Connect with us

Articles

ഒരു തരം ജുഡീഷ്യല്‍ കര്‍സേവ!

അയോധ്യയിലെ വഖ്ഫ് ഭൂമി താലത്തില്‍ വെച്ച് ഹിന്ദുത്വ ശക്തികളുടെ കൈയില്‍ വെച്ചുകൊടുത്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രാജ്യസഭയിലേക്ക് കയറിച്ചെന്നപ്പോള്‍ മുഴങ്ങിക്കേട്ട 'ഷെയിം' വിളി അബ്ദുന്നസീര്‍ ആന്ധ്രാ രാജ്ഭവനില്‍ കാല് കുത്തുമ്പോള്‍ അതിന്റെ ചുമരുകളില്‍ പ്രതിധ്വനിക്കാതിരിക്കില്ല.

Published

|

Last Updated

രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ആകില്‍ എ ഖുറൈശി വികാരനിര്‍ഭരമായ ഒരു വിടവാങ്ങല്‍ പ്രസംഗത്തോടെയാണ് 2022 മാര്‍ച്ചില്‍ ജുഡീഷ്യറിയില്‍നിന്ന് പടിയിറങ്ങിയത്. അന്തസ്സോടെ ഈ കോടതി വിട്ടിറങ്ങുമ്പോള്‍ എന്റെ മനസ്സാക്ഷിയെ മുന്നില്‍നിര്‍ത്തി ഒരു കാര്യം എനിക്ക് പറയാന്‍ സാധിക്കും എന്ന ആമുഖത്തോടെ അദ്ദേഹം തുടങ്ങി: നിയമപരമായ വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ച് ഒരിക്കല്‍ പോലും എനിക്ക് തീരുമാനമെടുക്കേണ്ടി വന്നിട്ടില്ല. യുവ അഭിഭാഷകരോട് ഒരുകാര്യം അദ്ദേഹം ഉണര്‍ത്തി: ‘എപ്പോഴും നിങ്ങള്‍ നിങ്ങളുടെ തത്ത്വങ്ങള്‍ക്കനുസൃതമായി ജീവിക്കുക. കാരണം നേരായ പാതയിലൂടെ നിങ്ങള്‍ ലക്ഷ്യത്തിലെത്തുമ്പോള്‍ ആ വിജയം മധുരം നിറഞ്ഞതായിരിക്കും’.

