ആത്മായനം
നല്ല മനുഷ്യനെപ്പോലൊരു വൃക്ഷം!
ഹദീസുകളുടെ ആശയലോകം വിശാലമാണ്. ഏറെ ഉത്പാദനക്ഷമമാണ്. എവിടെയും ഒതുക്കിനിർത്താനാകില്ല. ഈമാൻ ഹൃദയത്തിൽ വേരുറച്ചാൽ അതിനെ കർമം കൊണ്ട് നട്ടുവളർത്തിയാൽ സമൂഹത്തിന് മുഴുവൻ ഫലം നൽകാൻ വിശ്വാസിക്ക് സാധിക്കും.

ഇല പൊഴിയാത്തൊരു മരമുണ്ട്, സത്യവിശ്വാസി അതിനെപ്പോലെയാണ്. അറിയുന്നവർ പറയൂ. തിരുനബി(സ)യുടെ ചോദ്യം കേട്ട് പലരും പല ഉത്തരങ്ങൾ വിളിച്ചു പറഞ്ഞു. താഴ്്വരയിലെ വൃക്ഷങ്ങളുടെ പേരെല്ലാം പറഞ്ഞു തീർന്നു. ആരും ശരിയുത്തരം പറഞ്ഞില്ല. എനിക്ക് ഉത്തരമറിയാമായിരുന്നു. വലിയവർക്കിടയിൽ വിളിച്ചു പറയാൻ എനിക്കെന്തോ നാണം. ഒടുവിൽ നബി തങ്ങൾ തന്നെ പറഞ്ഞു: “അതാണ് ഈന്ത മരം’. അബ്ദുല്ലാഹിബ്നു ഉമറി(റ)ന്റെ ഈ ദൃക്സാക്ഷ്യം ഏറെക്കുറെ ഹദീസ് ഗ്രന്ഥങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ചുട്ടുപഴുത്ത മരുപ്പറമ്പിൽ ഉഷ്ണക്കാറ്റിനെയും വെയിലിനെയും കൂടെയിരുത്തി മണലിന്റെ വികർഷണ സ്വഭാവത്തെ അവഗണിച്ച് നെഞ്ചുവിരിച്ച് നിൽക്കുന്ന ഫലവൃക്ഷത്തെ വിശ്വാസിയോട് ഉപമിച്ചതിൽ വിശാലമായ ആശയലോകങ്ങൾ ഒളിപ്പിച്ചു നിർത്തിയിട്ടുണ്ട്. അതാണിനി നമുക്ക് വായിക്കാനുള്ളത്. വിശ്വാസ ലോകത്തിന്റെ താക്കോൽ വാചകമായ ശഹാദത്തിനെ ആഴങ്ങളിലേക്ക് വേരുറച്ച, ആകാശത്തേക്ക് പട്ട വിടർത്തിയ നിത്യ ഫലദായകയായ ഈന്തപ്പനയോട് ഖുർആനും ഉപമിച്ചിട്ടുണ്ട് (സൂറത്തുൽ ഇബ്റാഹിം).
വൃക്ഷങ്ങളുടെ കൂട്ടത്തിൽ വിശിഷ്ടമായ ഇടമാണ് ഈന്തപ്പനക്കെന്ന പോലെ സമൂഹത്തിൽ സവിശേഷ സ്ഥാനമാണ് സത്യവിശ്വാസിക്ക്. ആദരണീയവും ഉന്നതവും വൈവിധ്യവുമായ വിശേഷണങ്ങളാണ് അവനുള്ളത്. ഉത്പാദനക്ഷമമല്ലാത്ത ഒരു നിമിഷം പോലും അവന്റെ ജീവിതത്തിലുണ്ടാകില്ല. ഇടപെടലുകൾ മുഴുവനും നന്മ കാംക്ഷിച്ചുകൊണ്ടായിരിക്കും. സർവം ഉപകാരപ്രദമായിരിക്കുകയും ചെയ്യും.
