ന മുൻ സാംസ്‌കാരിക മന്ത്രി കൂടിയായ ടി കെ രാമകൃഷ്‌ണന്റെ സ്‌മരണയ്‌ക്കായി ഏർപ്പെടുത്തിയ ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം ചരിത്രകാരൻ ഡോ.എം ആർ രാഘവവാര്യർക്ക് സമ്മാനിക്കും. 50,000 രൂപയും പ്രശസ്‌തി പത്രവുമാണ് പുരസ്‌കാരം.
മികച്ച കഥാ സമാഹാരത്തിനുള്ള പുരസ്‌കാരം സി അനൂപിന്റെ ‘രാച്ചുക്ക്’, വി കെ ദീപയുടെ ‘വുമൺ ഈറ്റേഴ്‌സ്’ എന്നിവയാണ് നേടിയത്. മികച്ച കവിതാ സമാഹാരത്തിനുള്ള പുരസ്‌കാരം സുധീഷ് കോട്ടേബ്രത്തിന്റെ ‘ചിലന്തി നൃത്തം’, സുറാബിന്റെ ‘ മാവ് പൂക്കും കാലം’ എന്നീ സമാഹാരങ്ങൾക്കാണ്. നാട്ടിൽ സ്ഥിര താമസമാക്കിയ സുറാബ് ദീർഘകാലമായി ഷാർജയിൽ താമസിച്ചിരുന്ന അറിയപ്പെടുന്ന പ്രവാസി എഴുത്തുകാരനാണ്. മികച്ച നോവലിനുള്ള പുരസ്‌കാരത്തിന് രവിവർമ തമ്പുരാന്റെ ‘മുടിപ്പേച്’ അർഹമായി. മികച്ച ബാലസാഹിത്യ കൃതി കെ രേഖയുടൈ ‘ നുണയത്തി’ ആണ്. മികച്ച നാടക കൃതിക്കുള്ള പുരസ്‌കാരം എം രാജീവ് കുമാറിന്റെ ‘എം രാജീവ് കുമാറിന്റെ നാടകങ്ങൾ’ നേടി. വിജ്‌ഞാന സാഹിത്യത്തിലുള്ള പുരസ്‌കാരം ഡോ. കവിത ബാലകൃഷ്‌ണന്റെ ‘വായന മനുഷ്യന്റെ കലാചരിത്രം’, കെ സുധീഷിന്റെ ‘നമ്മളെങ്ങനെ നമ്മളായി’ എന്നീ കൃതികൾ പങ്കിട്ടു. ഇതര സാഹിത്യ വിഭാഗത്തിനായി പ്രൊഫ. എരുമേലി പരശേമശ്വരൻ പിള്ളയുടെ സ്‌മരണയ്‌ക്കായി ഏർപ്പെടുത്തിയ ശക്തി ഏരുമേലി പുരസ്‌കാരം ഡോ. ബി വി ശശികുമാറിന്റെ ‘കുഞ്ഞുണ്ണി ആരുടെ തോന്നലാണ്’ എന്ന കൃതിക്കാണ്.
ഈ പുരസ്‌കാരങ്ങൾക്കെല്ലാം 25,000 രൂപയും പ്രശസ്‌തി പത്രവും ലഭിക്കും. 36ാം പുരസ്‌കാരമാണ് ഇത്തവണത്തേത്. കേരള സാഹിത്യ അക്കാദമി അവാർഡുകൾ കഴിഞ്ഞാൽ മലയാളത്തിലെ ഒട്ടുമിക്ക സാഹിത്യ ശാഖകൾക്കും അവാർഡുകൾ നൽകിവരുന്നു എന്നതും അബുദബി ശക്തി അവാർഡിന്റെ പ്രത്യേകതയാണ്. പുരസ്‌കാരങ്ങൾ ഡിസംബറിൽ പ്രൗഢ ഗംഭീരമായ ചടങ്ങിൽ സമ്മാനിക്കും. അവാർഡ് നിർണയിക്കുന്നതിൽ പങ്കാളികളായ പ്രാഥമിക കമ്മിറ്റിയെയും ഓരോ സാഹിത്യ വിഭാഗത്തിലെയും ജഡ്ജിംഗ് കമ്മിറ്റിയെയും അബുദബി ശക്തി അവാർഡ് കൺവീനർ എ കെ മുസ മാസ്‌റ്റർ അഭിനന്ദിച്ചു. മുതിർന്ന നേതാവ് മുൻ എം പി പി കരുണാകരനാണ് അബുദബി ശക്തി അവാർഡ് കമ്മിറ്റി ചെയർമാൻ. എം വി ഗോവിന്ദൻ മാസ്റ്റർ, സഫറുല്ല പാലപ്പെട്ടി, ടി കെ മനോജ് എന്നിവരാണ് അവാർഡ് കമ്മിറ്റി അംഗങ്ങൾ.