അന്തസ്സോടെ പടിയിറങ്ങിയ ആകില്‍ ഖുറൈശിയുടെ കര്‍മോജ്വലമായ ന്യായാധിപ ജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ഇക്കഴിഞ്ഞ ജനുവരി നാലിന് വിരമിച്ച കര്‍ണാടക സ്വദേശി അബ്ദുന്നസീറിന്റെ കര്‍മകാണ്ഡം നിഷ്പക്ഷമായ പൊതുബോധത്തിന് കയ്പേറിയതാണ്. തനിക്ക് ചില സ്വപ്നങ്ങളുണ്ടെന്ന് തുറന്നു പറയാറുള്ള അബ്ദുന്നസീറിന്റെ സര്‍വീസ് ഡയറിക്ക് വിരാമം കുറിച്ചത് മോദി യുഗത്തില്‍ ഒഴുക്കിനൊത്ത് നീന്തിയതിന്റെ അനുഭവങ്ങളുമായാണ്. എല്ലാത്തിനുമൊടുവില്‍, ആന്ധ്രാപ്രദേശ് ഗവര്‍ണറായി പ്രതിഷ്ഠിക്കാന്‍ മോദിയും അമിത് ഷായും റിജിജുവും അദ്ദേഹത്തില്‍ കണ്ട ഏറ്റവും വലിയ യോഗ്യതയും ആ വിധേയത്വ മനസ്സാണെന്ന് കാണാന്‍ പ്രയാസമില്ല. സ്വതന്ത്ര ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ദിശ നിര്‍ണയിച്ച സുപ്രധാനമായ കേസുകളില്‍ ജസ്റ്റിസ് നസീര്‍ കൈക്കൊണ്ട നിലപാട് സത്യസന്ധമോ നിഷ്പക്ഷമോ അല്ലെന്ന് ഏത് നിയമവിദ്യാര്‍ഥിയും ധൈര്യപൂര്‍വം വിലയിരുത്തും. ബാബരി മസ്ജിദ് – രാമജന്മഭൂമി തര്‍ക്കത്തിന് അന്തിമ തീര്‍പ്പ് കല്‍പ്പിച്ച 2019 നവംബറിലെ അഞ്ചംഗ ബഞ്ചിലെ ഏക മുസ്ലിം ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് നിഷ്പക്ഷമതികള്‍ പ്രതീക്ഷിച്ചത് നീതിപൂര്‍വകവും സത്യസന്ധവുമായ ഒരു തീര്‍പ്പായിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് ഭൂരിപക്ഷത്തിന്റെ ‘മതവികാരം പരിഗണിച്ച്’ പള്ളി നിലകൊണ്ട സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ ഒരു ട്രസ്റ്റിന് വിട്ടുകൊടുത്തപ്പോള്‍ എത് നിയമത്തിന്റെ അടിസ്ഥാനത്തില്‍ എന്ന് ചോദിക്കാന്‍ ബാധ്യസ്ഥനായ ആ മുസ്ലിം നാമധാരിയാണ് രാജ്യത്തെ അത്ഭുതപ്പെടുത്തും വിധം നിസ്സംഗമായി പെരുമാറിയത്. ഭരണഘടനാപരമായി, നിയമപരമായി, ചരിത്രപരമായി, വസ്തുതാപരമായി ഒരുനിലക്കും ന്യായീകരിക്കാന്‍ സാധിക്കാത്തതായിരുന്നു ആ വിധി. വിധിന്യായം എഴുതിയത് ആരെന്ന് തുറന്നുപറയാന്‍ അഞ്ച് ന്യായാധിപന്മാരില്‍ ഒരാള്‍ പോലും ധൈര്യം കാട്ടാതിരുന്നത് അപരാധപങ്കിലമായിരുന്നു ആ തീര്‍പ്പ് എന്നത് കൊണ്ടായിരുന്നില്ലേ? ഭരണഘടന വിഭാവന ചെയ്യുന്ന മതേതര സങ്കല്‍പ്പത്തിന് ഇതുപോലെ ക്ഷതമേറ്റ മറ്റൊരു വിധി ഉണ്ടായിട്ടില്ല. ജസ്റ്റിസ് നസീര്‍ അന്നെടുത്ത ‘ധീരമായ നിലപാടി’നെ യാത്രയയപ്പ് യോഗത്തില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വാനോളം പുകഴ്ത്തിയതും നാം കേട്ടു.