ഇനി നമുക്ക് ഈ ഉപമയുടെ മഹിമ നോക്കാം
1. ഈന്തപ്പനയുടെ വേരും കാണ്ഡവും ശിഖരവും ഓലയും ഫലവും പോലെ വിശ്വാസത്തിനുമുണ്ട് ഇവയിലോരോന്നും. നമുക്കറിയാവുന്ന ആറ് വിശ്വാസ കാര്യങ്ങളാണ് ഈമാനിന്റെ കെട്ടുറപ്പുള്ള താഴ്്വേരുകൾ, മതനിഷ്ഠയെന്ന കാണ്ഡത്തിൽ നിന്നും ഗുണമേന്മയുള്ള പ്രവർത്തനങ്ങളായും (അമലു സ്വാലിഹ:) എണ്ണമറ്റ അനുഷ്ഠാനങ്ങളായും ദൈവിക വിധേയത്വമായും അത് ചില്ലകൾ പടർത്തുന്നുണ്ട്.
2. ഈന്തപ്പനക്ക് വെള്ളമൊഴിച്ച് വളമിട്ട് നല്ല പരിപാലനം ലഭിക്കേണ്ടതുണ്ട്. നനവു കുറഞ്ഞാൽ അതുണങ്ങി തുടങ്ങും. തീരെ കിട്ടിയില്ലെങ്കിൽ അന്ത്യശ്വാസം വലിക്കും. പ്രാവർത്തികമാകുന്ന അറിവും സത്പ്രവർത്തനങ്ങളുമാണ് വിശ്വാസത്തിന്റെ കുടിനീർ. വിശ്വാസിയെ ജീവിപ്പിക്കുന്നത് ആ കുടിനീരാണ്. അതിന്റെ തോത് കുറഞ്ഞാൽ അവനെ മുച്ചൂടും ബാധിക്കും, ദൗർബല്യം പടർന്നു പിടിക്കും. അറിവ് മതത്തിന്റെ ശ്വാസമാണല്ലോ, അത് നിലച്ചാൽ പിന്നെ മതമില്ല. അറിഞ്ഞ കാര്യം പ്രാവർത്തികമാക്കൽ അനിവാര്യവുമാണ്. ഇവ രണ്ടും നേടിയ വിശ്വാസിയെ കുറിച്ച് ഖുർആൻ പറയുന്ന ഒരു വാചകം നോക്കൂ ” ശവമായിപ്പോയതിനു ശേഷം നാം ജീവിപ്പിക്കുകയും, ജനങ്ങൾക്കിടയിൽ നിവർന്നു നടക്കത്തക്ക വെളിച്ചം നാം നൽകുകയും ചെയ്തവൻ; കരകയറാതെ പലതരം ഇരുട്ടുകളിൽ കിടന്നു നട്ടം തിരിഞ്ഞവനെപ്പോലെയാണോ? (ഖുർആൻ 6/122). അറിവിലും പ്രവൃത്തിയിലും സദാ പരിശീലനവും പരിചരണവും വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടായേ പറ്റൂ.
സുപ്രധാന അനുഷ്ഠാനങ്ങളെ കുറിച്ചുള്ള അറിവ് ഓരോരുത്തർക്കും നിർബന്ധമാണ്. വ്യക്തിഗത അനുഷ്ഠാനങ്ങൾ വൈയക്തിക ബാധ്യതയായും സാമൂഹിക അനുഷ്ഠാനങ്ങൾ സാമൂഹിക ബാധ്യതയായും പരിഗണിക്കണം.
നബി(സ) പറഞ്ഞു: നിങ്ങളുടെ ഉള്ളകത്തുള്ള ഈമാൻ വസ്ത്രങ്ങൾ മുഷിയുമ്പോലെ കരുമ്പനടിച്ചു തുടങ്ങും. അതുകൊണ്ട് അത് പുതുക്കാൻ റബ്ബിനോട് ചോദിച്ചു കൊണ്ടിരിക്കണം (അംറ് ബ്നു ആസ് (റ) ആണ് ഇത് രേഖപ്പെടുത്തിയത് ). ഈമാനുണ്ടെന്ന് കരുതി നമ്മൾ നമ്മുടെ വഴിക്ക് പോയത് കൊണ്ട് വിശ്വാസി എന്ന വിലാസത്തോട് കടപ്പാട് തീരില്ല, നമ്മളറിയാതെ അത് ദ്രവിച്ച് തീരും. ഈന്തപ്പനക്ക് കിട്ടേണ്ട പരിഗണന കിട്ടിയില്ലെങ്കിൽ അതുണങ്ങിപ്പോകും പോലെ വിശ്വാസിയും ഉണങ്ങിപ്പോകും.
