Connect with us

literature

വ്യഥിതകൽപ്പനകളുടെ ഉപാസകൻ...

മുപ്പത് വർഷത്തെ തീർത്തും ഹ്രസ്വമായ ജീവിതത്തിനിടയിൽ മനോഹരങ്ങളായ നൂറുകണക്കിന് ചെറുതും വലുതുമായ കാവ്യങ്ങൾ കൊണ്ട് റഷ്യയുടെ കാവ്യപാരമ്പര്യത്തിന് പുതിയൊരു ഭാവുകത്വം നൽകിയ കവിയാണ് സെർഗെയ് അലക്‌സാന്ദ്രവിച്ച് യെസേനിൻ. ഗ്രാമീണബിംബങ്ങളാൽ സമ്പന്നമാണ് അദ്ദേഹത്തിന്റെ കവിതകളെല്ലാം തന്നെ. ഗ്രാമജീവിതത്തിന്റെ ലാളിത്യത്തിലേക്ക് മടങ്ങാനുള്ള ആഹ്വാനം നൽകുന്നവയാണ് അവ. റഷ്യയിലെ അവസാനത്തെ ഗ്രാമീണ കവി എന്നാണ് യെസേനിൻ സ്വയം വിശേഷിപ്പിച്ചത്.

Published

|

Last Updated

ഇരുപതാം നൂറ്റാണ്ടിലെ റഷ്യൻ കവിതയിൽ ഗ്രാമജീവിതത്തിന്റെ വർണചിത്രങ്ങൾ വരച്ചുചേർത്ത കവിയാണ് സെർഗെയ് അലക്‌സാന്ദ്രവിച്ച് യെസേനിൻ (1895 – 1925). വളരെ ഹ്രസ്വമായ ജീവിതത്തിനിടയിൽ റഷ്യയിലെ ഏറ്റവും ജനപ്രീതി നേടിയ കവികളിലൊരാളായി അദ്ദേഹം ഉയർന്നു. ആർദ്രതയുടെയും ആത്മപീഡയുടെയും ഉപാസകനായിരുന്നു യെസേനിൻ. ജീവിതം അദ്ദേഹത്തിന് നൽകിയത് കടുത്ത നിരാശാബോധവും ആകുലതകളും മാത്രമായിരുന്നു. അതുകൊണ്ടാണ് പ്രശസ്തിയുടെ കൊടുമുടിയിൽ കഴിയുമ്പോഴും അദ്ദേഹം മരണത്തിൽ അഭയം തേടിയത്.

പടിഞ്ഞാറൻ റഷ്യയിലെ ര്യാസൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന കൺസ്റ്റാന്റിനോവ എന്ന ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ 1895 ഒക്ടോബർ മൂന്നിനാണ് യെസേനിൻ ജനിച്ചത്. ഒന്പതാം വയസ്സിൽ അദ്ദേഹം കവിതയെഴുതിത്തുടങ്ങി. കുട്ടിക്കാലത്തെ ഗ്രാമജീവിതം അദ്ദേഹത്തിന്റെ സർഗജീവിതത്തെയും ആഴത്തിൽ സ്വാധീനിച്ചിരുന്നു. ആദ്യ സാഹിത്യരചനകൾ കുട്ടികളുടെ മാസികകളിൽ പ്രത്യക്ഷപ്പെട്ടു. 1912ൽ തന്റെ ഗ്രാമം വിട്ട യെസേനിൻ മോസ്കോയിലെത്തി അവിടുത്തെ ഒരു അച്ചടിശാലയിൽ പ്രൂഫ് റീഡറായി ജോലി നോക്കി. നഗരത്തിലെ സാഹിത്യ സംഗീത ക്ലബ്ബുകളിൽ ചേർന്നെങ്കിലും അവിടുത്തെ സാഹിത്യാന്തരീക്ഷം അദ്ദേഹത്തിന് സംതൃപ്തി നൽകിയില്ല. തുടർന്ന് 1915 ൽ സെന്റ് പീറ്റർഴ്സ് ബർഗിലേത്തിയ യെസേനിൻ അവിടെവെച്ച് അലക്‌സാന്ദർ ബ്ലോക്ക്, അന്ദ്രേയ് ബേലി, ക്ളയൂയെവ് ഗിപ്പിയസ് മെരിഷ് കോവ്സ്കി തുടങ്ങിയവരുമായി ബന്ധം സ്ഥാപിച്ചു. അക്കാലത്തെ ഏറ്റവും പ്രശസ്തനായ കവിയായിരുന്ന അലക്‌സാന്ദർ ബ്ലോക്ക് യെസേനിന്റെ ആരാധ്യപുരുഷനായിരുന്നു. യുവകവിയുടെ സർഗജീവിതം പുഷ്ക്കലമാകുന്നതിൽ ബ്ലോക്ക് വലിയ സഹായങ്ങൾ ചെയ്തിരുന്നു. അതിനെത്തുടർന്ന് സെന്റ് പീറ്റേഴ്‌സ് ബെർഗിലെ പ്രധാന ആനുകാലികങ്ങളിലെല്ലാം യെസേനിന്റെ കവിതകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതോടൊപ്പം സാഹിത്യ സദസ്സുകളിലും സമ്മേളനങ്ങളിലും അദ്ദേഹം ക്ഷണിക്കപ്പെടുകയും ചെയ്തു. എഴുത്തിനോടൊപ്പം പീറ്റേഴ്‌സ്ബർഗിലെ ചില വിപ്ലവപ്രസ്ഥാനങ്ങളുമായി അദ്ദേഹം ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെ കുറച്ചുകാലം അദ്ദേഹം നിർബന്ധിത സൈനിക സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു.