അമേരിക്ക അടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ക്കും പ്രാന്തവത്കൃത സമൂഹത്തിനും ജുഡീഷ്യറിയിലും മറ്റു ഉന്നത ഉദ്യോഗസ്ഥ പദവികളിലും സംവരണത്തിലൂടെ പ്രാതിനിധ്യം ഉറപ്പാക്കുന്നത് അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനതയുടെ വികാരവിചാരങ്ങള്‍ കൂടി തീരുമാനങ്ങളില്‍ പ്രതിഫലിക്കണമെന്ന ഉറച്ച കാഴ്ചപ്പാടോടെയാണ്. അല്ലാതെ അധീശത്വ മനോഗതിയുള്ള ഭൂരിപക്ഷത്തോടൊപ്പം കുത്തൊഴുക്കില്‍ മുങ്ങിത്താകാനല്ല. കറുത്ത വര്‍ഗക്കാരന്റെ ഒരു പ്രതിനിധി ആദ്യമായി യു എസ് സുപ്രീം കോടതിയില്‍ ഇരപ്പിടമുറപ്പിച്ചപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ആവേശത്തോടെ പ്രതികരിച്ചു, ബഞ്ചില്‍ അധഃസ്ഥിതന്റെ പ്രതിനിധിയെ കാണുമ്പോള്‍ നീതിനിര്‍വഹണത്തില്‍ ഞങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാകുന്നു എന്ന്. നീതിന്യായ നിര്‍വഹണത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന് നീതി പുലര്‍ന്നുവെന്ന് ഇരകള്‍ക്ക് ബോധ്യമാകണമെന്നതാണ്. അതേസമയം, നീതി അട്ടിമറിക്കാന്‍ കോടാലിപ്പിടിയായി കൂട്ടുനില്‍ക്കുന്നത് മഹാ അപരാധമാണ്. ജസ്റ്റിസ് നസീറിനെ കുറിച്ച് ജനമനസ്സില്‍ പതിഞ്ഞ ചിത്രം ഒട്ടും ആശാവഹമല്ല. ബാബരി മസ്ജിദ് കേസില്‍ മാത്രമല്ല ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായി അദ്ദേഹം നിലകൊണ്ടത്. മുത്വലാഖിന്റെ വിഷയം വന്നപ്പോള്‍ മൗലികാവകാശങ്ങളുടെ കടക്ക് കത്തിവെക്കുന്ന വിവേചനപരമായ ഒരു നിയമത്തിന് അദ്ദേഹം പച്ചക്കൊടി കാട്ടി. മുത്വലാഖ് നിയമവിരുദ്ധമാണെന്ന് വിധിയെഴുതി. മുസ്ലിമിന്റെ രണ്ടാം വിവാഹം ക്രിമിനല്‍ കുറ്റമായി തീര്‍പ്പാക്കി. നാഗരിക സമൂഹങ്ങളിലെവിടെയും കേട്ടുകേള്‍വിയില്ലാത്ത വിവേചനം. നിയമത്തെ കുറിച്ചുള്ള അവഗാഹക്കുറവല്ല നസീറിന്റെ ചിന്തയെ വികലമാക്കുന്നത്. 45ാം വയസ്സില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം 15 വര്‍ഷമാണ് ആ പദവിയില്‍ തുടര്‍ന്നത്. ജീവിത പ്രാരാബ്ധങ്ങള്‍ നിറഞ്ഞ വലിയൊരു കുടുംബത്തില്‍ നിന്ന് കഠിന പ്രയത്നത്തിലൂടെ നടന്നുകയറിയ ഒരു ന്യായാധിപന്‍ ‘വിദ്യാര്‍ഥി കാലത്തെ’ ഡക് സിന്‍ഡ്രോമില്‍ നിന്ന് ഒരിക്കലും മോചിതനായിട്ടില്ലെന്ന് വേണം അനുമാനിക്കാന്‍. രോഗാഗ്രസ്ഥനായ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേസ് തന്റെ മുന്നില്‍ വന്നപ്പോള്‍, ജാമ്യത്തില്‍ ഇളവ് അനുവദിക്കാനുള്ള അപേക്ഷ ജസ്റ്റിസ് നസീര്‍ നിര്‍ദാക്ഷിണ്യം തള്ളിയത്രെ.

