Connect with us

Uae

അബൂദബി 25 വർഷത്തെ കാലാവസ്ഥാ പ്രവർത്തന പദ്ധതി ആരംഭിച്ചു

86 തന്ത്രങ്ങൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ

Published

|

Last Updated

അബൂദബി|അബൂദബി 25 വർഷത്തെ കാലാവസ്ഥാ കർമ പദ്ധതിക്ക് രൂപം നൽകി. പരിസ്ഥിതി ഏജൻസി അബൂദബി (ഇ എ ഡി) പ്രഖ്യാപിച്ച ഈ സമഗ്ര തന്ത്രം കാലാവസ്ഥാ വ്യതിയാനത്തിന്റെ വർധിച്ചുവരുന്ന ഭീഷണിയെ നേരിടാനും ഭാവി തലമുറകൾക്കായി എമിറേറ്റിന്റെ വിലയേറിയ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഭൂഗർഭജലം, മണ്ണ്, ജൈവവൈവിധ്യം തുടങ്ങിയ ദുർബലമായ പാരിസ്ഥിതിക സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും. മനുഷ്യന്റെ ആരോഗ്യം, ജലസുരക്ഷ, കാർഷിക ഉത്പാദനക്ഷമത എന്നിവക്ക് ഈ സംവിധാനങ്ങൾ നിർണായകമാണ്. ഈ തന്ത്രത്തിലൂടെ ജലത്തിന്റെ ലഭ്യത ഉറപ്പാക്കാനും മ മണ്ണിന്റെ ഗുണമേന്മ വർധിപ്പിക്കാനും ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി.
2050 ഓടെ സ്വീകരിക്കേണ്ട 142 തന്ത്രങ്ങളുടെ രൂപരേഖ ഇതിൽ തയ്യാറാക്കും. ഇതിൽ 86 തന്ത്രങ്ങൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കും. ഭക്ഷ്യ സ്വയംപര്യാപ്തത മെച്ചപ്പെടുത്തുന്നതിന് കാർഷിക മേഖലയിൽ സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുകയും വിളവ് വർധിപ്പിക്കുകയും ചെയ്യും. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനും മലിനീകരണം തടയുന്നതിനും ഊന്നലും നൽകും.
2030 ഓടെ ദശലക്ഷക്കണക്കിന് പവിഴപ്പുറ്റുകളുടെ കോളനികൾ സ്ഥാപിക്കാനുള്ള പദ്ധതിയും അബൂദബി പ്രഖ്യാപിച്ചിട്ടുണ്ട്. 900 ഹെക്ടറിലധികം വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പുനരുദ്ധാരണ പദ്ധതിയായി മാറും. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ശബ്ദമലിനീകരണം കുറക്കുന്നതിനും വ്യവസായ സ്ഥാപനങ്ങളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കുന്നതിനും നടപടികൾ സ്വീകരിക്കും.
2022 ജൂൺ ഒന്ന് മുതൽ അബൂദബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 2024 അവസാനത്തോടെ 360 ദശലക്ഷം പ്ലാസ്റ്റിക് ബാഗുകൾ ഇതിലൂടെ നീക്കം ചെയ്യാൻ സാധിച്ചു.