Kerala
വയനാട്ടില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു
900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ ഉണ്ടായ അപകടത്തില്‍ നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്

കല്‍പ്പറ്റ | വയനാട് മേപ്പാടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി തൊള്ളായിരം കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ച ടെന്റ് ആണ് തകര്‍ന്ന് വീണത്.
രാത്രി 12 മണിയോടെ മഴയിലാണ് ടെന്റ് തകര്‍ന്നതെന്നാണ് വിവരം. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം ഉണ്ടായ 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാം അനുമതിയോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്നു വ്യക്തമല്ല. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണിത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം വന്ന് തകര്‍ന്നതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.