1916 ൽ യെസേനിന്റെ ആദ്യകവിതാസമാഹാരം “പരേതർക്കുള്ള ചടങ്ങുകൾ’ (Radunitsa) പ്രസിദ്ധീകരിച്ചു. മനുഷ്യജീവിതത്തിന്റെ ലാളിത്യവും നിഷ്കളങ്കതയും ഉദ്‌ഘോഷിക്കുന്ന കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. റഷ്യൻ നാടോടി പാരമ്പര്യത്തിന്റെ സമൃദ്ധമായ ബിംബങ്ങളും ഇവയിൽ കാണാം. Mares’ Ships, Advent, Transformation എന്നിവ ആദ്യകാല കവിതകളിൽ പ്രശസ്തമാണ്. റഷ്യൻ വിപ്ലവത്തെ ആദ്യം അദ്ദേഹം പിന്തുണച്ചിരുന്നു. വിപ്ലവം കർഷകരുൾപ്പെടുന്ന ഗ്രാമീണ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. 1918 ൽ പ്രസിദ്ധീകരിച്ച Otherland എന്ന സമാഹാരത്തിലെ കവിതകളിൽ ഈ വിശ്വാസം അതിന്റെ എല്ലാ തീക്ഷ്ണതയിലും ജ്വലിച്ചു നിൽക്കുന്നത് കാണാം. എന്നാൽ, റഷ്യയിലെ വ്യവസായവത്കരണത്തിനു മാത്രമാണ് വിപ്ലവം സഹായിച്ചതെന്ന ചിന്ത അദ്ദേഹത്തെ നിരാശനാക്കുകയായിരുന്നു. ഈ കടുത്ത ഇച്ഛാഭംഗം വിപ്ലവത്തെ വിമർശിക്കുവാനും അത് സംബന്ധിച്ച കവിതകൾ എഴുതുവാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. The Stern October Has Deceived Me തുടങ്ങി അക്കാലത്തെഴുതിയ നിരവധി കവിതകളിൽ കവിയുടെ ഈ നിരാശാബോധമാണ് തുടിച്ചുനിൽക്കുന്നത്. 1920 ൽ അദ്ദേഹത്തിന്റെ കാവ്യനാടകം Pugachyov വെളിച്ചം കണ്ടു. പുഗച്ചോവ് എന്ന കലാപകാരിയുടെ ജീവിതത്തിലെ നന്മനിറഞ്ഞ വശങ്ങളെയാണ് ഈ രചനയിൽ അദ്ദേഹം അനുവാചകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. 1919 ൽ ഇമേജിനിസ്റ്റ് കവികളുടെ സംഘത്തിൽ അംഗമായ യെസേനിൻ വളരെ വേഗം ആ പ്രസ്ഥാനത്തിന്റെ ഏറ്റവും ശ്രദ്ധേയനായ വക്താവായി. അക്കാലത്ത് മോസ്കോ തെരുവുകളിലെ കാപ്പിക്കടകളിൽ കവിയരങ്ങുകൾ സാധാരണമായിരുന്നു. ഈ വേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്നു യെസേനിൻ. റഷ്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ നിരവധി തവണ അദ്ദേഹം സഞ്ചരിച്ചു. Tavern Moscow (1924), Confessions of a Hooligan (1924), Desolate and Pale Moonlight (1925), എന്നിവയാണ് യെസേനിന്റെ പ്രശസ്തമായ മറ്റു കവിതകൾ. കവിതകൾക്കു പുറമെ ഒട്ടേറെ ഗദ്യരചനകളും അദ്ദേഹം എഴുതിയിട്ടുണ്ട്. ആത്മീയത, തത്വചിന്ത, മതം, വിപ്ലവം, മാതൃഭൂമി തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും സ്വന്തം രാജ്യത്തും മറ്റു രാജ്യങ്ങളിലും നടക്കുന്ന സാംസ്‌കാരിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉൾക്കൊള്ളുന്ന ശ്രദ്ധേയമായ അനേകം ലേഖനങ്ങളും കത്തുകളും അദ്ദേഹത്തെ റഷ്യയിലെ അക്ഷരലോകത്ത് ശ്രദ്ധേയനാക്കി. എങ്കിലും യെസേനിന്റെ മിക്ക കവിതകളും സ്റ്റാലിന്റെ കാലത്ത് നിരോധിക്കപ്പെട്ടിരുന്നു. 1966 ൽ അദ്ദേഹത്തിന്റെ സമ്പൂർണ കൃതികൾ പുനഃപ്രസിദ്ധീകരിച്ചു.