3. യഥാർഥ വിശ്വാസം വേരുറപ്പുള്ളതാണ്. ആർക്കും അടർത്തിമാറ്റാൻ കഴിയാത്തവണ്ണം അത് ഹൃദയത്തിന്റെ ആഴത്തിൽ പൂണ്ടിരിക്കും. കൊടുമുടികൾ ഭൂമിയിൽ എത്രത്തോളമുറച്ചോ അതിനേക്കാൾ ഉറച്ചിരിക്കും വിശ്വാസം. എതിരിട്ടു വരുന്ന ഏതാശയത്തെയും പ്രതിരോധിക്കാൻ പ്രാപ്തമാണ് അതിന്റെ കെട്ടുറപ്പ്. കൊടുങ്കാറ്റുകളെ പ്രതിരോധിക്കുന്ന ഈന്തപ്പനയുടെ വേരുറപ്പ് പോലെ ശക്തമാണത്. ഒരിക്കൽ ഔസാഈ (റ)യോട് ചോദിക്കപ്പെട്ടു” വിശ്വാസം വർധിക്കുമോ?’
“അതെ. ഗിരിനിരകളോളം വലുതാകും’
“കുറയുമോ?’
“ഒന്നും ബാക്കിയില്ലാതെ ചുരുങ്ങിപ്പോവുകയും ചെയ്യും’
( യാ അല്ലാഹ്, ഞങ്ങളുടെ വിശ്വാസങ്ങളെ വേരുറപ്പുള്ളതാക്കണേ…. )
4. ഏതിടത്തും വളരും എന്ന പ്രകൃതമല്ല ഈന്തപ്പനക്ക്. അനുയോജ്യമായ നല്ല മണ്ണ് വേണമതിന്. ചിലയിടത്ത് വളരുകയേ ഇല്ല, ചിലയിടത്ത് വളർന്നാലും കായ്ക്കില്ല, ചിലയിടത്ത് കായ്ച്ചാലും ഗുണമേന്മയുണ്ടാവില്ല, വിശ്വാസവുമതേ. എല്ലാ ഹൃദയത്തിലും അതിന് നിലനിൽപ്പുണ്ടാവില്ല. അല്ലാഹു വിശ്വാസത്തിന് പാകമാം വിധം ഹൃദയവിശാലതയും സൻമാർഗദർശനവും നൽകിയ ഹൃദയങ്ങളിലേ അത് പ്രവർത്തിക്കുകയുള്ളൂ. വിശ്വാസിയായി ജീവിച്ച് ഒടുവിൽ അവിശ്വാസിയായി അന്ത്യശ്വാസം വലിച്ചവരും അവിശ്വാസിയായി ജീവിച്ച് വിശ്വാസത്തോടെ മരണം പുൽകിയവരും ചരിത്രത്തിലെമ്പാടുമുണ്ട്. അരിശം തീരാതെ പ്രവാചകരുടെ ജീവനെടുക്കാൻ വന്ന എത്രയധികം ഭീകരൻമാരാണ് വിശ്വാസികളുടെ സമര നായകരായത്.! ആ ചരിത്രങ്ങൾക്കു മുമ്പിൽ നമ്മൾ അതിശയിച്ചു നിന്നു പോകും!
5. ആകാരത്തിലും കാഴ്ചയിലും ഫലത്തിലും മണത്തിലും വശ്യമാണ് ഈന്തപ്പനയുടെ ചേല്. ഇതേപോലെ വിശ്വാസിയുടെ അവസ്ഥകൾ മുഴുവനും വശ്യമാണ്. അകവും പുറവും രഹസ്യവും പരസ്യവും എല്ലാം സൗഷ്ഠവമുള്ളതാണ്. അതുകൊണ്ടാണ് സ്വർഗപ്രവേശനത്തിന്റെ നേരത്ത് കാവൽ മാലാഖമാർ “നിങ്ങൾക്ക് വശ്യസുന്ദരമാം സലാം, നിത്യ സന്തോഷത്തിലേക്ക് സ്വാഗതം’ എന്ന് വിളിച്ചു പറയുന്നത്.
