Kerala
മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതല്‍ പരാതി
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും
പാലക്കാട്| മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. ഏഴ് വിദ്യാര്‍ഥികള്‍കൂടി അധ്യാപകനെതിരെ മൊഴി നല്‍കി. അഞ്ച് കുട്ടികളുടേത് ഗുരുതര മൊഴികളായതിനാല്‍ പോലീസിന് കൈമാറിയെന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സി.ഡബ്ല്യു.സി ചെയര്‍മാന്‍ എം. സേതുമാധവന്‍ പ്രതികരിച്ചു. സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകന്റെ ഫോണില്‍ അശ്ലീലദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടേതടക്കം നഗ്നദൃശ്യങ്ങളും ഇതില്‍ ഉണ്ട്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സര്‍വിസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ നവംബര്‍ 29-നാണ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ തന്റെ വാടക വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചത്. ഡിസംബര്‍ 18ന് തന്നെ സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞിട്ടും ജനുവരി 3ന് മാത്രമാണ് പരാതി നല്‍കിയത്. സംഭവം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതിന് സ്‌കൂള്‍ മാനേജര്‍ക്കെതിരെയും കര്‍ശന നടപടിക്ക് ശുപാര്‍ശയുണ്ട്. മാനേജരെ അയോഗ്യനാക്കണമെന്ന് എ.ഇ.ഒ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു.