പ്രശസ്തിയുടെ കൊടുമുടിയിൽ കഴിയുമ്പോഴും യെസേനിന്റെ വ്യക്തിജീവിതം അങ്ങേയറ്റം ദുരന്തമയമായിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമയായിരുന്ന കവി നാല് തവണ വിവാഹിതനായി. പിൽക്കാലത്ത് സോവിയറ്റ് നാടകവേദിയിൽ അഭിനേത്രിയായി പ്രശസ്തി നേടിയ സിനൈദാ റെയിഷ്, പ്രശസ്ത അമേരിക്കൻ നർത്തകി ഇസഡോറ ഡങ്കൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ ഭാര്യാപദം അലങ്കരിച്ചെങ്കിലും ആ ബന്ധമെല്ലാം അൽപ്പായുസ്സായിരുന്നു. ഏറ്റവുമൊടുവിൽ അദ്ദേഹം വിവാഹം കഴിച്ചത് ടോൾസ്റ്റോയിയുടെ പേരക്കുട്ടി സോഫിയയെ ആയിരുന്നു. അദ്ദേഹത്തിന്റെ കവിതകളിൽ ഏറെ പ്രശസ്തമായ ഒന്നാണ് കറുത്ത മനുഷ്യൻ (ച്യോർണി ചിലവ്യെക്). അക്കാലത്ത് തന്നെ ചൂഴ്ന്നുനിന്നിരുന്ന നിരാശാബോധവും ആത്മനിന്ദയും തീവ്രമായി പ്രസരിപ്പിക്കുന്ന ഈ കവിതയിൽ തന്റെ പരാജയങ്ങളിൽ അദ്ദേഹം ചെയ്യുന്ന സ്വയം ദണ്ഡന അതിന്റെ പാരമ്യത്തിൽ നിൽക്കുന്നതായി കാണാം. മികച്ച കവിതകൾ എഴുതിയെങ്കിലും വായനക്കാരുടെ ആഗ്രഹത്തിനൊത്ത് ഉയരാൻ തനിക്ക് കഴിഞ്ഞില്ലെന്ന നിരാശാബോധം അദ്ദേഹത്തെ വല്ലാതെ മഥിച്ചിരുന്നു.
അതോടൊപ്പം വ്യവസ്ഥിതിയോടുള്ള പ്രതിഷേധവും സ്വഭാവത്തിലെ വൈചിത്ര്യവും ദ്വന്ദവ്യക്തിത്വവും അദ്ദേഹത്തിന്റെ മനസ്സിൽ സൃഷ്ടിച്ചത് കടുത്ത മനഃക്ഷോഭമായിരുന്നു. തുടർന്ന് കവിയെ ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. 1925 ഡിസംബർ 27 ന് ആസ്പത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടതിനെത്തുടർന്ന് ലെനിൻഗ്രാഡിലെ ഒരു ഹോട്ടൽ മുറിയിൽ യെസേനിൻ തന്റെ ജീവിതം അവസാനിപ്പിക്കുകയാണുണ്ടായത്.

മുപ്പത് വർഷത്തെ തീർത്തും ഹ്രസ്വമായ ജീവിതത്തിനിടയിൽ മനോഹരങ്ങളായ നൂറുകണക്കിന് ചെറുതും വലുതുമായ കാവ്യങ്ങൾ കൊണ്ട് റഷ്യയുടെ കാവ്യപാരമ്പര്യത്തിന് പുതിയൊരു ഭാവുകത്വം നൽകിയ കവിയാണ് സെർഗെയ് അലക്‌സാന്ദ്രവിച്ച് യെസേനിൻ. ഗ്രാമീണബിംബങ്ങളാൽ സമ്പന്നമാണ് അദ്ദേഹത്തിന്റെ കവിതകളെല്ലാം തന്നെ. ഗ്രാമജീവിതത്തിന്റെ ലാളിത്യത്തിലേക്ക് മടങ്ങാനുള്ള ആഹ്വാനം നൽകുന്നവയാണ് അവ. റഷ്യയിലെ അവസാനത്തെ ഗ്രാമീണ കവി എന്നാണ് യെസേനിൻ സ്വയം വിശേഷിപ്പിച്ചത്. ഗ്രാമീണവിഷയങ്ങൾ ആവിഷ്കരിച്ച റഷ്യൻ കാവ്യ പാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു അദ്ദേഹം. യെസേനിൻ കവിതകളുടെ പ്രധാന സവിശേഷത അവ റഷ്യൻ സാഹിത്യത്തെ സമ്പന്നമാക്കി എന്നതു മാത്രമല്ല, സാധാരണ ജനങ്ങളുടെ ഹൃദയത്തെ അവ ആഴത്തിൽ സ്പർശിച്ചു എന്നതുകൂടിയാണ്. അതുകൊണ്ടുതന്നെ കാലമേറെക്കഴിഞ്ഞാലും അദ്ദേഹത്തിന്റെ കവിതകൾക്ക് റഷ്യയുടെ ഭൂമികയിൽ സവിശേഷ സ്ഥാനമുണ്ടായിരിക്കുമെന്നത് തീർച്ചയാണ്.

---- facebook comment plugin here -----

Latest