6. ഈന്തപ്പനയുടെ ഒരു ഭാഗവും വെറുതെയാകില്ല. എല്ലാം പ്രയോജനകരമാണ്. അതേ പ്രകാരം വിശ്വാസി തന്റെ സഹോദരനും സഹപ്രവർത്തകനും സതീർഥ്യർക്കും എന്തുകൊണ്ടും ഉപകാരം ചെയ്യുന്നവനത്രേ. നാവ് കൊണ്ടോ കൈകൊണ്ടോ അപരനെ മുറിവേൽപ്പിക്കാത്തവർക്കാണല്ലോ വിശ്വാസിയെന്ന വിലാസത്തിനർഹതയുള്ളത്. ആദരണീയ സ്വഭാവത്തിന്റെയും ഉന്നതമായ അച്ചടക്കത്തിന്റെയും മാന്യമായ ഇടപെടലുകളുടെയും ഗുണകാംക്ഷയുടെയും പ്രതീകമാണവൻ. അപരന് പ്രയാസകരമാകുന്ന ഒരു വിരലനക്കം പോലും അവനിൽ നിന്നുണ്ടാകരുതെന്നത് മതത്തിന്റെ ശാഠ്യമാണ്. ഉപകാരപ്രദമായത് പരമാവധി ചെയ്യണമെന്നാണ് ഉപദേശിക്കപ്പെട്ടത്. അത് നിർവഹിക്കണം.
7. ഈന്തപ്പനയുടെ ഹൃദയ കേന്ദ്രം മധുരിതമായ മുകൾ ഭാഗമാണ്; കൊതിപ്പിക്കുന്ന രുചിയിടമാണത്. വിശ്വാസിയുടെ ഹൃദയവും മധുരിതമാണ്. അത് പേറുന്നത് നന്മകൾ മാത്രമാണ്.
8. ഇനങ്ങളിലും രൂപത്തിലും ഫലദായക ശേഷിയിലും ഈന്ത മരങ്ങൾ വൈവിധ്യമാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ വിശ്വാസികളും പല തട്ടിലാണ്. ചിലർ മറ്റുള്ളവരേക്കാൾ സവിശേഷതയുള്ളവരാണ്. നമ്മുടെ അടിമകളിൽ നിന്ന് നാം തിരഞ്ഞെടുത്തിട്ടുള്ളവര്‍ക്കു വേദഗ്രന്ഥത്തെ നാം അവകാശപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, സ്വന്തം ആത്മാവിനോട് അക്രമം പ്രവര്‍ത്തിക്കുന്നവര്‍ അവരിലുണ്ട്; മിതം പാലിക്കുന്നവരും അവരിലുണ്ട്. അല്ലാഹുവിന്റെ അനുമതിയനുസരിച്ച് സൽപ്രവൃത്തികളുമായി മുന്നേറുന്നവരും അവരിലുണ്ട്. അതത്രെ ബൃഹത്തായ അനുഗ്രഹം (സൂറ: ഫാത്തിർ 32 )
9. ഈന്തപ്പഴത്തിന്റെ മധുരത്തോട് ഏച്ചുവെക്കാൻ മറ്റൊന്നില്ലാത്തതോടൊപ്പം ലോകത്തിലെ ഏറ്റവും പ്രയോജനപ്രദമാണ് ഈന്തപ്പന. വിശ്വാസത്തിനുള്ള രുചിയും ആസ്വാദനവും കവച്ചു വെക്കുന്ന ഒന്നും പാരിലില്ല എന്ന് തിരിച്ചറിയണം. തിരുനബി (സ) അരുളി (അനസ്(റ) രേഖപ്പെടുത്തുന്നു) ” വിശ്വാസത്തിന്റെ മാധുര്യമറിഞ്ഞത് മൂന്ന് തരക്കാരാണ്; മറ്റെന്തിനെക്കാളുപരി അല്ലാഹുവിനെയും അവന്റെ ദൂതരേയും ഇഷ്ടപ്പെട്ടവർ, അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രം ജനങ്ങളെ ഇഷ്ടപ്പെട്ടവൻ, തീ കുണ്ടിൽ അകപ്പെടുന്നതിലേ വെറുപ്പ് പോലെ അവിശ്വാസത്തിലെത്തുന്നതിനെ വെറുത്തവർ’… വിശ്വാസിക്ക് ഏത് ഘട്ടത്തെയും മധുരിതമായി നേരിടാനുള്ള ശേഷിയും പ്രാപ്തിയുമുണ്ട്. അല്ലാഹു കൂടെയുണ്ടെന്ന ഉള്ളുറപ്പ് അവന് സന്തോഷം നൽകിക്കൊണ്ടേയിരിക്കുന്നു.