വിധേയത്വത്തിനുള്ള പ്രതിഫലം
ജസ്റ്റിസ് അബ്ദുന്നസീര്‍ കാഴ്ചവെച്ചത് ലജ്ജാവഹമായ വിധേയത്വമാണ്. പ്രതിഫലമോ മേല്‍ഗതിയോ കാംക്ഷിച്ചുകൊണ്ടുള്ള ഒരു തരം ജുഡീഷ്യല്‍ കര്‍സേവ! വിഖ്യാതനായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ധര്‍മരോഷം കൊണ്ട് പൊട്ടിത്തെറിച്ചേനെ. ഭീകരവാദത്തെ കുറിച്ച് ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ‘ജുഡീഷ്യല്‍ ടെററിസം’ സംബന്ധിച്ച് ആ നിയമവിഷാരദന്‍ ഓര്‍മപ്പെടുത്തിയത് നീതി അട്ടിമറിക്കുന്ന ജുഡീഷ്യല്‍ വ്യവസ്ഥയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ്. നോട്ട് നിരോധനം സൃഷ്ടിച്ച പങ്കപ്പാടുകള്‍ ഒരു ജനതയുടെ ജീവിതം ദുരിതപങ്കിലമാക്കുകയും സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിയുകയും ചെയ്തിട്ടും അതിനെ ന്യായീകരിക്കുന്ന കോടതി തീര്‍പ്പിന് പിന്നില്‍ നിയമമോ യുക്തിയോ നീതിബോധമോ അല്ല പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ക്കാണ് ബോധ്യപ്പെടാത്തത്? പ്രധാനമന്ത്രി മോദിക്ക് ക്ലീന്‍ ചിറ്റ് കൊടുത്ത ഭരണഘടനാ ബഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് നസീറിന് വിരമിച്ച ശേഷം ലഭിക്കുന്ന ഏത് സ്ഥാനലബ്ധിയും ഉപകാര സ്മരണയായേ വിലയിരുത്തപ്പെടൂ. അയോധ്യയിലെ വഖ്ഫ് ഭൂമി താലത്തില്‍ വെച്ച് ഹിന്ദുത്വ ശക്തികളുടെ കൈയില്‍ വെച്ചുകൊടുത്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രാജ്യസഭയിലേക്ക് കയറിച്ചെന്നപ്പോള്‍ മുഴങ്ങിക്കേട്ട ‘ഷെയിം’ വിളി അബ്ദുന്നസീര്‍ ആന്ധ്രാ രാജ്ഭവനില്‍ കാല് കുത്തുമ്പോള്‍ അതിന്റെ ചുമരുകളില്‍ പ്രതിധ്വനിക്കാതിരിക്കില്ല.

ജുഡീഷ്യറിക്ക് സമീപകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ധര്‍മച്യുതിയും മൂല്യശോഷണവും നമ്മുടെ ജനായത്തക്രമത്തെ തന്നെ അപകടത്തിലാക്കുന്നു. ജുഡീഷ്യറിയെ വരുതിയില്‍ കൊണ്ടുവന്ന് ഭരണഘടനാ തത്ത്വങ്ങള്‍ അട്ടിമറിക്കുക എന്ന കുതന്ത്രമാണ് ഹിന്ദുത്വവാദികള്‍ നടപ്പാക്കുന്നത്. ആര്‍ എസ് എസ് പ്രത്യയശാസ്ത്രം നെഞ്ചിലേറ്റുന്ന അഭിഭാഷകരെ ന്യായാധിപന്മാരായി ഉയര്‍ത്തിക്കൊണ്ടുവന്ന് പരമോന്നത നീതിപീഠത്തിന്റെ ആന്തരിക ഘടന തന്നെ പരിവര്‍ത്തിപ്പിക്കുക എന്ന ഗൂഢപദ്ധതി നടപ്പാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വാജ്പയി സര്‍ക്കാറിന്റെ കാലത്ത് ഭരണഘടന പുനഃപരിശോധിക്കാനും തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് മാറ്റിയെഴുതാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായപ്പോള്‍ അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ അടക്കമുള്ളവര്‍ ശക്തമായി പ്രതിരോധിച്ചു. 2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയത് തൊട്ട് ജുഡീഷ്യറിയെ സകലമാനം മാറ്റിയെടുക്കാനും ആര്‍ എസ് എസിന്റെ മനോഘടന സന്നിവേശിപ്പിക്കാനും തുടരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ കെട്ടഴിഞ്ഞുവീഴുന്ന സംഭവവികാസങ്ങളെല്ലാം. ജഡ്ജി നിയമനങ്ങളെ കുറിച്ചുയരുന്ന വിവാദം ആഴത്തില്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം, ജുഡീഷ്യറിയുടെ ഹിന്ദുത്വവത്കരണ വഴിയില്‍ മോദിയും അമിത് ഷായും കാട്ടുന്ന അമിതാവേശവും അതിധൃതിയുമാണ് അവക്ക് പിന്നിലെന്ന്.

