Kerala
ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും, ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ല: സിദ്ദരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി
ഓരോ പൗരന്റെയും ഭാഷാപരമായ സ്വത്വം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം | സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ‘മലയാള ഭാഷാ ബില്‍ 2025’ നെതിരായ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ഭരണഘടനാ മൂല്യങ്ങളില്‍ ഉറച്ച് നിന്നാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാഷാ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് കന്നഡ, തമിഴ് സംസാരിക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വ്യക്തവുമായ നിബന്ധനകള്‍ ബില്ലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
കേരത്തിന്റെ ഭാഷാ ബില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഭാഷാപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും നിയമനിര്‍മ്മാണം എത്രയും വേഗം പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം നിയമപരമായി നേരിടുമെന്നുമായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്
നിയമ നിര്‍മാണത്തിലൂടെ സര്‍ക്കാര്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കപ്പെടുന്നില്ല. ഭാഷാ സ്വാതന്ത്ര്യം പൂര്‍ണ്ണമായും സംരക്ഷിക്കുകയും ചെയ്യുന്നു. വിജ്ഞാപനത്തില്‍ പറയുന്ന പ്രദേശങ്ങളില്‍, സെക്രട്ടേറിയറ്റ്, വകുപ്പ് മേധാവികള്‍, പ്രാദേശിക ഓഫീസുകള്‍ എന്നിവയുമായുള്ള ഔദ്യോഗിക കത്തിടപാടുകള്‍ക്കായി തമിഴ്, കന്നഡ സംസാരിക്കുന്നവര്‍ക്ക് അവരുടെ മാതൃഭാഷ തുടര്‍ന്നും ഉപയോഗിക്കാം, അതേ ഭാഷകളില്‍ മറുപടികള്‍ നല്‍കും.
മലയാളം മാതൃഭാഷയല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതി അനുസരിച്ച് സ്‌കൂളുകളില്‍ ലഭ്യമായ ഭാഷകള്‍ തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ ഉള്ള വിദ്യാര്‍ത്ഥികള്‍, ഒന്‍പത്, പത്ത്, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ മലയാളം പരീക്ഷ എഴുതാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നില്ല. 1963 ലെ ഔദ്യോഗിക ഭാഷാ നിയമവുമായും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 346 ഉം 347 ഉം അനുസരിച്ചാണ് കേരളത്തിന്റെ ഭാഷാ നയം. രാജ്യത്തിന്റെ വൈവിധ്യമാണ് നിമത്തിന്റെ അടിസ്ഥാനം, ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. ഓരോ പൗരന്റെയും ഭാഷാപരമായ സ്വത്വം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