10. ഈന്തമരം നിലനിൽക്കുന്ന ദീർഘകാലമത്രയും പൂത്ത് കായ്ച്ച് ഫലം നൽകിക്കൊണ്ടേയിരിക്കും. അതേപോലെ വിശ്വാസിയുടെ ആയുഷ്കാലം നീളുംതോറും നന്മകളേറുകയാണ് ചെയ്യുക. നല്ല മനുഷ്യനാരാണെന്ന ചോദ്യത്തിന് നബി (സ) പറഞ്ഞ മറുപടി ” ദീർഘകാലം ജീവിച്ച് പ്രവൃത്തികൾ വശ്യമാക്കിയവനാണ് ‘ എന്നാണ്. വിശ്വാസി മരണം കൊതിക്കരുതെന്ന് ആവർത്തിച്ചു പറഞ്ഞതിന്റെ കാരണവുമതാണ്. ആയുസ്സിന്റെ വർധനവിനെ ആരാധനക്കുള്ള അവസരമായി കാണുകയും ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്.
നോക്കൂ…. ഒരു ഉപമയെ ചെറുതായൊന്നാലോചിച്ചപ്പോൾ നമുക്ക് ചില ബോധ്യങ്ങളുണ്ടായി.
ഹദീസുകളുടെ ആശയലോകം വിശാലമാണ്. ഏറെ ഉത്പാദനക്ഷമമാണ്. എവിടെയും ഒതുക്കിനിർത്താനാകില്ല. ഈമാൻ ഹൃദയത്തിൽ വേരുറച്ചാൽ അതിനെ കർമം കൊണ്ട് നട്ടുവളർത്തിയാൽ സമൂഹത്തിന് മുഴുവൻ ഫലം നൽകാൻ വിശ്വാസിക്ക് സാധിക്കും. വെള്ളം തേടിയുള്ള വേരിന്റെ സഞ്ചാരം പോലെ അറിവും അതിനെ പ്രാവർത്തികമാക്കാനുള്ള ബോധവും അന്വേഷിച്ചു പോയാലേ ഈ വടവൃക്ഷം വേരുറച്ച് നിൽക്കുകയുള്ളൂ. അനുയോജ്യമായ മണ്ണും കാലാവസ്ഥയും ഉണ്ടായാൽ ഉദ്ദേശിച്ച ഫലം കിട്ടും. മുജാലസാത്തു സ്വാലിഹീൻ (ഗുണവാന്മാരുമായുള്ള ഇടപഴക്കം) വിശ്വാസി ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന ഇടങ്ങളെ മുഴുവനും അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ സാധിക്കണം. വിശ്വാസ നിരാകരണ പ്രസ്ഥാനങ്ങളും മതനിരാസ ആശയങ്ങളും തെരുവിൽ വിപണനം നടന്നുകൊണ്ടിരിക്കുന്ന കാലത്ത് മണൽക്കാറ്റിനെയും പൊള്ളുന്ന വെയിലിനെയും കൂസാതെ ഉറച്ച് നിൽക്കാനുള്ള നട്ടെല്ലാണ് ഈന്തപ്പനയിൽ നിന്നും ഊരി നമ്മളണിയേണ്ടത്. അല്ലാഹു തൗഫീഖ് ചെയ്യട്ടേ.