Kerala
സഊദിയില്‍ നിന്ന് ജയില്‍വാസം കഴിഞ്ഞ് മടങ്ങിയ യുവാവ് തിരുവനന്തപുരത്ത് അറസ്റ്റില്‍; പിടിയിലായത് വയോധികനെ വെട്ടിയ കേസില്‍
തിരുവനന്തപുരം പരശുവയ്ക്കല്‍ പണ്ടാരക്കോണം തൈപ്ലാങ്കാലയില്‍ റിനുവിനെയാണ് പാറശാല പോലീസ് പിടികൂടിയത്.

തിരുവനന്തപുരം|സഊദി അറേബ്യയില്‍ നിന്ന് ജയില്‍ വാസം കഴിഞ്ഞ് നാട്ടിലേക്ക് എത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പോലീസ്. തിരുവനന്തപുരം പരശുവയ്ക്കല്‍ പണ്ടാരക്കോണം തൈപ്ലാങ്കാലയില്‍ റിനു(31) വിനെയാണ് പാറശാല പോലീസ് പിടികൂടിയത്. വയോധികനെ വെട്ടി പരുക്കേല്‍പ്പിച്ച കേസിലാണ് റിനു പിടിയിലായത്. സഊദി അറേബ്യയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ റിനുവിനെ കേരള പോലീസ് മുംബൈയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു.
മൂന്ന് വര്‍ഷം മുന്‍പ് പരശുവയ്ക്കല്‍ നിവാസി ശിവശങ്കരന്‍ നായരുടെ വീടിന് മുന്നില്‍ നടന്നുവന്ന ലഹരി മാഫിയാ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനെതിരെയായിരുന്നു റിനു അടക്കം നാലംഗ സംഘത്തിന്റെ ആക്രമണം. വാഹനങ്ങളില്‍ എത്തിയ സംഘം ശിവശങ്കരന്‍ നായരെ ക്രൂരമായി വെട്ടിപ്പരുക്കേല്‍പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് റിനു. അക്രമം നടത്തിയ ശേഷം റിനു സഊദിയില്‍ പോയി ജോലി നേടി. അവിടെയും റിനുലഹരി പ്രവര്‍ത്തനങ്ങളില്‍ സജീവമായി. നിയമവിരുദ്ധമായി ചാരായം വാറ്റി വിപണനം നടത്തിയതിന് സഊദി പോലീസ് പിടികൂടി ജയിലിലിട്ടു. മൂന്ന് വര്‍ഷത്തോളം ജയിലില്‍ കഴിയുന്നതിനിടെ പൊതുമാപ്പിലൂടെ പുറത്തിറങ്ങി. തുടര്‍ന്ന് സഊദി ഇയാളെ തിരികെ ഇന്ത്യയിലേക്ക് നാടുകടത്തി. റിനു മുംബൈയില്‍ വന്നിറങ്ങിയപ്പോഴാണ് കേരള പോലീസിന്റെ കെണിയില്‍പെട്ടത്.