പുതുതായി അവരോധിതരായ സുപ്രീം കോടതി ജഡ്ജിമാരെല്ലാം ഹിന്ദുത്വ വീക്ഷണത്തോട് മാനസികമായി ആഭിമുഖ്യമുള്ളവരാണെന്ന് സൂക്ഷ്മ പരിശോധനയില്‍ മനസ്സിലാക്കാം. കൊളീജിയവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളെല്ലാം കേവലം ഒരു പുകമറയാണ്. ജുഡീഷ്യറി നിഷ്പക്ഷമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആദ്യം ചില്ലറ എതിര്‍പ്പ് പ്രകടിപ്പിക്കുകയും പിന്നീട് സര്‍ക്കാറിന്റെ പദ്ധതി സുഗമമായി നടപ്പാക്കുകയും ചെയ്യുന്ന ചീഫ് ജസ്റ്റിസ് ഡി വി ചന്ദ്രചൂഡിന്റെ ശൈലി സുവിദിതമാണ്. ജസ്റ്റിസ് വിക്ടോറിയ ഗൗരിയുടെ കാര്യത്തില്‍ സംഭവിച്ചത് വരാനിരിക്കുന്ന ഇരുളുറഞ്ഞ നാളുകളിലേക്കുള്ള സൂചനയാണ്. ബി ജെ പി മഹിളാ വിഭാഗത്തിന്റെ ദേശീയ ജന. സെക്രട്ടറിയായ ഗൗരിയെ തമിഴ്നാട് ഹൈക്കോടതി ജഡ്ജായി നിയമിക്കാന്‍ നീക്കമാരംഭിച്ചപ്പോള്‍ അഭിഭാഷക സമൂഹവും മാധ്യമങ്ങളും അതിനെതിരെ രംഗത്തുവന്നത്, കടുത്ത വിദ്വേഷപ്രചാരകയാണ് ഇവര്‍ എന്ന സത്യം ചൂണ്ടിക്കാട്ടിയാണ്. മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ നിരന്തരം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ഈ ആര്‍ എസ് എസുകാരി ന്യായാധിപയായാല്‍ അവര്‍ നല്‍കുന്ന കോടതി തീര്‍പ്പിന്റെ നിഷ്പക്ഷത എന്തായിരിക്കുമെന്ന ചോദ്യമാണ് മുഖ്യമായും ഉന്നയിക്കപ്പെട്ടത്. മുന്‍കാല രാഷ്ട്രീയ ബന്ധം ജഡ്ജി നിയമനത്തിന് തടസ്സമല്ല എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ആരോപിക്കപ്പെട്ട വിദ്വേഷപ്രചാരണ വിഷയത്തിലേക്ക് തങ്ങള്‍ കടക്കുന്നില്ല എന്ന് പറഞ്ഞ് ഹരജി കോടതി തള്ളുകയും ചെയ്തു. എത്രയോ കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകളും വി ആര്‍ കൃഷ്ണയ്യരെ പോലുള്ള ഇടതുചിന്താഗതിക്കാരും മുമ്പും ന്യായാധിപ പദവിയില്‍ തിളങ്ങിയിട്ടുണ്ടെങ്കിലും പരസ്യമായി പ്രതിലോമ ചിന്ത കൊണ്ടുനടക്കുന്നവരെ ജുഡീഷ്യറിയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ എക്കാലത്തും സര്‍ക്കാറുകള്‍ ശുഷ്‌കാന്തി കാട്ടിയിരുന്നു. ജഡ്ജിമാരുടെ നിയമന വിഷയത്തില്‍ ആദ്യമായി ഇടപെടുകയും സീനിയോരിറ്റി മറികടന്ന് തന്റെ ഇഷ്ടക്കാരെ ചീഫ് ജസ്റ്റിസായി നിയമിച്ച് വിവാദം സൃഷ്ടിക്കുകയും ചെയ്ത ഇന്ദിരാ ഗാന്ധി പോലും തീവ്ര വലതുപക്ഷ ചിന്താഗതിയുള്ളവരെ മാറ്റിനിര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധയായിരുന്നു. മദ്രാസ്, ബോംബെ ഹൈക്കോടതികളില്‍ ജഡ്ജായിരുന്ന എന്‍ എന്‍ ചന്ദൂര്‍ക്കറുടെ പേര് 1982ല്‍ ഉയര്‍ന്നുവന്നപ്പോള്‍ അദ്ദേഹത്തെ സുപ്രീം കോടതി ജഡ്ജായി നിയമിക്കാതിരിക്കാന്‍ ഇന്ദിരാ ഗാന്ധി സൂക്ഷ്മത പാലിച്ചത് ഗാന്ധി ഘാതകരുമായി അദ്ദേഹത്തിന് ആഭിമുഖ്യമുള്ളത് കൊണ്ടായിരുന്നു. ആര്‍ എസ് എസ് നേതാവ് എം എസ് ഗോള്‍വാള്‍ക്കറുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും അദ്ദേഹത്തിന്റെ ആശയഗതികളെ പ്രകീര്‍ത്തിക്കുകയും ചെയ്തതായിരുന്നു കാരണം.
ഇത് ജുഡീഷ്യറിയുടെ കഷ്ടകാലമാണ്. നീതിന്യായ വ്യവസ്ഥയെ തങ്ങളുടെ മേധാവിത്വത്തിന് കീഴില്‍ കൊണ്ടുവന്ന്, ഭരണഘടനയെ അട്ടിമറിക്കാനാണ് ആര്‍ എസ് എസ്, ബി ജെ പി പദ്ധതി. തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് താളം തുള്ളുന്ന ന്യായാധിപ സമൂഹത്തെ സൃഷ്ടിക്കാന്‍ പ്രലോഭനങ്ങളുടെ അപ്പക്കഷ്ണങ്ങള്‍ നീട്ടിയെറിയുന്നതിന്റെ ഭാഗമായാണ് റിട്ടയര്‍മെന്റിന് ശേഷം ദാനം ചെയ്യുന്ന അധികാരപദവികള്‍. ജുഡീഷ്യറിയുടെ നിഷ്പക്ഷതക്ക് നേരേയുള്ള കൊടിയ ഭീഷണിയാണ് ഇത്തരം വമ്പന്‍ ഓഫറുകള്‍. ഈ ഭീഷണിക്കെതിരെ പാര്‍ലിമെന്റില്‍ ഉച്ചത്തില്‍ മുന്നറിയിപ്പ് നല്‍കിയത് ബി ജെ പി നേതാവും നിയമജ്ഞനുമായ അരുണ്‍ ജെയ്റ്റ്ലിയാണ്. റിട്ടയര്‍മെന്റിന് ശേഷമുള്ള ജോലി വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധീനിക്കുമെന്ന് പല വട്ടം അദ്ദേഹം ഓര്‍മപ്പെടുത്തുകയുണ്ടായി. ജെയ്റ്റ്ലിയില്‍ നിന്ന് റിജിജുവിലേക്കെത്തുമ്പോള്‍ കാവി രാഷ്ട്രീയം തന്നെ എത്ര മാറിപ്പോയി?